ബംഗളൂരു: ഓട്ടോ ടാക്‌സി ഡ്രൈവർമാർ മോശമായി പെരുമാറിയാൽ ഒറ്റക്ലിക്കിൽ പരാതി നൽകാം. സിറ്റി ട്രാഫിക് പൊലീസ് പുതുതായി നടപ്പാക്കുന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് ഇതു സാധ്യമാകുന്നത്.  നഗരത്തിലെ ഓട്ടോ, ടാക്‌സി ഡ്രൈവർമാരുടെ പെരുമാറ്റത്തിൽ വ്യാപക പരാതികളുയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് സുരക്ഷിത യാത്ര ഉറപ്പുവരുത്താൻ പുതിയ മൊബൈൽ ആപ്ലിക്കേഷനുമായി സിറ്റി ട്രാഫിക് പൊലീസ്.

'ബി സേഫ് ബേട്ടാ' എന്നു പേരിട്ടിരിക്കുന്ന ആപ്ലിക്കേഷനിലൂടെ ഡ്രൈവറുടെ മോശമായ പെരുമാറ്റം സംബന്ധിച്ച് ഒറ്റ ക്ലിക്കിൽ പരാതി നല്കാൻ കഴിയും. സഞ്ചരിക്കുന്ന സ്ഥലത്തേക്കുള്ള യാത്രാനിരക്ക് അറിയാനും ഈ ആപ്പ് സഹായിക്കും.

സ്മാർട്ട് ഫോണുകളിൽ ആപ്പ് സ്റ്റോർ വഴി ഈ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ കഴിയും. ആപ്ലിക്കേഷൻ തുറന്ന് വാഹനങ്ങളിലെ പുതിയ ഡിസ്‌പ്ലേ ബോർഡുകളിലെ ക്യുആർ നമ്പരോ സീരിയൽ നമ്പരോ സ്‌കാൻ ചെയ്താൽ പരാതി സമർപ്പിക്കാനുള്ള ഓപ്ഷൻ ലഭിക്കും. തുടർന്ന് ഒറ്റ ക്ലിക്കിൽ പരാതി ട്രാഫിക് പൊലീസ് കേന്ദ്രത്തിൽ ലഭിക്കും.

ഡ്രൈവറുടെ പേരും വിലാസവും ലൈസൻസിന്റെ കാലാവധിയും ഉൾപ്പെടുന്ന പുതിയ ഡിസ്‌പ്ലേ ബോർഡുകൾ നഗരത്തിലെ ഓട്ടോറിക്ഷകളിൽ സ്ഥാപിച്ചിട്ടുണ്ട്.

കാബുകളിലും വരും ദിവസങ്ങളിൽ ഡിസ്‌പ്ലേ ബോർഡുകൾ നിർബന്ധമാക്കുമെന്ന് ട്രാഫിക് ഈസ്റ്റ് ഡപ്യൂട്ടി പൊലീസ് കമ്മീഷണർ സി.കെ. ബാബ അറിയിച്ചു.