സോഷ്യൽ മീഡിയയിലെ തർക്കത്തിനിടെ ശബരീനാഥൻ എംഎൽഎയെ 'കളിപ്പേര്' വിളിച്ചതിൽ ഖേദം പ്രകടിപ്പിച്ച്​ എഴുത്തുകാരൻ ബെന്യാമിൻ. സമൂഹമാധ്യമത്തിലൂടെയാണ്​ അദ്ദേഹം ഖേദപ്രകടനം നടത്തിയത്​. രാഷ്രീയമായ വിയോജിപ്പുകളിലേക്ക് കുടുംബത്തിലുള്ള മറ്റ് അംഗങ്ങളെ വലിച്ചിഴക്കുന്നതിനോട് ഒരു കാരണവശാലും യോജിക്കാനാവില്ലെന്നും ഇത്തരമൊരു സാഹചര്യത്തിന്​ കാരണക്കാരനായതിൽ ഖേദിക്കുന്നുവെന്നുമാണ്​ ബെന്യാമിൻ കുറിച്ചിരിക്കുന്നത്​. ഒട്ടും മനഃപൂർവ്വമല്ലാതെ നടത്തിയ പ്രയോഗം ശബരിയെപ്പോലെ സംശുദ്ധ രാഷ്ട്രീയപ്രവർത്തകനെ പരിഹസിക്കാനായി നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നത് എനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നിലപാടുകളോട് നമുക്ക് കടുത്ത വിയോജിപ്പ് ഉണ്ടാവാം. അത് നാം ഉറക്കെ പറയുക തന്നെ വേണം. എന്നാൽ അത് ചുമ്മതെ കളിപ്പേരുകൾ വിളിച്ചാക്ഷേപിക്കുന്നതിലേക്ക് താഴ്‌ന്നു പോകരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നും ബെന്യാമിൻ കുറിച്ചു,

പോസ്റ്റിന്റെ പൂർണരൂപം താഴെ.

ഖേദപൂർവ്വം ഒരു കുറിപ്പ്

പ്രിയപ്പെട്ടവരേ,

നമ്മിൽ ഭൂരിപക്ഷവും ഓരോരോ രാഷ്ട്രീയപ്രത്യയശാസ്‌ത്രങ്ങളിൽ വിശ്വസിക്കുന്നവരും അവയെ പിന്തുടരുന്നവരുമാണ്. അതുകൊണ്ടു തന്നെ പൊതുമണ്ഡലങ്ങളിലും സോഷ്യൽ മീഡിയയിലും രാഷ്‌ട്രീയം പറയാൻ പ്രേരിതർ ആവുകയും ചെയ്യും. അത് ചിലപ്പോൾ വാക്കുകൾകൊണ്ടുള്ള ആക്രമണ പ്രത്യാക്രമണങ്ങളിലും പരിഹസങ്ങളിലും കളിയാക്കലുകളിലും ഒക്കെ ചെന്നു കലാശിക്കാറുമുണ്ട്. എന്നാൽ അത് അവിടെ അവസാനിക്കേണ്ടതും തുടർന്നും വിദ്വേഷം വച്ചുപുലർത്തതെ സൂക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്. രാഷ്രീയപരമായ വിയോജിപ്പുകളിലേക്ക് കുടുംബത്തിലുള്ള മറ്റ് അംഗങ്ങളെ വലിച്ചിഴക്കുന്നതിനോട് ഒരു കാരണവശാലും യോജിക്കാനും കഴിയില്ല. ഇതിപ്പോൾ പറയാൻ ഒരു കാരണമുണ്ട്.

കഴിഞ്ഞ വർഷം ഞാനും ശ്രീ. ശബരീനാഥൻ എംഎൽഎ തമ്മിൽ ഉണ്ടായ കടുത്ത വാക്ക്‌പയറ്റ് ചിലരെങ്കിലും ഓർക്കുന്നുണ്ടാവുമല്ലോ. അതിനിടയിൽ ഞാൻ തികച്ചും സന്ദർഭവശാൽ അദ്ദേഹത്തെ ഒരു കളിപ്പേര് വിളിച്ചാക്ഷേപിക്കുകയുണ്ടായി. ആ വാക്കുതർക്കത്തിനിടയിൽ അപ്പോൾ അവസാനിക്കേണ്ടിയിരുന്ന ഒരു പ്രയോഗം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും അദ്ദേഹത്തെ ആക്ഷേപിക്കാനുള്ള /പരിഹസിക്കാനുള്ള ആയുധമായി കൊണ്ടുനടക്കുകയും ചെയ്യുന്നതായി കാണുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ പോസ്റ്റുകളിൽ മാത്രമല്ല വ്യക്തിപരമായ കാര്യങ്ങൾ പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് താഴെയും അങ്ങനെയുള്ള വിളിപ്പേരിനാൽ ആക്ഷേപങ്ങൾ ചൊരിയുന്നത് ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു.

നമ്മുടെ രാഷ്രീയപരമായ എതിരഭിപ്രയങ്ങൾ പ്രകടിപ്പിക്കുവാൻ നമുക്ക് മറ്റ് മാർഗ്ഗങ്ങൾ ഉണ്ടല്ലോ. രാഹുൽ ഗാന്ധിയെ അമൂൽ ബേബിയെന്ന് വിളിക്കുന്നതിലും പിണറായി വിജയനെ ചെത്തുകാരൻ എന്നു വിളിക്കുന്നതിലും കെ. സുരേന്ദ്രനെ ഉള്ളി സുര എന്ന് വിളിക്കുന്നതിലും ഒക്കെ അരാഷ്ട്രിയത ഉണ്ട് എന്ന് ഞാൻ കരുതുന്നു. അതേ നിലപാട് തന്നെയാണ് ശബരീനാഥന്റെ കാര്യത്തിലും എനിക്കുള്ളത്. അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നിലപാടുകളോട് നമുക്ക് കടുത്ത വിയോജിപ്പ് ഉണ്ടാവാം. അത് നാം ഉറക്കെ പറയുക തന്നെ വേണം. എന്നാൽ അത് ചുമ്മതെ കളിപ്പേരുകൾ വിളിച്ചാക്ഷേപിക്കുന്നതിലേക്ക് താഴ്‌ന്നു പോകരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു.

ആ പരിഹാസം പലപ്പോഴും അദ്ദേഹത്തിന്റെ കുടുംബാങ്ങൾക്കു നേരെയും അവരുടെ സന്തോഷ നിമിഷങ്ങൾക്ക് നേരെയും നീണ്ടു ചെല്ലുന്നു എന്നതാണ് ഏറ്റവും ഖേദകരം. ഇനിയെങ്കിലും അത് ഒഴിവാക്കാനുള്ള ഒരു കൂട്ടായ ശ്രമം ഉണ്ടാവണം എന്ന് എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു.

എന്നുമാത്രല്ല, ഒട്ടും മനഃപൂർവ്വമല്ലാതെ നടത്തിയ ഒരു പ്രയോഗം ശബരിയെപ്പോലെ ഒരു സംശുദ്ധ രാഷ്ട്രീയപ്രവർത്തകനെ പരിഹസിക്കാനായി നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നത് എനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ട്. അതിനു കാരണക്കാരനാകേണ്ടി വന്നതിൽ ശബരിയോട് നിർവ്യാജമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നു.

എന്നെ വായിക്കുകയും എന്നെ പിന്തുടരുകയും ചെയ്യുന്ന എല്ലാവരും ദയവായി എന്റെ അഭ്യർത്ഥന കൈക്കൊള്ളണമെന്നും അത്തരം വിളിപ്പേരുകൾ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിക്കുന്നതിൽ നിന്ന് പിന്മാറണമെന്നും അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ
ബെന്യാമിൻ

 

ഖേദപൂർവ്വം ഒരു കുറിപ്പ് പ്രിയപ്പെട്ടവരേ, നമ്മിൽ ഭൂരിപക്ഷവും ഓരോരോ രാഷ്ട്രീയപ്രത്യയശാസ്‌ത്രങ്ങളിൽ വിശ്വസിക്കുന്നവരും...

Posted by Benny Benyamin on Monday, February 1, 2021