കൊച്ചി: കേരള സർക്കാരിന്റെ ബഫർസോൺ റിവ്യൂ ഹർജി ഒരിക്കലും കരകയറാനാവാത്ത ചതിക്കുഴിയിലേയ്ക്ക് മലയോരജനതയെ തള്ളിവിടുന്ന കെണിയാണ് ഒരുക്കിയിരിക്കുന്നതെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യാ കൺവീനർ അഡ്വ. വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

ജൂൺ 3ലെ സുപ്രീം കോടതിയുടെ ബഫർസോൺ വിധിക്കെതിരെ റിവ്യൂ ഹർജി നൽകുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചപ്പോൾ പ്രശ്നബാധിതപ്രദേശങ്ങളിലെ ജനങ്ങൾക്ക് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ വനംവകുപ്പ് തയ്യാറാക്കി സംസ്ഥാനത്തെ പ്രതിനീധീകരിച്ച് ചീഫ് സെക്രട്ടറി സമർപ്പിച്ചിരിക്കുന്ന റിവ്യൂ ഹർജിയിൽ മലയോരജനതയെ കയ്യേറ്റക്കാരായി ചിത്രീകരിച്ചിരിക്കുന്നത് ജനജീവിതത്തിന് വൻപ്രതിസന്ധിയാണ് ക്ഷണിച്ചുവരുത്തുന്നത്. വസ്തുതവിരുദ്ധത നിറഞ്ഞ പരാമർശങ്ങളും 2019 ഒക്ടോബറിലെ 1 കിലോമീറ്റർ ബഫർസോൺ പ്രഖ്യാപിച്ച മന്ത്രിസഭാതീരുമാനവും തുടർ ഉത്തരവുകളും റിവ്യൂ ഹർജിയിൽ ഉൾക്കൊള്ളിച്ചിരിക്കുമ്പോൾ ജൂൺ 3ലെ സുപ്രീം കോടതിവിധി വീണ്ടും ശരിവയ്ക്കുന്നതായി മാറും. റിവ്യൂ ഹർജി നൽകിയെന്ന് പ്രചരിപ്പിച്ച് കർഷക പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും ഇല്ലാതാക്കാനുള്ള കുതന്ത്രമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

സുപ്രീം കോടതി വിധിച്ചിരിക്കുന്ന 1 കിലോമീറ്റർ ബഫർസോൺ മേഖലയിലെ ജനവാസമുൾപ്പെടെ നിജസ്ഥിതി വ്യക്തമാക്കുന്ന കണക്കുകൾ ഹർജിയിൽ നൽകിയിട്ടില്ല. അതേസമയം 1977നു മുമ്പ് വനംകൈയേറി അനധികൃതമായി താമസിക്കുന്നവരാണ് നിർദ്ദിഷ്ഠ ബഫർസോൺ പ്രദേശത്തുള്ളതെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുവാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്ന് ഹർജി വിശദാംശങ്ങൾ പഠിച്ചാൽ ബോധ്യമാകും. അനധികൃത കയ്യേറ്റക്കാരെയും ആദിവാസികളെയും മാത്രമാണ് ബഫർസോൺ നിയന്ത്രണങ്ങൾ ബാധിക്കുന്നതെന്നും 28,588.159 ഹെക്ടർ ഭൂമി മാത്രമാണിതെന്നും സർക്കാർ വ്യക്തമാക്കുമ്പോൾ വനവൽക്കരണത്തിനായി മലയോരജനതയെ കൈയേറ്റക്കാരായി ചിത്രീകരിച്ച് ഒരു കുടിയിറക്കിന്റെ നീക്കമാണ് അണിയറയിലൊരുങ്ങുന്നതെന്ന് തിരിച്ചറിയണമെന്നും സർക്കാരിന്റെ റിവ്യൂ ഹർജി ഭാവിയിൽ തിരിച്ചടിയാകുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.