ടൊവിനോ തോമസിന്റെ മിന്നൽ മുരളി നെറ്റ്ഫ്‌ളിക്‌സിൽ പ്രദർശനത്തിനെത്തും.ഔദ്യോഗിക പ്രഖ്യാപനമായി നെറ്റ്ഫ്‌ളിക്‌സ് തങ്ങളുടെ പേജിൽ വീഡിയോ പുറത്ത് വിട്ടു. ഈ മിന്നലടിക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു എന്നാണ് അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ റിലീസ് തീയ്യതി പുറത്ത് വിട്ടിട്ടില്ല.

ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെയാണ് ഒരുങ്ങുന്നത്. ചിത്രത്തിൽ അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയായാണ് ടൊവിനോയുടെ വേഷം.ടൊവിനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. ഗോദയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം.

അടുത്തിടെയാണ് സിനിമയുടെ 19 മാസവും മൂന്ന് ദിവസവും നീണ്ടു നിന്ന ഷൂട്ടിങിന് അവസാനമായത്. 2019 ഡിസംബർ 23നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. പിന്നീട് ലോക്ഡൗൺ വന്നതോടെയാണ് ചിത്രീകരണം ഒരു വർഷത്തോളം നീണ്ടുപോയത്.വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ ആണ് മിന്നൽ മുരളിയുടെ നിർമ്മാണം. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.മലയാളം തമിഴ് ഭാഷകളിൽ മിന്നൽമുരളി, ഹിന്ദിയിൽ മിസ്റ്റർ മുരളി, തെലുങ്കിൽ മെരുപ്പ് മുരളി, കന്നഡയിൽ മിഞ്ചു മുരളി എന്നിങ്ങനെയാണ് ടൈറ്റിലുകൾ.