കോട്ടയം: സുരക്ഷിത ബാങ്കിങ്, ബാങ്കിങ് ഉപഭോക്തൃ അവകാശങ്ങൾ, ബാങ്കുകളിലെ പരാതി പരിഹാര സംവിധാനം എന്നിവ സംബന്ധിച്ച് റിസർവ് ബാങ്ക് രാജ്യവ്യാപകമായി നടത്തി വരുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായുള്ള പ്രത്യേക ടൗൺഹാൾ കോട്ടയത്ത് ദർശന സിഎ അക്കാഡമിയിൽ സംഘടിപ്പിച്ചു. ചീഫ് ജനറൽ മാനേജരും ആർബിഐ ഓംബുഡ്‌സ്മാനുമായ ആർ കമലകണ്ണൻ മുഖ്യപ്രഭാഷണം നടത്തി. റിസർവ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാൻ പദ്ധതി വിശദമായി പരിചയപ്പെടുത്തി.

തുടർന്ന് നടന്ന ഓപൺ ഹൗസിൽ ബാങ്കിങ് ഉപഭോക്താക്കളുടെ പരാതികൾ, പൊതുവായ സംശയങ്ങൾ, സുരക്ഷിത ബാങ്കിങ് രീതികൾ എന്നിവ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് ഓംബുഡ്‌സ്മാനും ഡെപ്യൂട്ടി ഓംബുഡ്മാനും മറുപടി നൽകി. ബാങ്കിങ്, ഇൻഷുറൻസ് രംഗത്തെ സാമ്പത്തിക സാക്ഷരത സംബന്ധിച്ച പ്രത്യേക സെഷനും നടന്നു.

സൗത്ത് ഇന്ത്യൻ ബാങ്ക് സിഇഎം (എച്ച് ആർ & ഓപറേഷൻസ്) ആന്റോ ജോർജ് റ്റി, ആർബിഐ ഡെപ്യൂട്ടി ജനറൽ മാനേജരും ഡെപ്യൂട്ടി ഓംബുഡ്‌സ്മാനുമായ അനൂപി വി രാജ്, കോട്ടയം ജില്ലാ ലീഡ് ബാങ്ക് മാനേജർ അലെക്‌സ് ഇ എം എന്നിവർ സംസാരിച്ചു.