കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെ ബംഗാളിൽ നിന്നും ചെരിപ്പ് കൊണ്ട് അടിച്ചോടിക്കണമെന്ന ആഹ്വാനവുമായി ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. തൃണമൂൽ കോൺ‌ഗ്രസ് പ്രവർത്തകരെ ചെരിപ്പുകൊണ്ട് അടിച്ചോടിക്കണം, അവരെ റോഡിൽ നിന്നും വലിച്ച് പുറത്തിടണമെന്നും ദിലീപ് ഘോഷ് പ്രവർത്തകരോട് പറഞ്ഞു. ബിജെപിയുടെ സേവ് റിപ്പബ്ലിക് കാമ്പയിൻ ആരംഭിച്ചതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസുകാരെ ആക്രമിക്കാൻ ദിലിപ് ഘോഷ് ആഹ്വാനം ചെയ്തത്. ഒരു വർഷത്തിനുശേഷം നിങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് ഓർക്കുക. നിങ്ങളുടെ കുടുംബത്തിന്റെയും കുട്ടികളുടെയും മുഖം കാണാൻ നിങ്ങളെ അനുവദിക്കില്ലെന്നും ദിലീപ് ഘോഷ് ഭീഷണി മുഴക്കി.

തൃണമൂൽ കോൺ‌ഗ്രസ് ബിജെപിക്ക് നേരെ നടത്തുന്ന എല്ലാ അതിക്രമങ്ങളും ഞങ്ങളുടെ ഓർമ്മയിലുണ്ട്. അധികാരത്തിലേറിയാൽ എല്ലാ കണക്കും പലിശ സഹിതം തീർക്കും. തൃണമൂൽ കോൺഗ്രസിന്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ പൊലീസ് സേനയിലെ ഒരു വിഭാഗം പ്രവർത്തിക്കുകയാണ്. 2019 ൽ തൃണമൂൽ കോൺഗ്രസുകാരുടെ എണ്ണം സംസ്ഥാനത്ത് പകുതിയി കുറയ്ക്കുമെന്ന് പറഞ്ഞിരുന്നു. അത് സംഭവിച്ചു. തൃണമുൽ കോൺഗ്രസ് പൊലീസിനെ ഉപയോഗിച്ച് ബിജെപി പ്രവർത്തകരെ വേട്ടയാടുകയാണ്. പ്രവർത്തകരെ ഞങ്ങൾ കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബംഗാൾ പൊലീസ് ഇപ്പോൾ മുഖ്യമന്ത്രിയെയോ അവരുടെ മരുമകനെയോ വിമർശിച്ചിടുന്ന ഫേസ്‌ബുക്ക് പോസ്റ്റുകളുടെ അടിസ്ഥാനത്തിൽ പോലും ആളുകളെ അറസ്റ്റ് ചെയ്യുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമുണ്ടാകുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. റോഡ് കവലകളിൽ നിന്നും ഞങ്ങൾ അതിന്റെ [ടിഎംസി] പ്രവർത്തകരെ നീക്കം ചെയ്യുകയും ചെരുപ്പ് കൊണ്ട് അടിക്കുകയും ചെയ്യും. 2019 ൽ പകുതി പോയി, 2021 ൽ മുഴുവനും തുടച്ചുമാറ്റും' എന്ന് ഞാൻ പറഞ്ഞിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഎംസിയെ പരാജയപ്പെടുത്തും. ഞങ്ങൾ അത് ചെയ്യും. ജനങ്ങളെ ഭീഷണിപ്പെടുത്തുകയും പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തവരെ ഞങ്ങൾ വെറുതെ വിടില്ല. ഞങ്ങൾ എല്ലാം ഒരു നോട്ട്ബുക്കിൽ രേഖപ്പെടുത്തുന്നു, "നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഘോളയിലെ ഒരു കൂട്ടം പാർട്ടി പ്രവർത്തകരോട് ഘോഷ് പറഞ്ഞു.

"അവർ [ടിഎംസി നേതാക്കൾ] ആളുകളുടെ പണം കൊള്ളയടിക്കുകയും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ധനസഹായം നൽകുകയും ചെയ്തു. ടി‌എം‌സി നേതാക്കളുടെ ഏറാന്മൂളികളായി പൊലീസുകാർ മാറി. ആരെയും ഒഴിവാക്കില്ല. ഭാര്യമാരുടെയും മക്കളുടെയും മുഖം കാണാൻ അവരെ അനുവദിക്കില്ല, "സംസ്ഥാന ബിജെപി മേധാവി പറഞ്ഞു.

"എല്ലാ ദിവസവും രാവിലെ, ഞങ്ങളുടെ പ്രവർത്തകർക്കെതിരായ അക്രമത്തെയും കൊലപാതകങ്ങളെയും കുറിച്ചുള്ള വാർത്തകൾ കേട്ട് ഞങ്ങൾ ഉണരുന്നു. ഇതുകൊണ്ടാണ് ആളുകൾ സർക്കാരിനെ മാറ്റിയത്? ‘പരിവർത്തൻ [മാറ്റം]' ആവശ്യപ്പെട്ടതിനെത്തുടർന്ന് ടി.എം.സി ഇടതുമുന്നണി സർക്കാരിനെ പുറത്താക്കി. നിങ്ങൾ എന്തെങ്കിലും വ്യത്യാസം കാണുന്നുണ്ടോ? ബിജെപിയാണ് സംസ്ഥാനത്ത് മാറ്റം വരുത്താൻ പോരാടുന്നത്. നൂറിലധികം ബിജെപി പ്രവർത്തകർ ജീവൻ നൽകി. അവരുടെ ത്യാഗങ്ങൾ വെറുതെയാകില്ല. ബംഗാളിൽ മാറ്റം വരുത്തുന്നതുവരെ ഞങ്ങൾ പോരാടും, "അദ്ദേഹം കൂട്ടിച്ചേർത്തു.

ദിലീഷ് ഘോഷിന്റെ പ്രസ്താവനയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് രൂക്ഷ വിമർശനവുമായി രംഗത്ത് വന്നു. വിദ്യാഭ്യാസമില്ലാത്തവനും സംസ്കാരമില്ലാത്തവനുമാണ് ഘോഷ് എന്നായിരുന്നു ടിഎംസി എംപി കല്യാൺ ബാനർജിയുടെ പ്രതികരണം. അദ്ദേഹത്തിന് ധൈര്യമുണ്ടെങ്കിൽ ആദ്യം എന്നെ ചെരിപ്പുകൊണ്ട് അടിക്കട്ടെയെന്ന് കല്യാൺ ബാനർജി വെല്ലുവിളിച്ചു.