തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിനു സമീപത്തെ മരം മുറിച്ചു മാറ്റാൻ തമിഴ്‌നാടിന് അനുമതി നൽകിയ വിവാദ ഉത്തരവു പുറത്തിറക്കിയ ചീഫ് വൈൽഡ്ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്ത് സർക്കാർ ഉത്തരവിറങ്ങി.

ബെന്നിച്ചൻ തോമസ് അഖിലേന്ത്യാ സർവീസ് ചട്ടം ലംഘിച്ചുവെന്നും, സർക്കാരിന്റെ പ്രഖ്യാപിത നിലപാടിനെതിരെ പ്രവർത്തിച്ചെന്നും ഉത്തരവിൽ പറയുന്നു. അന്തർ -സംസ്ഥാന വിഷയത്തിൽ, മന്ത്രി തലത്തിൽ കൂടിയാലോചിക്കാതെയും, മുല്ലപ്പെരിയാർ വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സ്വീകരിച്ച നിലപാടിന് വിരുദ്ധമായും ഉത്തരവിറക്കിയെന്നും സസ്‌പെൻഷൻ ഓഡറിൽ പറയുന്നു. ബെന്നിച്ചനെ സസ്‌പെൻഡ് ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ചുമതല ആർക്കും നൽകിയിട്ടില്ല.

വിവാദ മരംമുറി ഉത്തരവ് റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവ് സംസ്ഥാന സർക്കാർ ഇന്നലെ പുറത്തിറക്കിയിരുന്നു. വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിൽ ഉത്തരവ് റദ്ദാക്കാനും ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്യാനും തീരുമാനിച്ചിരുന്നു. ഉത്തരവിറക്കാനിടയായ സാഹചര്യം, മറ്റുള്ളവർക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ ചീഫ് സെക്രട്ടറി അന്വേഷിക്കും.

മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത് ഇങ്ങനെ: 'മുല്ലപ്പെരിയാർ ബേബി ഡാമിന് അരികെയുള്ള പാട്ട ഭൂമിയിലെ 15 മരങ്ങളും കുറ്റിച്ചെടികളും തൈകളും മുറിക്കാൻ വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (വന്യജീവി)& ചീഫ് വൈൽഡ്ലൈഫ് വാർഡൻ നവംബർ അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്യാൻ വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.'

'തമിഴ്‌നാട് ജലവിഭവ വകുപ്പിലെ കമ്പം എക്സിക്യൂട്ടീവ് എൻജിനീയർ സമർപ്പിച്ച അപേക്ഷയിൽ മരങ്ങൾ മുറിച്ച് നീക്കാനുള്ള അനുമതി കേന്ദ്ര നിയമങ്ങൾ നിഷ്‌കർഷിച്ചിട്ടുള്ള ക്ലിയറൻസ് ലഭ്യമാക്കാതെയാണ് പുറപ്പെടുവിച്ചിട്ടുള്ളത്. കേരളം സുപ്രീംകോടതി മുമ്പാകെ നൽകിയ റിട്ട് ഹർജിയിൽ 2021 ജനുവരി 22ന് ഫയൽ ചെയ്ത മറുപടി സത്യവാങ്മൂലത്തിൽ മരംമുറിക്കൽ അനുവദിക്കാൻ കേന്ദ്ര പരിസ്ഥിതിവനംകാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാന്റിങ് കമ്മിറ്റിയുടെയും അനുമതി ആവശ്യമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.'

'അന്തർ സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന വിഷയത്തിൽ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് മന്ത്രിസഭയുടെ പരിഗണനയക്ക് സമർപ്പിക്കേണ്ടതാണെന്ന് കേരള സർക്കാരിന്റെ റൂൾസ് ഓഫ് ബിസിനസിൽ നിഷ്‌കർഷിച്ചിട്ടുമുണ്ട്. ആവശ്യമായ കേന്ദ്ര സർക്കാർ അനുമതി ലഭ്യമാകാതെയും സംസ്ഥാന സർക്കാരിന്റെ അനുമതി ഇല്ലാതെയും പുറപ്പെടുവിച്ച ഉത്തരവ് നിയമപരമായി നിലനിൽക്കാത്തതിനാലാണ് റദ്ദ് ചെയ്യാൻ തീരുമാനിച്ചത്.'