പാലാ: പുത്തൻപള്ളിക്കുന്ന് പാട്ടത്തിൽപറമ്പിൽ രാജന്റെ സ്വന്തമായി വീടെന്ന സ്വപ്നം പുതുവത്സരദിനത്തിൽ സാക്ഷാൽക്കരിക്കുമ്പോൾ കാപ്പൻ കുടുംബത്തിന് ചാരിതാർത്ഥ്യം. രോഗബാധിതനായിരുന്നുവെങ്കിലും ജീവിത ചെലവിനായി കൂലിവേല ചെയ്തായിരുന്നു രാജൻ ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. നടക്കാൻ കഴിയാതെ അസുഖബാധിതനായ മകൻ അലോഷിയുടെ ചികിത്സയ്ക്കും വലിയ ചെലവ് വന്നതോടെ വാടക വീട്ടിൽ കഴിഞ്ഞിരുന്ന രാജന് സ്വന്തമായി വീടെന്നത് സ്വപ്നമായി മാറി. രാജന്റെ ദുരവസ്ഥ ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ മാണി സി കാപ്പൻ എം എൽ എയുടെയും സഹോദരൻ ചെറിയാൻ സി കാപ്പന്റെയും ശ്രദ്ധയിൽപ്പെടുത്തി.

തുടർന്നു ഇവരുടെ പിതാവ് മുൻ എം പിയും മുൻ എം എൽ എയും മുൻ മുനിസിപ്പൽ ചെയർമാനുമായിരുന്ന ചെറിയാൻ ജെ കാപ്പന്റെയും മാതാവ് ത്രേസ്യാമ്മ കാപ്പന്റെയും സ്മരണ നിലനിർത്തുന്നതിന് നിർധനർക്കു വീടു വയ്ക്കാൻ ഇടപ്പാടിയിൽ വാങ്ങിയ 53 സെന്റിൽ നിന്നും 3 സെന്റ് സ്ഥലം രാജന് സൗജന്യമായി ലഭ്യമാക്കി. മദ്രാസ് ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റീസ് ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ്, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ചെറിയാൻ സി കാപ്പൻ എന്നിവരടങ്ങുന്ന സമിതിയാണ് രാജന് സ്ഥലം സൗജന്യമായി ലഭ്യമാക്കാൻ തീരുമാനമെടുത്തത്. അഞ്ച് കുടുംബങ്ങൾക്ക് ഇതിനോടകം 3 സെന്റ് സ്ഥലം വീതം കൈമാറുകയും ചെയ്തിട്ടുണ്ട്. 2021 ജനുവരി 24 ന് മാണി സി കാപ്പൻ എം എൽ എ രാജന് സ്ഥലത്തിന്റെ ആധാരം കൈമാറി.

ഓൾ കേരള ഫോട്ടോഗ്രഫേഴ്‌സ് അസോസിയേഷൻ പാലാ മേഖല, പാലാ യുപിജിഎസ് സ്‌കൂൾ പൂർവ്വ വിദ്യാർത്ഥികൂട്ടായ്മ, പാലാ ബ്ലഡ് ഫോറം, പാലാ ജനമൈത്രി പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ വീടു പണി ഏറ്റെടുത്തു. ഇതിനിടെ കഴിഞ്ഞ ഒക്ടോബർ 19 ന് രോഗം മൂർഛിച്ച് രാജന്റെ മകൻ അലോഷി മരണമടയുകയും ചെയ്തു. കെ ആർ സൂരജ് കൺവീനറും ടോമി കുറ്റിയാങ്കൽ ട്രഷററുമായിട്ടുള്ള സമിതിയാണ് വീടുപണിക്കു നേതൃത്വം നൽകിയത്. എട്ടര ലക്ഷം രൂപാ ചെലവൊഴിച്ച് രണ്ടു മുറി ഉൾപ്പെടെയുള്ള 650 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വീടാണ് രാജന് കൈമാറുന്നത്. താക്കോൽദാനം ഇന്ന് (01/01/2023) രാവിലെ 11 ന് കോട്ടയം എസ് പി കെ കാർത്തിക് നിർവ്വഹിക്കും.