കണ്ണൂർ: ബെർലിൻ കുഞ്ഞനന്തൻ നായർ വിടവാങ്ങിയത് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കാണണമെന്ന ആഗ്രഹം ബാക്കി വച്ച്. മുൻനിലപാടുകളിൽ മാപ്പ് അപേക്ഷിച്ചു പിണറായി വിജയനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച് കാത്തിരുന്നിട്ടും മുഖ്യമന്ത്രിയുടെ മനസ്സ് അനുകൂലമായിരുന്നില്ല. ബെർലിൻ കുഞ്ഞനന്തൻ നായർക്ക് നിരാശയായിരുന്നു ഫലം. കണ്ണൂരിൽ ഇടയ്ക്ക് പിണറായി എത്തിയപ്പോൾ തന്നെ കാണാനെത്തുമെന്ന് കുഞ്ഞനന്തൻ നായർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല.

'പിണറായി വിജയനെ കാണാൻ കഴിയാത്തതിൽ കുണ്ഠിതമുണ്ട്. അദ്ദേഹം വരുമെന്നു തന്നെയാണു വിശ്വാസം. മരിക്കുന്നതിന് മുമ്പ് കാണാനാകുമെന്നാണു പ്രതീക്ഷ. പൊറുക്കാനാവാത്ത തെറ്റ് താൻ ചെയ്തിട്ടില്ല'- ബർലിൻ തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരുന്നു.

തന്റെ രാഷ്ട്രീയ ജീവിതത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട എറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന് സ്വന്തം പാർട്ടിയുടെ ആഭ്യന്തര രഹസ്യങ്ങൾ എല്ലാം അറിയാമായിരുന്ന ബർലിൻ കുഞ്ഞനന്തൻ നായരിൽ നിന്നും മറ്റുമായിരുന്നു. സിപിഎം ഔദ്യോഗിക പക്ഷത്തിനെതിരെ വലതുപക്ഷ വ്യതിയാനം ആരോപിച്ച് പാർട്ടിക്കകത്ത് കലാപക്കൊടിയുയർത്തിയ വി എസ്.അച്യുതാനന്ദന്റെ വലംകയ്യായിരുന്നു ഒരു കാലത്ത് കുഞ്ഞനന്തൻ നായർ. അദ്ദേഹത്തിന്റെ 'പൊളിച്ചെഴുത്ത്' എന്ന അത്മകഥയിലും അതി രൂക്ഷമായ വിമർശനമാണ് പിണറായി വിജയനുനേരെ നടത്തിയത്. മകൾ വീണക്ക് മാതാ ആമൃതാനന്ദമയിയുടെ കോളജിൽ സീറ്റ് കിട്ടാൻ ക്യാപ്റ്റൻ കൃഷ്ണൻ നായർ വഴി ചരടുവലികൾ നടത്തിയതും, അതിനായി പിണറായി കോയമ്പത്തൂരിൽ പോയതും അടക്കമുള്ള പല കാര്യങ്ങളും ബെർലിൻ അത്മകഥയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ജീവിതസായന്തനത്തിൽ അദ്ദേഹം അതേക്കുറിച്ചെല്ലാം ഖേദിച്ചിരുന്നു. പിണറായിയുടെ കാലുപിടിച്ച് മാപ്പു പറയാൻ പോലും താൻ തയ്യാറാണ് എന്നാണ് ബെർലിൻ പറഞ്ഞിരുന്നത്.

വിഎസിനെ അനുകൂലിച്ചതിന്റെ പേരിൽ സിപിഎം നാറാത്ത് ബ്രാഞ്ച് കമ്മിറ്റി കുഞ്ഞനന്തൻ നായരെ പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. പിന്നീട് പാർട്ടിയുമായുള്ള പിണക്കം മാറി. വി എസ്. അച്യുതാനന്ദൻ വിശ്രമ ജീവിതത്തിലേക്കു പോയപ്പോൾ കുഞ്ഞനന്തൻ നായരും മൗനത്തിലായിരുന്നു. കണ്ണൂർ നാറാത്തെ വീട്ടിൽ വിശ്രമ ജീവിതം നയിക്കവെയാണ് അദ്ദേഹം മാപ്പു പറഞ്ഞത്.

'പിണറായി വിജയനുമായി എനിക്ക് വ്യക്തിപരമായ ഭിന്നതയൊന്നുമില്ല. പരസ്പരം ഒന്നും അറിയിക്കാറൊന്നുമില്ലെങ്കിലും പണ്ട് ഒന്നായി ഇവിടെ ക്യാംപ് ചെയ്തവരല്ലേ. പിണറായിയെ കാണണമെന്നു തോന്നുന്നുണ്ട്. കണ്ണു കാണില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കുമ്പോൾ ഉടൻ ഞാൻ ടിവി ശ്രദ്ധിക്കും. കഴിഞ്ഞ ദിവസവും അദ്ദേഹത്തിന്റെ നിയമസഭയിലെ പ്രസംഗം കേട്ടിരുന്നു. എനിക്ക് ഇപ്പോൾ പിണറായിയെ കാണണമെന്നു തോന്നുന്നുണ്ട്. ഞാൻ വേണമെങ്കിൽ മാപ്പു ചോദിക്കും, കാലുപിടിക്കും.'' -കുഞ്ഞനന്തൻ നായർ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

'പ്രത്യയശാസ്ത്രം മാത്രമായിരുന്നെങ്കിൽ കാലു പിടിക്കേണ്ടതിന്റെയോ മാപ്പു പറയേണ്ടതിന്റെയോ കാര്യമില്ല. പക്ഷേ, വ്യക്തിപരമായി പോയിട്ടുണ്ട്; അങ്ങനെ തിരിച്ചു കളഞ്ഞു. എനിക്കു വേണ്ടി ഒരു കാര്യവും ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയാവുന്നതിനു മുൻപ് അദ്ദേഹം നടത്തിയ കേരള യാത്ര കണ്ണൂരിലെത്തിയപ്പോഴാണ് പിണറായിയെ ഏറ്റവും ഒടുവിൽ കണ്ടത്. അന്ന് അദ്ദേഹത്തെ പൊന്നാടയണിയിച്ചിരുന്നു. വല്ലാതെ ക്ഷീണിച്ചു പോയല്ലോ, കണ്ടാൽ മനസ്സിലാവുന്നില്ലല്ലോ എന്ന് അദ്ദേഹം പറയുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തെ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്'' കുഞ്ഞനന്തൻ നായർ പറഞ്ഞിരുന്നു.

പാർട്ടിക്കകത്തും പുറത്തും വലിയ ചർച്ചകൾക്കു വഴിവച്ച ഒരാളെന്ന നിലയിൽ നടത്തിയ ഇടപെടലുകളെക്കുറിച്ച് തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു എന്ന ചോദ്യത്തിനും ബർലിന്റെ കയ്യിൽ ഉത്തരമുണ്ട്. ''ഞാൻ ചെയ്തതൊക്കെ ശരിയാണെന്നു തന്നെയാണു തോന്നുന്നത്. അമ്മേ, എനിക്ക് ഒരിക്കൽ കൂടി ജന്മം തരണം, എന്നാൽ ഞാൻ ഈ പാത തന്നെ സ്വീകരിക്കുമെന്നാണ് ഞാൻ പൊളിച്ചെഴുത്ത് എന്ന പുസ്തകത്തിൽ എഴുതിയ അവസാന വാക്യം. അതുതന്നെയാണ് എനിക്ക് ഇപ്പോഴും പറയാൻ തോന്നുന്നത്.''

അന്നത്തെ ഇടപെടലുകൾ കൊണ്ട് പാർട്ടിക്കുണ്ടായ മെച്ചമെന്താണ് എന്ന ചോദ്യത്തോടും ബർലിൻ പ്രതികരിച്ചു. ''പാർട്ടിക്കകത്ത് അടിയുറച്ച ഒരു വിപ്ലവ വിഭാഗം നിലവിൽ വന്നു. ആദർശ ശുദ്ധി, വിപ്ലവ വീര്യം, ത്യാഗ സന്നദ്ധത ഇതു മൂന്നും ഒത്തു ചേർന്നിട്ടുള്ള ഒരു പാർട്ടി. വലതുപക്ഷ വ്യതിയാനത്തോട് സലാം പറഞ്ഞു പിരിഞ്ഞ ഒരു പാർട്ടി. അങ്ങനെയായി തീർന്നു സിപിഎം.''

പാർട്ടിയിൽ ഉന്നത സ്ഥാനത്തൊന്നും ആയിരുന്നില്ലെങ്കിലും മുതിർന്ന നേതാക്കളുമായി ദീർഘകാല ബന്ധമുണ്ടായിരുന്ന കുഞ്ഞനന്തൻ നായരായിരുന്നു ഉൾപ്പാർട്ടി പോരാട്ടത്തിൽ വിഎസിന്റെ പ്രധാന സഹായികളിലൊരാൾ. വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹം ഇഎംഎസിന്റെയും വിഎസിന്റെയുമെല്ലാം സഹായിയായിരുന്നു. ജർമനിയിൽ പത്രപ്രവർത്തകനായിരുന്ന അദ്ദേഹം തിരുവനന്തപുരത്ത് എകെജി സെന്ററിലും ദീർഘകാലം ഉണ്ടായിരുന്നു.

വിവാദ കൊടുങ്കാറ്റ് ഉയർത്തിയ ആത്മകഥ

പിണറായി വിജയൻ തൊഴിലാളി വർഗത്തിന്റെ ദത്തു പുത്രനാണെങ്കിൽ വി എസ്.അച്യുതാനന്ദൻ തനതു പുത്രനാണെന്ന ബർലിന്റെ നിരീക്ഷണം വലിയ കോലാഹലമുണ്ടാക്കിയിരുന്നു. പാർട്ടിക്കകത്തെ പ്രശ്‌നങ്ങൾ ചർച്ചയാക്കും വിധം അദ്ദേഹം എഴുതിയ 'പൊളിച്ചെഴുത്ത്' എന്ന പുസ്തകം ഏറെ വിവാദമായിരുന്നു.'ഒളിക്യാമറകൾ പറയാത്തത്' എന്ന പുസ്തകവും വൻ വിവാദമായിരുന്നു. അതിലെ'ദഹിക്കാതെ പോയ ഊണ്' എന്ന അധ്യായമാണ് പിണറായിക്കെതിരെ വിമർശകർ ശക്തമായി ഉയർത്തിയത്. അതിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

'പിണറായിയുടെ മകൾ വീണക്ക് ഐ.റ്റി വിഷയത്തിൽ എഞ്ചിനിയറിംഗിന് കലശലായ ആഗ്രഹമുള്ള കാലം. കൊലിയക്കോട് കൃഷ്ണൻ നായർ മുഖേന സീറ്റുറപ്പിക്കാനുള്ള ശ്രമം വിഫലമായി. എ.കെ.ജി സെന്ററിൽ നിന്ന് ബർലിൻ കുഞ്ഞനന്തൻ നായർ മുഖേന ക്യാപ്റ്റൻ കൃഷ്ണൻ നായരുമായി ബന്ധപ്പെടുന്നു.കോയമ്പത്തൂരിലെ അമൃതാ എഞ്ചിനിയറിങ് കോളേജിൽ പ്രവേശനം ലഭിക്കാൻ അമ്മയെ സ്വാധീനിക്കുന്നു.ജാതി മതശക്തികളുടെയും പുത്തൻ സാമ്പത്തിക ശക്തികളുടേയും സമ്മർദ്ദത്തിൽ സ്വാശ്രയകോളേജുകൾ തലങ്ങും വിലങ്ങും ആരംഭിച്ചതിനെതിരെ എസ്.എഫ്.ഐ യും ഡിവൈഎഫ്‌ഐ യും നടത്തിയ പോരാട്ടങ്ങളുടെ ചൂടും ചോരയും അന്തരീക്ഷത്തിൽ നിലനിന്നിരുന്നു.

കൂത്തുപറമ്പു രക്തസാക്ഷികളുടെ ചോരപ്പാടുകൾ മായാത്ത കാലം. പിണറായിയുടെ മകൾ വീണക്കു വേണ്ടി ലക്ഷപ്രഭുക്കളുടെ മക്കൾക്കു മാത്രം പ്രവേശിക്കാൻ കഴിയുന്ന സ്ഥാപനം. അവിടെ വീണയെ ചേർത്താൽ കടുത്ത വിമർശനങ്ങൾ ഉയർന്നു വരില്ലേ എന്ന ചോദ്യത്തിന് നിങ്ങൾ അതൊന്നും നോക്കണ്ട, കഴിയുമെങ്കിൽ കൃഷ്ണൻ നായരെ വിളിക്കൂ എന്ന പിണറായിയുടെ ആജ്ഞ. എ.കെ.ജി സെന്ററിലെ ഫോണിൽ നിന്നും ബർലിൻ കൃഷ്ണൻ നായരെ വിളിക്കുന്നു. കാര്യങ്ങൾ വിശദീകരിച്ചു കഴിഞ്ഞപ്പോൾ അങ്ങേ തലക്കൽ നിന്നും ക്യാപ്റ്റന്റെ നീണ്ട ചിരി. കുഞ്ഞനന്തൻ നായരെ നിങ്ങൾ പാർട്ടിക്കാർ സ്വാശ്രയ കോളേജുകൾക്ക് എതിരല്ലെ, എസ്.എഫ്.ഐ പിള്ളേരുടെ സമരം ഇനിയും തീർന്നില്ലല്ലോ അത്തരം കോളേജിൽ പിണറായി മകളെ ചേർക്കുമോ നിങ്ങൾ അദ്ദേഹത്തോടു ചോദിച്ചിട്ട് തന്നെയാണോ എന്നോട് സംസാരിക്കുന്നത്.

അതെ എന്നു മറുപടി പറഞ്ഞു. അതിനുശേഷം കൃഷ്ണൻ നായർ മറുത്തൊന്നും പറഞ്ഞില്ല. അമ്മ ഇപ്പോൾ വിദേശത്താണെന്നും ബന്ധപ്പെട്ടുനോക്കാമെന്നും ക്യാപ്റ്റ െന്റ മറുപടി. അന്നു വൈകുന്നേരം ക്യാപ്റ്റൻ കൃഷ്ണൻ നായരെ വിളിച്ചു. എല്ലാ തിരക്കുകളും മാറ്റിവെച്ച് ഈ ആവശ്യത്തിനായി പലരേയും ബന്ധപ്പെടുകയായിരുന്നു അദ്ദേഹം.അല്പം കഴിഞ്ഞ് ക്യാപ്റ്റന്റെ ഫോൺ നിങ്ങൾ 2000 ജൂലൈ 19 ന് രാവിലെ 10 മണിക്ക് കോയമ്പത്തൂരിലെ അമൃതാ എഞ്ചിനിയറിങ് കോളേജിൽ കുട്ടിയേയും കൂട്ടി എത്തണം. ഞാൻ അമ്മയെ വിളിച്ചു. സീറ്റ് ശരിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. കോളേജിന്റെ കോ-ഓർഡിനേറ്റർ പ്രൊഫ. പരമേശ്വരനെ കണ്ടാൽ മതി.എല്ലാ കാര്യങ്ങളും എർപ്പാടുചെയ്തിട്ടുണ്ട്. കാര്യങ്ങൾ കേട്ടപ്പോൾ പിണറായിക്ക് ആശ്വാസമായി.

അന്നുതന്നെ കോയമ്പത്തൂരിലേക്ക് പോകുവാൻ 5 എ സി ടിക്കറ്റുകൾ ബുക്കുചെയ്യാൻ ഏർപ്പാടാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എമർജൻസി ക്വാട്ടയിലാണ് 3 ടിക്കറ്റുകൾ ഷൊർണൂരിലേക്ക് കിട്ടി. പിണറായി ഭാര്യ കമല മകൾ വീണ, ഞാൻ, പിണറായിയുടെ ഗൺമാൻ എന്നിവർ ജൂലായ് 18 ന് യാത്ര തിരിച്ചു.പിണറായി ട്രയിനിൽ അപ്പർ ബർത്തിലും ഭാര്യയും മകളും ലോവർ ബർത്തിലും, എനിക്കും ഗൺമാനും ബർത്ത് ഇല്ലായിരുന്നു.ട്രയിൻ കൊല്ലത്ത് എത്തിയപ്പോൾ ജനതാദൾ നേതാവ് സി.കെ നാണു ബുദ്ധിമുട്ടുന്ന എന്നെ കണ്ടു, അദ്ദേഹം ടി ടി എ കണ്ട് ഷൊർണൂരിലേക്ക് ഒരു ബർത്ത് ശരിപ്പെടുത്തി തന്നു.എനിക്ക് ബർത്ത് കിട്ടാത്ത കാര്യമൊന്നും പിണറായി ഗൗനിച്ചതേയില്ല, അദ്ദേഹത്തിന്റെആവശ്യത്തിനാണ് ഞാൻ പോകുന്നത് എന്ന ചിന്തയെങ്കിലും അദ്ദേഹത്തിന് ഉണ്ടാകേണ്ടതായിരുന്നു. എനിക്ക് ഒരുതരം ആത്മനിന്ദയാണ് തോന്നിയത്.ഞാനെന്തിനാണ് ഇങ്ങനെയൊരാളെ സഹായിക്കണം. ഞങ്ങൾ പുലർച്ച ഷൊർണൂരെത്തി മഴ കനത്തു പെയ്യുന്നുണ്ടായിരുന്നു.

നമുക്കൊരു ടാക്‌സി പിടിച്ച് പാർട്ടി ഓഫീസിലേക്കോ, ഗസ്റ്റുഹൗസിലേക്കോ പോകാമെന്ന് ഞാൻ പറഞ്ഞു, ഓ, അതൊന്നും നിങ്ങൾ ആലോചിക്കണ്ട, അതിനെല്ലാം ഏർപ്പാട് ചെയ്തിട്ടുണ്ട്. പിണറായി പറഞ്ഞു.റെയിൽവെ സ്റ്റേഷൻ കവാടത്തിൽ ഒരാൾ പിണറായിയെ കണ്ടപ്പോൾ തൊഴുതു വണങ്ങി. മൂന്ന് ആഡംബരക്കാറുകൾ ഞങ്ങളെ കാത്തു കിടപ്പുണ്ടായിരുന്നു.ഒന്നിന്റ നമ്പർ 5008. കാർ ഉടമ വൻ ബിസിനസുകാരനും വ്യവസായിയുമായ വരദരാജനായിരുന്നു.ഞങ്ങൾ പാലക്കാട് വിക്ടോറിയ കോളേജിനു സമീപമുള്ള ഗസ്റ്റ് ഹൗസിലെത്തി. സ്വീകരിക്കാൻ പരിചാരകരുടെ വൻപട തന്നെയുണ്ടായിരുന്നു.അതേ കാറിൽ കോയമ്പത്തൂരിലെ അമൃതാ ഇൻസ്റ്റ്യൂട്ടിലേക്ക് പോയി.പത്തുമണിയോടെ എട്ടിമടയിലുള്ള കോളേജിലെത്തി.കോളേജിലെ കോ ഓർഡിനേറ്റർ പ്രൊഫ.സി.പരമേശ്വരൻ ഞങ്ങളെ സ്വീകരിച്ചു. അഡ്‌മിഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രൊഫ. സി.പരമേശ്വരൻ സ്വകാര്യമായി പറഞ്ഞു.

എൻട്രസ് ടെസ്റ്റ് എന്ന ഒരു നടപടി ക്രമം ഇവിയെയുണ്ട്. അതിന്റെ മാർക്കുകൂടി കണക്കിലെടുത്താണ് അഡ്‌മിഷൻ നൽകുന്നത്.വെറും ഫോർമാലിറ്റി, കുട്ടിക്ക് എഴുതിക്കൂടെ ഇതു കേട്ടപ്പോൾ എല്ലാവരുടേയും മുഖത്ത് മ്ലാനത പരന്നു. ഞാൻ പ്രൊഫ. പരമേശ്വരനോട് സ്വകാര്യമായി പറഞ്ഞു എൻട്രസ് ടെസ്റ്റിൽ കുട്ടി പാസ്സായിക്കോണം എന്നില്ല ഇത്രയും ഉപകാരം ചെയ്തുതന്ന സ്ഥിതിക്ക് അതും കൂടി ഒഴിവാക്കി തന്നുകൂടെ അദ്ദേഹം ആരെയോ വിളിച്ചശേഷം എൻട്രസ് ഒഴിവാക്കിത്തന്നു.അങ്ങനെ ക്യാപ്റ്റൻ കൃഷ്ണൻ നായർ മുഖേന മാതാ അമൃതാനന്തമയി ഇടപെട്ട് ഒരു രൂപ പോലും കൊടുക്കാതെ പിണറായിയുടെ മകൾക്ക് അഡ്‌മിഷൻ കിട്ടി ലോക്കൽ ഗർഡിയനായി വരദരാജൻ മുതലാളിയുടെ പേര് കൊടുക്കുകയും ചെയ്തു.'- ഇങ്ങനെ ബെർലിൻ എഴുതിയത് ഇപ്പോഴും സോഷ്യൽ മീഡിയിയിൽ പ്രചരിക്കുന്നുണ്ട്.

30 വർഷം ജർമനിയിൽ പത്രപ്രവർത്തകനായിരുന്നു കുഞ്ഞനന്തൻ നായർ. 94 ൽ ആണ് നാട്ടിൽ തിരിച്ചെത്തുന്നത്.