കൊൽക്കത്ത: മുതിർന്ന ബംഗാളി നടി സ്വാതിലേഖ സെൻഗുപ്ത അന്തരിച്ചു. 71 വയസ്സായിരുന്നു. വൃക്കരോഗം ബാധിച്ചു 24 ദിവസമായി ചികിത്സയിലായിരുന്ന നടി, കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച ഉച്ചയോടെയാണു മരിച്ചതെന്നു മകൾ സോഹിനി അറിയിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവാണ്.

സ്വാതിലേഖയുടെ മരണം ബംഗാളി സിനിമയ്ക്കു നികത്താനാവാത്ത നഷ്ടമാണെന്നു ചലച്ചിത്ര പ്രവർത്തകർ പറഞ്ഞു. സംവിധായകൻ ശ്രീജിത് മുഖർജി, രാജ് ചക്രവർത്തി, നിർമ്മാതാവ് ഒനിർ തുടങ്ങിയവർ സമൂഹമാധ്യമങ്ങളിൽ ആദരാഞ്ജലി നേർന്നു. സത്യജിത് റേയുടെ ഘരേ ബെയർ (1984) എന്ന ചിത്രത്തിൽ സൗമിത്ര ചാറ്റർജിക്കൊപ്പം ബിമലയായുള്ള സ്വാതിലേഖയുടെ അഭിനയം ആളുകൾ എപ്പോഴും ഓർമിക്കുന്നു.

ഭർത്താവ് രുദ്രപ്രസാദ് സെൻഗുപ്ത, മകൾ സോഹിനി എന്നിവരുമായി ചേർന്നു നടത്തുന്ന നന്ദികർ എന്ന നാടകസംഘത്തിലും സ്വാതിലേഖ സജീവമായിരുന്നു. 2019ൽ പുറത്തിറങ്ങിയ, സുദീപ് ചക്രവർത്തിയുടെ ബറോഫ് എന്ന ചിത്രത്തിലാണു സ്വാതിലേഖയെ പ്രേക്ഷകർ അവസാനമായി കണ്ടത്.