കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ പശ്ചിമ ബെംഗാൾ മറ്റൊരു കശ്മീർ ആകുമെന്ന ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പ്രസം​ഗത്തിന് മറുപടിയുമായി ജമ്മു കശ്മീർ മുന്മുഖ്യമന്ത്രി ഒമർ അബ്ദുള്ള. കശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ എടുത്ത് കളയുകയും കശ്മീരിനെ വിഭജിക്കുകയും ചെയ്തതോടെ സ്വർ​ഗമായെന്നാണ് ബിജെപി അവകാശപ്പെടുന്നതെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അതുകൊണ്ട് തന്നെ പശ്ചിമ ബംഗാൾ കശ്മീർ ആയാൽ എന്താണ് കുഴപ്പമെന്നും നാഷണൽ കോൺഫറൻസ് നേതാവ്ട്വീറ്ററിലെ കുറിപ്പിൽ ചോദിക്കുന്നു.

'ബിജെപിക്കാരെ സംബന്ധിച്ചിടത്തോളം 2019 ഓഗസ്റ്റ് 19ന് ശേഷം കശ്മീർ സ്വർഗമായല്ലോ. അപ്പോൾ പിന്നെ പശ്ചിമ ബംഗാൾ കശ്മീർ ആയാൽ എന്താണ് കുഴപ്പം? എന്തായിരുന്നാലും ബെംഗാളികൾക്ക് കശ്മീർ ഇഷ്ടമാണ്. ഒരുപാടു പേർ ഇവിടം സന്ദർശിക്കാറുമുണ്ട്. അതുകൊണ്ട് ഞങ്ങൾ നിങ്ങളുടെ വിവേകശൂന്യവും അരോചകവുമായ പരാമർശത്തിന് മാപ്പ് നൽകുകയാണ്', ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.

ശനിയാഴ്ച ബെഹാലയിലെ മുചിപാടയിൽ പൊതുയോഗത്തിൽ സംസാരിക്കവേയാണ് തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി. നേതാവ് സുവേന്ദു അധികാരി രം​ഗത്തെത്തിയത്. തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ പശ്ചിമ ബെംഗാൾ മറ്റൊരു കശ്മീർ ആകുമെന്ന് അദ്ദേഹം പറഞ്ഞു. ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയെ പ്രശംസിക്കുന്ന പരാമർശങ്ങളും സുവേന്ദു പ്രസംഗത്തിൽ നടത്തി. ശ്യാമപ്രസാദ് മുഖർജി ഇല്ലായിരുന്നുവെങ്കിൽ ഈ രാജ്യം ഒരു ഇസ്ലാമിക രാജ്യമാകുമായിരുന്നു. നമുക്ക് ബംഗ്ലാദേശിൽ ജീവിക്കേണ്ടി വരുമായിരുന്നു, സുവേന്ദു പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് നേതാവും മമതാ ബാനർജിയുടെ അടുത്ത അനുയായിയും ആയിരുന്ന സുവേന്ദു ഡിസംബറിലാണ് ബിജെപിയിൽ ചേർന്നത്. നന്ദിഗ്രാം മണ്ഡലത്തിൽ മമതാ ബാനർജിക്കെതിരെ ബിജെപി. കളത്തിലിറക്കിയിരിക്കുന്നതും സുവേന്ദുവിനെയാണ്. 2016ൽ നന്ദിഗ്രാമിൽനിന്നാണ് സുവേന്ദു നിയമസഭയിലെത്തിയത്.