തിരുവനന്തപുരം: എല്ലാ സിനിമ പ്രേമികളെയും ഒരുപോലെ ദുഃഖത്തിലാഴ്‌ത്തുന്നതായിരുന്നു നെടുമുടി വേണുവിന്റെ അപ്രതീക്ഷിത വിയോഗം.അതുല്യപ്രതിഭയുടെ വിയോഗത്തിന് ദിവസങ്ങൾ പിന്നിടുമ്പോഴും അത് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ലെന്ന് പറയുകയാണ് സംവിധായകൻ ഭദ്രൻ.ഫേസ്‌ബുക്ക് കുറിപ്പിലുടെയാണ് നെടുമുടിയെ ഭദ്രൻ അനുസ്മരിച്ചത്.

നെടുമുടി വേണുവിനെ കുറിച്ച് ഭദ്രൻ എഴുതിയ വാക്കുകൾ ശ്രദ്ധനേടുകയാണ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ 'സ്ഫടിക'ത്തിലെ വാക്കുകൾ ഉദ്ധരിച്ച് കൊണ്ടായിരുന്നു ഭദ്രന്റെ കുറിപ്പ്.

'എന്റെ വേണു, നിങ്ങളുടെ വേർപാട് സത്യമോ മിഥ്യയോ എനിക്ക് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും വിശ്വസിക്കാനാകുന്നില്ല... ആ തിക്കുമുട്ടലിൽ ഞാൻ ഓർത്തുപോകുന്നു... അങ്ങയുടെ സംഭാവന ആയിരുന്നു സ്പടികത്തിലെ ആ രണ്ടു വാക്കുകൾ.'ചുവപ്പിന് ചോര എന്നുകൂടി അർത്ഥമുണ്ട് മാഷേ...'ആ വാക്കുകൾ എഴുതി ചേർത്തപ്പോൾ വേണു അറിഞ്ഞിരുന്നില്ല ചാക്കോ മാഷിന്റെ അന്ത്യം വെടി കൊണ്ട് കൊല്ലപ്പെടാൻ ആയിരുന്നുവെന്ന്.പ്രണാമം', എന്നാണ് ഭദ്രൻ കുറിച്ചത്.

ഈ മാസം പതിനെന്നിനാണ് നെടുമുടി വേണു മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് നെടുമുടി വേണുവിന്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമായത്.