കോഴിക്കോട്: കോൺഗ്രസും മുസ്ലിം ലീഗും ബിജെപിയും ഒരുമിച്ച് നിന്നിട്ടും ആറായിരത്തിലധികം വോട്ടുകൾ ഇടത് സ്ഥാനാർത്ഥി ജയിച്ചുകയറിയ ചരിത്രമുള്ള മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ തീരദേശ മണ്ഡലമായ ബേപ്പൂർ. കടലുണ്ടി പഞ്ചായത്തും, രാമനാട്ടുകര, ഫറോക്ക് മുൻസിപ്പാലിറ്റികളും കോഴിക്കോട് കോർപറേഷനിലെ 14 വാർഡുകളും ചേർന്നതാണ് ബേപ്പൂർ മണ്ഡലം.

ചരിത്രത്തിൽ രണ്ട് തവണയൊഴികെ എല്ലായിപ്പോഴും ഇടത് സ്ഥാനാർത്ഥികൾ മാത്രം വിജയിച്ചുകയറിയ മണ്ഡലം. അതുകൊണ്ട് കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ ഉറച്ച കോട്ടകളിലൊന്നാണ് ബേപ്പൂർ. ബേപ്പൂരിൽ ഇത്തവണ ഇടത് സ്ഥാനാർത്ഥി ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് പിഎ മുഹമ്മദ് റിയാസ് ആണെന്ന കാര്യം ഉറപ്പായി കഴിഞ്ഞു. എതിർ സ്ഥാനാർത്ഥികളെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്നത്. യുഡിഎഫിൽ മണ്ഡലം മുസ്ലിം ലീഗ് ഏറ്റെടുക്കുമെന്നുള്ള തരത്തിൽ ചർച്ചകൾ ഉയർന്നു കേൾക്കുന്നുണ്ട്.

അങ്ങനെയെങ്കിൽ നേരത്തെ രണ്ട് തവണ മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ട മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് ഉമ്മർ പാണ്ടികശാലയായിരിക്കും സ്ഥാനാർത്ഥി. കോൺഗ്രസ് തന്നെയാണ് യുഡിഎഫിൽ നിന്ന് ഇത്തവണയും ബേപ്പൂരിൽ മത്സരിക്കുന്നത് എങ്കിൽ പിഎം നിയാസ് ബാബുവിനാണ് സാധ്യത. എൻഡിഎയിൽ നിന്ന് യുവമോർച്ച നേതാക്കളായ രമ്യ മുരളിയുടെയും പ്രകാശ് ബാബുവിന്റെയും പേരുകളും ഉയർന്ന് കേൾക്കുന്നു. പിണറായിയുടെ മരുമകനാണ് റിയാസ്.

1965ലാണ് മണ്ഡലം നിലവിൽ വരുന്നത്. അതിന് ശേഷം 13 തെരഞ്ഞെടുപ്പുകൾ നടന്നു. കോൺഗ്രസ് നേതാവ് എൻപി മൊയ്തീൻ രണ്ട് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചെങ്കിലും യുഡിഎഫ് ഒരു തവണ മാത്രമെ വിജയിച്ചൊള്ളൂ. കാരണം ഒരു തവണ ഇടത് പിന്തുണയുള്ള കോൺഗ്രസ് യു സ്ഥാനാർത്ഥിയായാണ് എൻപി മൊയ്തീൻ വിജയിച്ചത്. മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ് ബേപ്പൂർ.

ആകെ നടന്ന 13 തെരഞ്ഞെടുപ്പുകളിൽ 12 തവണയും എൽഡിഎഫ് സ്ഥാനാർത്ഥികളാണ് ജയിച്ചിട്ടുള്ളത്.1965,1967,1970 വർഷങ്ങളിൽ സിപിഎമ്മിലെ കെ ചാത്തുണ്ണി മാസ്റ്ററാണ് ജയിച്ചത്. 1970ലാണ് മുസ്ലിം ലീഗ് ആദ്യമായി ബേപ്പൂരിൽ മത്സരിക്കുന്നത്. പികെ ഉമ്മർഖാനായിരുന്നു സ്ഥാനാർത്ഥി. അന്ന് പികെ ഉമ്മർഖാനെ ചാത്തുണ്ണി മാസ്റ്റർ 2315 വോട്ടിന് തോൽപിച്ചു. 1977ലാണ് ആദ്യമായും അവസാനമായും ബേപ്പൂരിൽ യുഡിഎഫ് ജയിക്കുന്നത്. കോൺഗ്രസിലെ എൻ.പി. മൊയ്തീൻ ചാത്തുണ്ണി മാസ്റ്റർക്കെതിരെ അട്ടിമറി ജയം നേടി. ഇതേ മൊയ്തീൻ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ സിപിഎം പിന്തുണയുള്ള കോൺഗ്രസ്- യു സ്ഥാനാർത്ഥിയായി മത്സരിച്ച ലീഗിലെ എൻ.കെ. അബ്ദുല്ലക്കോയയെ പരാജയപ്പെടുത്തുകയും ചെയ്തു.

പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ. മൂസക്കുട്ടിക്കായിരുന്നു ജയം. 1987, 1991, 1996 വർഷങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി ടി.കെ. ഹംസയാണ് വിജയിച്ചത്. ഇതിൽ 1991ലായിരുന്നു കുപ്രസിദ്ധ കോലീബി സഖ്യം നിലവിൽ വന്നത്. യുഡിഎഫ് നേതൃത്വം ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കി ഡോ.കെ. മാധവൻകുട്ടി എന്ന ആർഎസ്എസുകാരനെ പൊതുസ്വതന്ത്രനെന്ന ലേബലിൽ ബേപ്പൂരിൽ സ്ഥാനാർത്ഥിയായി ഇറക്കി. ഇതിന്റെ ഭാഗമായി വടകര ലോകസഭ മണ്ഡലത്തിൽ അഡ്വ. രത്‌നസിങ്ങിനെയും മൽസരിപ്പിച്ചു. കെ കരുണാകരന്റെ ബുദ്ധിയായിരുന്നു ഇത്.

മഞ്ചേശ്വരത്ത് കെ.ജി. മാരാർ, തിരുവനന്തപുരം ഈസ്റ്റിൽ കെ. രാമൻപിള്ള, തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിൽ ഒ. രാജഗോപാൽ എന്നിവർക്കും ഈ സഖ്യത്തിന്റെ ഭാഗമായി യു.ഡി.എഫ് പിന്തുണ നൽകി. എന്നാൽ ബേപ്പൂരിൽ ഈ സഖ്യത്തെ ജനങ്ങൾ പിഴുതെറിഞ്ഞു. ആ തെരഞ്ഞെടുപ്പിൽ 6720 വോട്ടുകൾക്ക് സിപിഐഎമ്മിലെ ടികെ ഹംസ വിജയിച്ചു. 1996ൽ വീണ്ടും ടികെ ഹംസ തന്നെ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചു കൊണ്ട് ഉമർ പാണ്ടികശാലയെ 12,096 വോട്ടിന് തോൽപ്പിച്ചു.

2001ൽ എം.സി. മായിൻഹാജി വി.കെ.സി മമ്മദ് കോയയോട് 5071 വോട്ടിന് തോറ്റു.ഈ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി രംഗത്തെത്തിയത് പ്രസിദ്ധ സാഹിത്യകാരൻ അന്തരിച്ച പുനത്തിൽ കുഞ്ഞബ്ദുള്ളയായിരുന്നു. അദ്ദേഹത്തിന് 10,934 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.2006ൽ സിപിഎമ്മിലെ എളമരം കരീം ഉമർ പാണ്ടികശാലയെയും 2011ൽ എളമരം കരീം കോൺഗ്രസിലെ ആദം മുൽസിയെയയും പരാജയപ്പെടുത്തികൊണ്ട് മണ്ഡലം ഇടതുപക്ഷത്ത് തന്നെ നിലനിൽത്തി. ഏറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ വികെസി മമ്മദ് കോയയിലൂടെയും ബേപ്പൂർ ഇടതുപക്ഷത്ത് നിലയുറപ്പിച്ചു.

കോഴിക്കോട് മേയറായി മാസങ്ങൾ തികയും മുമ്പായിരുന്നു വി.കെ.സി. മമ്മദ് കോയയുടെ സ്ഥാനാർത്ഥിത്വം. കോൺഗ്രസിലെ ആദംമുൽസിയെ അദ്ദേഹം 14363 വോട്ടുകൾക്കാണ് തോൽപിച്ചത്. ഇതാണ് ബേപ്പൂരിലെ തെരഞ്ഞെടുപ്പ് ചരിത്രം. തൊഴിലാളികളിലൂടെയാണ് ബേപ്പൂർ മണ്ഡലം ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായി നിലനിർത്തിയത്. മണ്ഡലത്തിന്റെ ഭാഗങ്ങളായ ഫറോക്ക,് ബേപ്പൂർ തുടങ്ങിയ ഇടങ്ങളിലെല്ലാം ഇപ്പോൾ സ്ഥിരതാമസമാക്കിയിട്ടുള്ള വോട്ടർമാരിൽ മഹാഭൂരിഭാഗവും പണ്ട് കാലങ്ങളിൽ ഇവിടുത്തെ ഏതെങ്കിലം വ്യവസായ ശാലകളിൽ തൊഴിലാളികളായിരുന്നവരുടെ കുടുംബങ്ങളാണ്.

ഇപ്പോൾ പ്രതാപം നഷ്ടപ്പെട്ടെങ്കിലും മുൻകാലത്ത് സജീവമായിരുന്ന ഓട്ടുകമ്പനികളിലെ തൊഴിലാളികളും തീരദേശത്തെ മത്സ്യത്തൊഴിലാളികളുമാണ് എക്കാലവും ബേപ്പൂരിൽ ഇടതുപക്ഷത്തിന് കരുത്തായത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലമാണ് ഇരുകൂട്ടർക്കും പ്രതീക്ഷ നൽകുന്നത്. ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികൾ, കടലുണ്ടി പഞ്ചായത്ത് കോഴിക്കോട് കോർപറേഷനിലെ അരീക്കാട് നോർത്ത്, അരിക്കാട്, നല്ലളം, കൊളത്തറ, കുണ്ടായിത്തോട്, ചെറുവണ്ണൂർ ഈസ്റ്റ്, വെസ്റ്റ്, ബേപ്പൂർ പോർട്ട്, ബേപ്പൂർ, മാറാട്, നടുവട്ടം, പുഞ്ചപ്പാടം, അരക്കിണർ, മാത്തോട്ടം എന്നീ ഡിവിഷനുകളും ഉൾപ്പെടുന്നതാണ് ബേപ്പൂർ. ഇതിൽ കടലുണ്ടി പഞ്ചായത്ത് എൽഡിഎഫാണ് ഭരിക്കുന്നത്.

മണ്ഡലത്തിൽ ഉൾപ്പെടുന്ന 14ൽ 13 ഡിവിഷനുകളിലും ജയിച്ചത് ഇടതുപക്ഷമാണ്. ഒരേയൊരു ജില്ല പഞ്ചായത്ത് ഡിവിഷനായ കടലുണ്ടി ഡിവിഷനിൽ നിന്നും ഇടത് സ്ഥാനാർത്ഥിയാണ് ജയിച്ചത്. ഇത് തന്നെയാണ് ഇടതു പക്ഷത്തിന്റെ പ്രതീക്ഷയും. എന്നാൽ നേരത്തെ എൽഡിഎഫ് ഭരിച്ചിരുന്ന രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലികൾ ഇത്തവണ പിടിച്ചെടുക്കാനായതാണ് യുഡിഎഫിന്റെ പ്രതീക്ഷ.