കൊച്ചി: ക്രിമിനൽ നിയമ വ്യവസ്ഥയിൽ ഇരയെക്കുറിച്ചുള്ള ചിന്ത കുറവാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കുറ്റം തെളിയിക്കാനും കുറ്റവാളിയെ കണ്ടെത്താനും മാത്രമാണ് പ്രാധാന്യം നൽകുന്നത്. ഈ പ്രക്രിയയിൽ ഇരയ്ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ല എന്നത് നിർഭാഗ്യകരമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. ഓൺലൈൻ കുറ്റകൃത്യങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും ഇരയായവരെ അതിജീവനത്തിന്റെ പാതയിലേക്ക് കൊണ്ടുവരുന്ന ബോധിനി എന്ന സന്നദ്ധ സംഘടനയുടെ വെബ്‌സൈറ്റ് (www.bodhini.in) പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐഎംഎ ഹൗസിൽ നടന്ന ചടങ്ങിൽ ഇത്തരം സാമൂഹ്യവിപത്തുകൾക്കെതിരെ ബോധവൽകരണം ലക്ഷ്യമിട്ട് ബോധിനി തയ്യാറാക്കിയ റെക്കോർഡ് ചെയ്ത സെഷനുകളുടെ പ്രകാശനം സൈബർഡോം നോഡൽ ഓഫീസറും ഇന്റലിജൻസ് ഐജിയുമായ പി. പ്രകാശിന് കൈമാറിക്കൊണ്ട് വിജിലൻസ് എഡിജിപി മനോജ് എബ്രഹാം നിർവഹിച്ചു. ഓൺലൈൻ കുറ്റകൃത്യങ്ങൾ മിക്കപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് മനോജ് എബ്രഹാം പറഞ്ഞു. എന്നാൽ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. പൊലീസ് സ്വമേധയാ എടുക്കുന്ന കേസുകളാണ് കൂടുതലുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരകളുടെ പുനരധിവാസത്തിൽ ബോധിനി പോലുള്ള സംഘടനകൾക്ക് വലിയ പങ്ക് വഹിക്കാനാകുന്നുണ്ടെന്നും മനോജ് എബ്രഹാം പറഞ്ഞു.

ഇന്റർനെറ്റ്, മൊബൈൽ ഫോൺ തുടങ്ങിയ ഗാഡ്ജറ്റുകൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ബോധവൽകരണ സെഷനുകൾ കൂടാതെ ബോധിനിയുടെ വെബ്സൈറ്റിൽ വിവിധ തരത്തിലുള്ള വിവരങ്ങളും ലഭ്യമാണ്. നിങ്ങൾക്ക് ഒരു പ്രശ്നം ഉണ്ടായാൽ എന്തൊക്കെ ചെയ്യണമെന്നും, ആരെയൊക്കെ സമീപിക്കണമെന്നും കൂടാതെ ആ പ്രശ്നങ്ങളെ അതിജീവിച്ചു ജീവിതത്തിൽ എങ്ങനെ മുന്നോട്ടു പോകണമെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിലൂടെയും സെഷനുകളിലൂടെയും ലഭിക്കുന്നതാണ്. സെഷനുകൾക്കായി ബോധിനിയുടെയോ സൈബർ ഡോമിന്റെയോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ഈമെയിലിലോ ബന്ധപ്പെടാവുന്നതാണ്.
സൈബർഡോം ഇമെയിൽ- cyberdome.pol@kerala.gov.in
ബോധിനി ഫോൺ- 8891320005
ഇമെയിൽ :bodhini2014@gmail.com