തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ ശാന്തിവിള ദിനേശിന് എതിരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. തനിക്കെതിരെ അപവാദ പരാമർശമുള്ള വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തുവെന്ന് കാണിച്ചാണ് പരാതി. പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. പൊലീസ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. ശാന്തിവിള ദിനേശിനെ വിളിച്ചുവരുത്തി പൊലീസ് താക്കീത് ചെയ്തു.

സ്ത്രീകൾക്ക് എതിരെ അശ്ലീല പരാമർശം നത്തിയ യൂട്ഊബർ വിജയ് പി നായരെ കയ്യേറ്റം ചെയ്തതിന് പിന്നാലെ ശാന്തിവിള ദിനേശിന് എതിരെയും ഭാഗ്യലക്ഷ്മി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവർ പരസ്പരം വാക്പോര് നടത്തിയിരുന്നു. നിലവിൽ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ ജാമ്യത്തിലാണ് ഭാഗ്യലക്ഷ്മി.

സെപ്‌ററംബറിൽ ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ ശാന്തിവിള ദിനേശനെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പലവട്ടം വ്യക്തിപരമായി അധിക്ഷേപിച്ചെന്നായിരുന്നു. ഈ കേസിൽ ശാന്തിവിള ദിനേശിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. യൂട്യൂബ് വീഡിയോയിലൂടെ ശാന്തിവിള ദിനേശ് ഭാഗ്യലക്ഷ്മിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് ആധാരം. കേസെടുത്തത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണെന്ന് ആദ്യം റിപ്പോർട്ട് വന്നെങ്കിലും അത് ശരിയായിരുന്നില്ല. ഹൈടെക് സെൽ ശുപാർശയനുസരിച്ചാണ് ശാന്തിവിള ദിനേശനെതിരായ കേസെന്നാണ് മ്യൂസിയം പൊലീസ് അന്ന് വിശദീകരിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ചെന്ന പേരിൽ യൂട്യൂബറെ വിജയ് പി. നായരെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്ന് ഇവർക്ക് കോടതി നിർദ്ദേശം നൽകി. അതേ സമയം പ്രതികളെ അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്ന് അന്വേഷണ സംഘത്തോടും നിർദ്ദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം സെഷൻസ് കോടതി പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.