പാലാ: പണ്ട് ലഭിച്ചിരുന്ന പല സ്വാതന്ത്ര്യങ്ങളും പുതിയ കാലത്ത് ഇല്ലാതാവുകയാണെന്ന് ചലച്ചിത്ര നടൻ ഇന്ദ്രൻസ് പറഞ്ഞു. പാലാ അൽഫോൻസാ കോളജിലെ ആർട്ട്‌സ് ഡേ അനന്തരി 2കെ23 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടക്കമ്പി, നീർക്കോലി തുടങ്ങി തനിക്ക് ലഭിച്ച പേരുകൾ സിനിമകളിൽ മാത്രമല്ല പുറത്തും വിളിപ്പേരായി വന്നു. അതൊക്കെ ചെല്ലപ്പേരുകളായി വിളിക്കുകയും ആ പേരുകൾ തനിക്ക് ചേരുമെന്ന് സ്വയം വിശ്വസിക്കുകയും ചെയ്തു. എന്നാൽ ഇന്നത്തെകാലത്ത് ആ സ്വാതന്ത്യം നഷ്ടപ്പെടുകയാണ്. ഇന്ന് ആ രീതിയിൽ പേര് വിളിച്ചാൽ ബോഡിഷെയിമിങ് പോലുള്ള പരാതികളിലേയ്ക്ക് വഴിതുറക്കുമെന്നും ഇന്ദ്രൻസ് ചൂണ്ടിക്കാട്ടി.

ചടങ്ങിൽ ആർട്സ് ക്ലബ് സെക്രട്ടറി ഗൗരി എസ് അധ്യക്ഷത വഹിച്ചു. ആർട്സ് മൽസരങ്ങളിൽ ഓവറോൾ നേടിയ ഡിപ്പാർട്ട്മെന്റിന് മാണി സി കാപ്പൻ എംഎൽഎ സമ്മാനം വിതരണം ചെയ്തു. മാർച്ച് 16ന് ജന്മദിനം ആഘോഷിക്കുന്ന ഇന്ദ്രൻസിന്റെ പിറന്നാളാഘോഷമായി സ്റ്റേജിൽ കേക്ക് മുറിച്ചു മധുരം പങ്കുവെച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ റെജീനാമ്മ ജോസഫ്, ആമി മേരി എബ്രഹാം, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ അന്ന ജെ തെരേസ തുടങ്ങിയവർ സംസാരിച്ചു.

കോസ്റ്റ്യൂമറായി സിനിമയിലെത്തിയ തന്നിലെ നടനെ തിരിച്ചറിഞ്ഞ് കൈപിടിച്ചുയർത്തിയത് മാണി സി കാപ്പനാണെന്ന് നടൻ ഇന്ദ്രൻസ് പറഞ്ഞു. അൽഫോൻസാ കോളജിലെ ആർട്ട്‌സ് ഡേ ഉദ്ഘാടന ചടങ്ങിലാണ് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയ ഇന്ദ്രൻസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യകാലത്ത് പലരും തന്നെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ തന്റേടപൂർവ്വം തന്നെ ചേർത്തുനിർത്തിയത് മാണി സി കാപ്പനായിരുന്നു.

മേലേപ്പറമ്പിൽ ആൺവീട് മുതൽ അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളിലും അവസരം നൽകി. ഒരു മൾട്ടി സ്റ്റാർ ചിത്രത്തിൽ അഭിനയിച്ചത് മാണി സി കാപ്പൻ നിർമ്മിച്ച ജനം എന്ന ചിത്രത്തിലായിരുന്നു. സി ഐ ഡി ഉണ്ണിക്കൃഷ്ണൻ എന്ന ചിത്രത്തിൽ മുഴുനീള റോൾ കിട്ടിയതോടെയാണ് താൻ അറിയപ്പെടുന്ന നടനായി മാറിയതെന്നും ഇന്ദ്രൻസ് വ്യക്തമാക്കി. മാണി സി കാപ്പൻ തന്നെ പരിഗണിച്ചില്ലായിരുന്നുവെങ്കിൽ തനിക്കു നടനാവാൻ സാധിക്കുമായിരുന്നില്ലെന്നും ഇന്ദ്രൻസ് പറഞ്ഞു. മാണി സി കാപ്പൻ എം എൽ എ യുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇന്ദ്രൻസിന്റെ അഭിപ്രായപ്രകടനം.