കൽപറ്റ: സുൽത്താൻ ബത്തേരി കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദ പരിശോധന കേന്ദ്ര സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലബോറട്ടറിയിൽ നടത്തണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കോടതിയെ സമീപിച്ചു. അഭിഭാഷകൻ മുഖേനയാണ് സുരേന്ദ്രൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയിരിക്കുന്നത്. തിങ്കളാഴ്ച ഹർജി കോടതി പരിഗണിക്കും. വിഷയത്തിൽ സർക്കാറിന്റെ നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് എൻഡിഎ നേതാക്കൾക്ക് എതിരെ ഉയർന്ന കോഴ വിവാദത്തിൽ കെ സുരേന്ദ്രന്റെ ശബ്ദ പരിശോധന നടത്താൻ നിർദേശിച്ചിരുന്നു. നിലവിൽ സംസ്ഥാന സർക്കാരിന് കീഴിലുള്ള തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലായിരിക്കും ശബ്ദ സാമ്പിളുകളുടെ പരിശോധന നടക്കുക.

എന്നാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും വിശ്വാസ്യതയില്ലെന്നുമാണ് കെ. സുരേന്ദ്രന്റെ നിലപാട്. കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 11ന് സുരേന്ദ്രനും കേസിലെ മുഖ്യസാക്ഷി പ്രസീത അഴീക്കോടും കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പിൾ നൽകിയിരുന്നു. കേസ് അന്വേഷിക്കുന്ന വയനാട് ക്രൈം ബ്രാഞ്ച് നൽകിയ ഹരജിയെ തുടർന്നായിരുന്നു ഉത്തരവ്.

ശബ്ദ സാമ്പിൾ ശേഖരിച്ച് സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധന നടത്താൻ അനുമതി തേടി ക്രൈം ബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്തെ ലാബുകളേക്കാൾ വിശ്വാസ്യത കേന്ദ്ര സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലാബുകൾക്കാണെന്നും സംസ്ഥാനത്തെ ലാബുകളിൽ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രൻ കോടതിയിലെത്തിയിരിക്കുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാകൻ സുരേന്ദ്രൻ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്. കേസിൽ ജാനുവിനോടും ബിജെപി വയനാട് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനോടും നവംബർ അഞ്ചിന് ശബ്ദ സാമ്പിൾ നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.