രു പതിറ്റാണ്ടിലേറെയായി മെഴ്‌സിഡസ് ഈ കാത്തിരിപ്പ് തുടങ്ങിയിട്ട്. ലോകത്തേറ്റവും വലിയ ലക്ഷ്വറി കാർ ബ്രാൻഡ് എന്ന പെരുമ ബി.എം.ഡബ്ല്യു കുത്തകയാക്കി വച്ചിരിക്കുകയായിരുന്നു ഇക്കാലമത്രയും. എന്നാൽ, 2016 മെഴ്‌സിഡസ് ആ കാത്തിരിപ്പുകൾ സഫലമാക്കി. ലോകമെമ്പാടുമായി 21 ലക്ഷം ആഡംബര കാറുകൾ വിറ്റഴിച്ചാണ് ബെൻസ് വിൽപനയിൽ ഒന്നാമതെത്തിയത്.

2005-നുശേഷം എല്ലാവർഷവും ബി.എം.ഡബ്ല്യൂ ആയിരുന്നു വിൽപനയിൽ മുന്നിട്ടുനിന്നിരുന്നത്. എന്നാൽ, കഴിഞ്ഞവർഷം ആ കണക്കുകളിൽ വ്യത്യാസം വന്നു മെഴ്‌സിഡസ് 2,083,888 കാറുകൾ വിറ്റപ്പോൾ ബി.എം.ഡബ്ല്യു 2,003,359 കാറുകളാണ് വിറ്റത്. 2015-നെ അപേക്ഷിച്ച് 11.3 ശതമാനം വർധനവാണ് കഴിഞ്ഞവർഷം വിൽപനയിൽ മെഴ്‌സിഡസ് കൈവരിച്ചത്.

മെഴ്‌സിഡസിന് ഇക്കാലത്തിനിടെ രണ്ടാം സ്ഥാനം പോലും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായി. കമ്പനിയുടെ 125-ാം വാർഷികവേളയായ 2011-ൽ ബി.എം.ഡബ്ല്യുവിനുും ഓഡിക്കും പിന്നിൽ മൂന്നാം സ്ഥാനത്തേയ്ക്ക് അവർ പിന്തള്ളപ്പെട്ടു. എന്നാൽ, 2020ഓടെ മെഴ്‌സിഡസ് ലോകത്തേറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ലക്ഷ്വറി വാഹനമായി മാറുമെന്ന് മെഴ്‌സിഡസിന്റെ മാതൃസ്ഥാപനമായ ഡെയിംലറിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഡീറ്റർ സെറ്റ്‌ഷെ അന്ന് പ്രവചിച്ചിരുന്നു.

ചൈനയിലും യൂറോപ്പിലുമാകും കമ്പനി കൂടുതൽ വളർച്ച കൈവരിക്കുകയെന്നും ഡീറ്റരർ പറഞ്ഞിരുന്നു. അത് സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ മെഴ്‌സിഡസ്. 2016-ൽ ചൈനയിൽ 26.6 ശതമാനം വളർച്ചയാണ് മെഴ്‌സിഡസിനുണ്ടായത്. യൂറോപ്പിൽ 12.4 ശതമാനവും.. എന്നാൽ, അമേരിക്കയിൽ മെഴ്‌സിഡസിന്റെ വിൽപനയിൽ 0.8 ശതമാനത്തിന്റെ വളർച്ചയോയുള്ളൂ. എസ്.യു.വികളാണ് 2016-ൽ ഏറ്റവും കൂടുതൽ വിറ്റുപോയത്. ഏഴുലക്ഷം എസ്.യു.വികളാണ് ബെൻസ് മാത്രം വിറ്റത്.