തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകൾ ഈ മാസം തന്നെ തുറന്ന് പ്രവർത്തനെ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. ബാറുകൾ തുറന്ന് പ്രവർത്തിക്കുന്നത് സംബന്ധിച്ച് 23ന് ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ക്രിസ്മസിനും പുതുവർഷത്തിനും മുൻപ് ബാറുകൾ തുറക്കുന്ന രീതിയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ നിലപാട് നിർണായകമാണ്.

ലോക്ഡൗൺ ആരംഭിച്ചപ്പോഴാണ് ബാറുകൾ പൂട്ടിയത്. കൗണ്ടറുകളിലൂടെയുള്ള വിൽപ്പന മാത്രമാണ് ഇപ്പോഴുള്ളത്. ബാറുകൾ തുറന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. ഒരു മേശയ്ക്ക് ഇരുവശവും അകലം പാലിച്ച് രണ്ടുപേരെ മാത്രമേ ഇരിക്കാൻ അനുവദിക്കൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് എക്സൈസും പൊലീസും ഉറപ്പുവരുത്തും.

ഇതര സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നപ്പോൾ തന്നെ സംസ്ഥാനത്തും തുറക്കണമെന്നാവശ്യപ്പെട്ട് ബാർ ഓണേഴ്സ് അസോസിയേഷൻ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, തനിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ നിലപാട്. ബാറുടമകൾ പാർട്ടി നേതൃത്വത്തെ സമീപിച്ചതിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്തു. സെക്രട്ടേറിയറ്റിൽ അനുകൂല നിലപാടുണ്ടായെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായിവരുന്ന ഘട്ടമായതിനാൽ സാവകാശം മതി ബാർ തുറക്കലെന്നു തീരുമാനിക്കുകയായിരുന്നു. പിന്നാലെ കോവിഡ് രൂക്ഷമായേക്കുമെന്ന ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ടും വന്നതോടെയാണ് സർക്കാർ അന്ന് ബാർ തുറക്കൽ മാറ്റിവച്ചത്.