ഗുവാഹാത്തി: കന്നുകാലികളെ കശാപ്പ് ചെയ്യുന്നതും വിൽക്കുന്നതും നിരോധിച്ചുകൊണ്ടുള്ള പുതിയ കന്നുകാലി സംരക്ഷണ ബിൽ അസം നിയമസഭയിലെത്തി. ക്ഷേത്രങ്ങളുടെ അഞ്ചു കിലോമീറ്റർ ചുറ്റളവിലും ബീഫ് വിൽക്കുന്നതും കശാപ്പും നിരോധിക്കുമെന്ന് ബില്ലിൽ നിഷ്‌ക്കർഷിക്കുന്നു. 'ഹിന്ദു, ജൈന, സിഖ്, മറ്റ് ഗോമാംസം ഭക്ഷിക്കാത്ത സമുദായങ്ങൾ അല്ലെങ്കിൽ ഒരു ക്ഷേത്രത്തിന്റേയോ സത്രത്തിന്റേയോ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വരുന്ന സ്ഥലങ്ങളിൽ കന്നുകാലി കശാപ്പിന് അനുമതി നൽകിയിട്ടില്ലെന്ന് ഉറപ്പാക്കാൻ പുതിയ നിയമത്തിനാകും.

അധികാരികൾ നിർദേശിക്കുന്ന മറ്റേതെങ്കിലും സ്ഥാപന പരിധിയിലും നിയന്ത്രണമുണ്ടാകും' ബിൽ നിയമസഭയിൽ അവതരിപ്പിച്ച ശേഷം അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ പറഞ്ഞു. അതേസമയം ചില മതപരമായ അവസരങ്ങളിൽ ഇളവ് അനുവദിച്ചേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. അസമിൽ നിലവിലുണ്ടായിരുന്ന 1950 ലെ കന്നുകാലി സംരക്ഷണ നിയമത്തിൽ കന്നുകാലി കശാപ്പും ഇതിന്റെ കടത്തും നിയന്ത്രിക്കുന്നതിന് മതിയായ വ്യവസ്ഥകൾ ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു പ്രത്യേക പ്രദേശത്തെ രജിസ്റ്റർ ചെയ്ത വെറ്റിറിനറി ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് നേടിയിട്ടില്ലെങ്കിൽ ഒരു വ്യക്തിയെ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിൽ നിന്ന് വിലക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കശാപ്പ് ചെയ്യപ്പെടുന്നത് പശുവല്ലെന്നും 14 വയസ്സിന് മുകളിലുള്ളതാണെന്നും ഉറപ്പ് വരുത്തിയതിന് ശേഷമേ വെറ്റിറിനറി ഓഫീസർ സർട്ടിഫിക്കറ്റ് നൽകൂ.

അംഗീകൃതവും ലൈസൻസുള്ളതുമായി അറവ് ശാലകളെ മാത്രമേ കശാപ്പിന് അനുവദിക്കുകയുള്ളൂ. എന്നാൽ ഒരു ജില്ലക്കുള്ളിൽ രജിസ്റ്റർ ചെയ്ത മൃഗവിപണികളിലേക്ക് വിൽക്കുന്നതിനും വാങ്ങുന്നതിനുമായി കൊണ്ടുപോകുന്നതിന് പ്രത്യേക അനുമതി ആവശ്യമില്ല. കൂടാതെ ഒരു ജില്ലക്കുള്ളിൽ കാർഷിക ആവശ്യങ്ങൾക്കായി കന്നുകാലികളെ കൊണ്ടുപോകുന്നതിനും നിയന്ത്രണം ഉണ്ടാകില്ല.

ഈ നിയമങ്ങൾ ലംഘിക്കുന്നത് ജാമ്യമില്ലാ കുറ്റമാണെന്നും പുതിയ ബില്ലിൽ പറയുന്നു. നിയമം ലംഘിച്ചെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷയും മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷംവരെ പിഴയും ഈടാക്കും. അല്ലെങ്കിൽ അത് രണ്ടും അനുഭവിക്കേണ്ടിവരുമെന്നും ബില്ലിൽ പറയുന്നു. ഒരു തവണ ശിക്ഷപ്പെട്ടയാൾ സമാനമായ കുറ്റത്തിന് വീണ്ടും പിടിക്കപ്പെട്ടാൽ ശിക്ഷ ഇരട്ടിയാകും.