കോട്ടയം: കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഭൗതിക ശരീരം ഓർത്തഡോക്‌സ് സഭാ ആസ്ഥാനമായ ദേവലോകത്ത് എത്തിച്ചു. ചൊവ്വാഴ്ച രാവിലെ ആറിന് കാതോലിക്കേറ്റ് അരമന ചാപ്പലിൽ കുർബാനയ്ക്കു ശേഷം എട്ടു മണിയോടെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള പൊതു ദർശനത്തിനായി അരമന കോംപൗണ്ടിലെ പന്തലിലേക്കു ബാവായുടെ ഭൗതികശരീരം മാറ്റും. കബറടക്കം വൈകിട്ട് അഞ്ചു മണിയോടെ നടക്കും.

രാത്രി 11.45ഓടെയാണ് ഭൗതികശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ദേവലോകത്ത് എത്തിയത്. വാഹനങ്ങളുടെ അകമ്പടിയോടെയാണു വിലാപയാത്ര പരുമലയിൽനിന്നു കോട്ടയത്തേക്ക് എത്തിയത്. ദേവലോകത്ത് എത്തിച്ച ഭൗതിക ശരീരം കാതോലിക്കേറ്റ് അരമന ചാപ്പലിലാണു സൂക്ഷിക്കുന്നത്. വിടവാങ്ങൽ ശുശ്രൂഷയ്ക്കായി വൈകിട്ട് മൂന്നോടെ അരമന ചാപ്പലിന്റെ മദ്ബഹായിലേക്കു കൊണ്ടു വന്ന് ശുശ്രൂഷകൾ പൂർത്തീകരിച്ച് അഞ്ചു മണിയോടെ അരമന ചാപ്പലിനോടു ചേർന്നുള്ള പരിശുദ്ധ കാതോലിക്കാ ബാവാമാരുടെ കബറിടത്തിനോടു ചേർന്നുള്ള കബറിടത്തിൽ സംസ്‌കാരം നടത്തും.

തിങ്കളാഴ്ച രാവിലെ ആറു മുതൽ പരുമല പള്ളിയിൽ പൊതുദർശനത്തിനു വച്ച പരിശുദ്ധ ബാവായുടെ ഭൗതികശരീരത്തിൽ അന്തിമോപചാരം അർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ എത്തി. സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ത്രീകളെ സഭാ ഭരണത്തിന്റെ വേദിയിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചയാളാണ് ബാവയെന്നും അദ്ദേഹം അനുസ്മരിച്ചു. എല്ലാ വിഭാഗം ജനങ്ങളുടേയും നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ച ആളായിരുന്നു പരിശുദ്ധ ബാവയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

പൈതൃകം കൊണ്ടും സംസ്‌കാരം കൊണ്ടും വേറിട്ട വ്യക്തിത്വമായിരുന്നു ബാവയെന്ന് നിയുക്ത ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയും അനുസ്മരിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.35 നാണ് പരിശുദ്ധ ബാവാ കാലം ചെയ്തത്. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2020 ജനുവരിയിൽ അദ്ദേഹത്തിന് അർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സ തേടി. കഴിഞ്ഞ ഫെബ്രുവരി 23 ന് കോവിഡ് പോസിറ്റീവായ അദ്ദേഹം രോഗമുക്തനായ ശേഷം അർബുദചികിത്സ തുടരുകയായിരുന്നു.

പൗരസ്ത്യ ദേശത്തെ 91-ാം കാതോലിക്കായും 21-ാം മലങ്കര മെത്രാപ്പൊലീത്തയുമായ മോർ പൗലോസ് ദ്വിതിയൻ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ പരമാചാര്യന്മാരിൽ ഒരാളുമായിരുന്നു. തൃശ്ശൂർ കുന്നംകുളം പഴഞ്ഞി മങ്ങാട് കൊള്ളന്നൂർ കെ.എ. ഐപ്പിന്റെയും കുഞ്ഞീട്ടിയുടേയും മകനായി 1946 ഓഗസ്റ്റ് 30-നായിരുന്നു ജനനം. പോൾ എന്നായിരുന്നു പേര്. പഴഞ്ഞി ഗവ.ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ ബിരുദവും കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി.

കോട്ടയത്തെ ഓർത്തഡോക്സ് വൈദിക സെമിനാരിയിലും സെറാംപൂർ സർവ്വകലാശാലയിലുമായി വൈദിക പഠനം പൂർത്തിയാക്കി. തുടർന്ന് 1972-ൽ ശെമ്മാശ പട്ടവും 1973-ൽ കശീശ പട്ടവും സ്വീകരിച്ചു. 1982 ഡിസംബർ 28 ന് തിരുവല്ലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മെത്രാപ്പൊലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും 1985 മെയ് 15 ന് പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ എപ്പിസ്‌കോപ്പയായി സ്ഥാനാഭിഷിക്തനാവുകയും ചെയ്തു. തുടർന്ന് പുതുതായി രൂപീകരിച്ച കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്തായായി സ്ഥാനമേറ്റു. 2006 ഒക്ടോബർ 12 ന് മാർ മിലിത്തിയോസിനെ നിയുക്ത കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടു. 2006 ഒക്ടോബർ 12ന് പരുമലയിൽ കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മാർ മിലിത്തിയോസിനെ നിയുക്ത കാതോലിക്കയായി തിരഞ്ഞെടുത്തു.

സഭാ അദ്ധ്യക്ഷനായിരുന്ന മോർ ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവ സ്ഥാനമൊഴിഞ്ഞതിനെതുടർന്ന് 2010 നവംബർ 1-ന് പരുമല സെമിനാരിയിൽ നടന്ന ചടങ്ങിൽ മോർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്നപേരിൽ കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു. മലങ്കര ഓർത്തഡോക്സ് സഭാചരിത്രത്തിൽ പരുമല തിരുമേനിക്കു ശേഷം മെത്രാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ റമ്പാനായിരുന്നു മോർ പൗലോസ് ദ്വിതിയൻ.

സഭാ കേസിൽ ദീർഘനാളായി നിലനിന്നിരുന്ന വ്യവഹാരങ്ങൾക്ക് അന്ത്യംകുറിച്ച് 2017 ജൂലൈ 3 ന് സുപ്രീം കോടതി നിർണായകമായ അന്തിമ വിധി പ്രസ്താവിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.