കോഴിക്കോട്: ഈ മാസം 5ാം തിയ്യതി ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് കാണാതായി. തമിഴ്‌നാട് സ്വദേശികളായ 15 തൊഴിലാളികളുമായ പുറപ്പെട്ട അജ്മീർ ഷാ എന്ന ബോട്ടാണ് കാണാതായത്. ബോട്ടിനെ കുറിച്ചോ ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെ കുറിച്ചോ യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല.

അതേസമയം മെയ് 5ന് തന്നെ പുറപ്പെട്ട മിലാദ് 3 എന്ന ബോട്ട് ഗോവയിൽ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരേ ദിവസം ഒരേ സമയത്ത് തന്നെയാണ് ഇരു ബോട്ടുകളും ബേപ്പൂരിൽ നിന്നും പുറപ്പെട്ടത്. രണ്ട് ബോട്ടിലും തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളാണ് ഉണ്ടായിരുന്നത്. മിലാദ് 3 എന്ന ബോട്ട് ഗോവയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇന്ന് രാവിലെയാണ് വിവരം ലഭിച്ചത്.

എന്നാൽ അജ്മീർ ഷാ ബോട്ടിനെ കുറിച്ച് ഇതുവരെയും വിവരം ലഭിച്ചിട്ടില്ല. ഗോവയിൽ കുടുങ്ങിക്കിടക്കുന്ന ബോട്ടിലെ തൊഴിലാളികളെ രക്ഷിക്കാൻ കോസ്റ്റ് ഗാർഡും നാവികസേനയും അടിയന്തിരമായി ഇടപെടണമെന്നും കാണാതായ ബോട്ടിന് വേണ്ടിയുള്ള അന്വേഷണം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയിട്ടുണ്ട്.