കൊല്ലം: കുണ്ടറയിൽ ബാറിലെ സംഘർഷത്തിൽ ബിയർ കുപ്പിക്ക് അടിയേറ്റ യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. സംഭവശേഷം ഒളിവിൽ പോയ പ്രതികൾ പിടിയിൽ. കുണ്ടറ നല്ലില ഇഎസ്‌ഐ ജംഗ്ഷന് സമീപം വട്ടവിള പുത്തൻവീട്ടിൽ സാം ജോയി, മുളവന തണ്ണിക്കോട് മുല്ലശ്ശേരി തെക്കതിൽ വീട്ടിൽ ശ്യാം സാംസൺ എന്നിവരെയാണ് കുണ്ടറ പൊലീസ് പിടികൂടിയത്.

കുണ്ടറയിലെ സ്വകാര്യ ബാറിന്റെ പാർക്കിംഗിൽ ഇരുന്ന പ്രതികളുടെ ബൈക്കിൽ കരീപ്ര സ്വദേശിയായ യുവാവ് കയറിയിരുന്നതാണ് അക്രമങ്ങൾക്ക് തുടക്കംകുറിച്ചത്. ബൈക്കിൽ ഇരുന്നത് ചോദ്യം ചെയ്ത പ്രതികൾ യുവാവുമായി ആദ്യം വാക്കേറ്റമുണ്ടായി. ബാറിലെ ജീവനക്കാർ ഇടപെട്ട് ഇത് പരിഹരിച്ചിരുന്നു.

എന്നാൽ ബാറിന് പുറത്തേക്കിറങ്ങുന്ന വഴിയിൽ വച്ച് വീണ്ടും ഇരുവരും വാക്കേറ്റമുണ്ടായി. ഇതേതുടർന്ന് പ്രതികളായ സാം ജോയിയും ശ്യാം സൈമണും ബിയർ കുപ്പി കൊണ്ട് യുവാവിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഈ ആക്രമണത്തിൽ യുവാവിന്റെ കണ്ണുകൾക്ക് പരിക്ക്പറ്റുകയും കാഴ്ചയ്ക്ക് തകരാർ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.തുടർന്ന് ഒളിവിൽ പോയ ആ പ്രതികളെ കുണ്ടറ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.