പുതുവത്സരത്തിൽ ആരാധകരെ ഞെട്ടിച്ച് മോഹൻലാൽ. താരം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആരാധകർക്കിടയിൽ വൈറലാവുന്നത്. പുതുവർഷാശംസകൾ നേർന്നുകൊണ്ട് താരം തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ഇതുവരെ മലയാളികൾ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.

തലമൊട്ടയടിച്ച് താടി വളർത്തിയ ലുക്കാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.പഴയ വെസ്റ്റേൺ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ഇരിക്കുന്ന താരത്തിന്റെ ചിത്രം ആരാധകരുടെ മനം കവരുകയാണ്. അനീഷ് ഉപാസനയാണ് ഫസ്റ്റ് ലുക്കിന്റെ ചിത്രം പകർത്തിയത്. പുത്തൻ മേക്കോവറിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. തന്റെ ആരാധകർക്ക് മികച്ചൊരു വർഷം ആശംസിച്ചുകൊണ്ടാണ് പോസ്റ്റർ പങ്കുവച്ചത്.

 

അടുത്തിടെയാണ് ബറോസിന്റെ ചിത്രീകരണം പുനരാരംഭിച്ചത്. അതിനു പിന്നാലെ ചിത്രത്തിന്റെ കാരക്റ്റർ സ്‌കെച്ചും ടീസറും പുറത്തുവന്നിരുന്നു. എന്നാൽ ഇതിലെല്ലാം മുടി നീട്ടി വളർത്തിയ ലുക്കിലായിരുന്നു മോഹൻലാൽ. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇപ്പോൾ പുറത്തുവന്ന ഫസ്റ്റ് ലുക്ക്. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായിരുന്ന മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ബറോസ് എന്ന ടൈറ്റിൽ കഥാപാത്രം ഒരു ഭൂതമാണ്. ഈ കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.