തൊടുപുഴ: ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന് ബാർബേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തി. ബാർബർമാരെ അവഹേളിച്ച സി.പി. മാത്യു മാപ്പ് പറയുന്നത് വരെ അദ്ദേഹത്തിന്റെ മുടി വെട്ടില്ലെന്ന് ബാർബേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 'ഞങ്ങളെല്ലാം ചെരയ്ക്കാൻ ഇരിക്കുകയല്ല' എന്ന സി.പി. മാത്യുവിന്റെ പരാമർശമാണ് അസോസിയേഷനെ ചൊടുപ്പിച്ചത്. വണ്ടിപ്പെരിയാറിൽ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച സമരത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

എപ്പോഴായാലും എല്ലാവരും മുടിവെട്ടാനും താടി വെട്ടാനുമൊക്കെയായി ഞങ്ങളുടെ അടുത്ത് വരും. ഞങ്ങളുടെ ജോലിയെ മോശമായാണ് അദ്ദേഹം ചിത്രീകരിച്ചത്. ഇത്രയും കാലം അന്തസായാണ് ജോലി ചെയ്യുന്നതെന്നും കേരള സ്റ്റേറ്റ് ബാർബേഴ്സ് അസോസിയേഷൻ പ്രതികരിച്ചു. 'ഞങ്ങളെല്ലാം ചെരയ്ക്കാൻ ഇരിക്കുകയല്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തങ്ങളുടെ തൊഴിലിനെ അവഹേളിക്കുന്നതാണ് സി.പി. മാത്യുവിന്റെ പരാമർശം,' അസോസിയേഷൻ പറഞ്ഞു.

പ്രതിഷേധം സി.പി. മാത്യുവിനെ അറിയിച്ചെങ്കിലും തിരുത്താൻ തയ്യാറായില്ലെന്നും ബാർബർമാർ പറയുന്നു. എന്നാൽ ആരോപണത്തിൽ പ്രതികരിക്കാനില്ലെന്ന് സി.പി. മാത്യു പറഞ്ഞു.