ബാഴ്സലോണ: ലാ ലിഗയിൽ ബാഴ്സലോണ- അത്ലറ്റികോ മാഡ്രിഡ് നിർണായക പോരാട്ടം സമനിലയിൽ പിരിഞ്ഞു. ഇതോടെ അവസാന റൗണ്ട് മത്സരങ്ങൾ ആവേശം കടുക്കുമെന്ന് ഉറപ്പായി.

സമനിലയോടെ ഒന്നാംസ്ഥാനത്തുള്ള അത്ലറ്റികോയ്ക്ക് 35 മത്സരങ്ങളിൽ 77 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക് ഇത്രയും മത്സരങ്ങളിൽ 75 പോയിന്റാണുള്ളത്. ഒരു മത്സരം കുറവ് കളിച്ച റയൽ മാഡ്രിഡിന് 74 പോയിന്റാണുള്ളത്.

നാലാം സ്ഥാനത്തുള്ള സെവിയ്യയ്ക്ക് 34 മത്സരങ്ങളിൽ 70 പോയിന്റുണ്ട്. ഞായറാഴ്ച നടക്കുന്ന റയൽ- സെവിയ്യ മത്സരം പ്രധാനമാണ്. സെവിയ്യയെ മറികടന്നാൽ റയലിന് ഒന്നാമതെത്താം.

ബാഴ്സയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ അത്ലറ്റികോയ്ക്ക് തന്നെയായിരുന്നു മുൻതൂക്കം. ആറ് ഷോട്ടുകളാണ് ബാഴ്സ ഗോൾ കീപ്പർ ടെർ സ്റ്റഗൻ തടഞ്ഞിട്ടത്. ടെർ സ്റ്റഗന്റെ തകർപ്പൻ പ്രകടനം തന്നെയാണ് കറ്റാലൻ പടയെ ലീഡ് വഴങ്ങുന്നതിൽ നിന്ന് രക്ഷിച്ചത്.

മറുവശത്ത് ലിയോണൽ മെസിയുടെ ഏകാംഗ പോരാട്ടം മാത്രമാണ് ആദ്യ പകുതിയിൽ ഓർക്കാനുണ്ടായിരുന്നത്. ഷോട്ട് ആവട്ടെ അത്ലറ്റികോ ഗോൾ കീപ്പർ ഒബ്ലാക്ക് പുറത്തേക്ക് തട്ടിയകറ്റി.

രണ്ടാം പകുതിയിൽ ബാഴ്സ മത്സരത്തിലേക്ക് തിരിച്ചെത്തി. ചില അവസരങ്ങൾ ഉണ്ടാക്കുകയും ചെയ്തു. 63ാം മിനിറ്റിൽ മെസിയുടെ ക്രോസിൽ പിക്വെ തലവച്ചെങ്കിലും ഒബ്ലാക്ക് കയ്യിലൊതുക്കി. 67ാം മിനിറ്റിൽ മെസിയുടെ ഫ്രീകിക്ക് ഒബ്ലാക്ക് തട്ടിയകറ്റി.

71-ാം മിനിറ്റിൽ റൊണാൾഡ് അറൗജോ ബാഴ്സയ്ക്കായി ഗോൾ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

85-ാം മിനിറ്റിൽ ഉസ്മാൻ ഡെംബേലയ്ക്ക് സുവർണാവസരം മുതലാക്കാനായില്ല. ജോർഡി ആൽബയുടെ ക്രോസിൽ മാർക് ചെയ്യാതിരുന്ന ഡെംബേല തലവെച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.

90-ാം മിനിറ്റിൽ മെസിയുടെ പ്രീകിക്ക് പോസ്റ്റിന്റെ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. ഇതോടെ മത്സരം ഗോൾരഹിതമായി അവസാനിച്ചു.