പന്തളം: വയലാർ രാമവർമ സാഹിത്യപുരസ്‌കാരം വലിയ അംഗീകാരമായി കാണുന്നെന്ന് ബെന്യാമിൻ. തന്റെ ദേശത്തിന്റെ ചരിത്രമാണ് 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ'. പുരസ്‌കാരത്തിലൂടെ കൂടുതൽ ഉത്തരവാദിത്തം തന്നിൽ നിക്ഷിപ്തമാകുകയാണെന്നും 45ാമത് വയലാർ രാമവർമ മെമോറിയൽ സാഹിത്യ അവാർഡ് ലഭിച്ച ബെന്യാമിൻ പറഞ്ഞു.

മതം മനുഷ്യന്റെ വ്യക്തിപരമായ ഒന്നാണ്. അതിൽ രാഷ്ട്രീയം കലർത്തരുതെന്നും സഭാവിശ്വാസികൾ അനാവശ്യ സംവാദങ്ങളിൽ പങ്കെടുക്കരുതെന്നും ബെന്യാമിൻ പറഞ്ഞു.

മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന കൃതിക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത വെങ്കലശിൽപവുമാണ് സമ്മാനിക്കുക. കെ. ആർ മീര, ഡോ. ജോർജ്ജ് ഓണക്കൂർ, ഡോ.സി. ഉണ്ണികൃഷ്ണൻ എന്നിവരുൾപ്പെട്ട ജൂറിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തത്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.