തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ കഴിവുകൾ നാടിന്റെ പുരോഗതിക്ക് പ്രയോജനകരമാകുന്ന രീതിയിൽ വളർത്തിയെടുക്കുവാൻ ഡിഫറന്റ് ആർട് സെന്റർ വഹിക്കുന്ന പങ്ക് മാതൃകാപരമാണെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഭിന്നശേഷിക്കുട്ടികൾക്ക് സസ്യപരിപാലനത്തിലൂടെ തെറാപ്പി നൽകുന്നതിനായി നബാർഡ്, കേരള കാർഷിക സർവകലാശാല എന്നിവരുടെ സഹകരണത്തോടെ ഡിഫറന്റ് ആർട് സെന്ററിൽ ആരംഭിച്ച ഹോർട്ടികൾച്ചർ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറിയ കാര്യങ്ങളാണ് പലപ്പോഴും സമൂഹത്തിൽ മാറ്റമുണ്ടാക്കുന്നത്. അത്തരത്തിൽ പാർശ്വവത്കരിക്കപ്പെട്ട ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്കുയർത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിൽ വലിയൊരു തരംഗം തന്നെ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരിൽ കാർഷിക സംസ്‌കാരത്തിന്റെ പ്രാധാന്യമെത്തിക്കുവാൻ ശ്രമിക്കുന്ന പുതിയ ആശയമാണ് ഡിഫറന്റ് ആർട് സെന്റർ ഹോർട്ടികൾച്ചർ തെറാപ്പിയിലൂടെ നടപ്പിലാക്കുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാർക്ക് ശാസ്ത്രീയമായ രീതിയിൽ ശരിയായ ശേഷി വളർത്തുവാൻ ഈ സംരംഭത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിഫറന്റ് ആർട് സെന്ററിനോട് ചേർന്നാണ് ഹോർട്ടികൾച്ചർ തെറാപ്പി യൂണിറ്റ് ഒരുക്കിയിരിക്കുന്നത്. യൂണിറ്റിൽ ക്രമീകരിച്ചിരിക്കന്ന റൊട്ടേറ്റിങ് പാനിൽ അലങ്കാരച്ചെടികളുടെ പോട്ട് സ്ഥാപിച്ചാണ് മന്ത്രിമാർ ഉദ്ഘാടനം നിർവഹിച്ചത്. നബാർഡ് സി.ജി.എം ഗോപകുമാരൻ നായർ.ജി മുഖ്യാതിഥിയായി. കേരള കാർഷിക സർവകലാശാല ഡീൻ റോയ് സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. നബാർഡ് ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് ഓഫീസർ മിനു അൻവർ, മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, പ്രോജക്ട് ഓഫീസർ പ്രവീൺകുമാർ എന്നിവർ പങ്കെടുത്തു.

സെൻസറി പ്ലാന്റ്സ്, വിവിധയിനം പച്ചക്കറികൾ, അലങ്കാരച്ചെടികൾ, ഔഷധസസ്യങ്ങൾ തുടങ്ങി നിരവധി ചെടികൾ അടങ്ങുന്ന യൂണിറ്റിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഭിന്നശേഷിക്കുട്ടികളുടെ മേൽനോട്ടത്തിലാണ്. ഓരോ കുട്ടിക്കും ഓരോ ചെടിയാണ് പരിപാലിക്കുവാനായി നൽകിയിരിക്കുന്നത്. അതിന്റെ വളർച്ച കുട്ടികൾ തന്നെ പരിശോധിച്ച് രേഖപ്പെടുത്തുന്ന സിസ്റ്റവും യൂണിറ്റിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളിലെ ശാരീരിക മാനസിക വികാസത്തിന് ഹോർട്ടികൾച്ചർ തെറാപ്പി ഏറെ പ്രയോജനകരമാകുമെന്നും ഇതിനായി നബാർഡ്, കേരള കാർഷിക സർവകലാശാല എന്നിവരുടെ സഹകരണവും പിന്തുണയുമുണ്ടെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.