80 കോടി നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വഴി ഐ ടി / ഐ ടി അടിസ്ഥാന വ്യവസായങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യലക്ഷ്യംപദ്ധതി ആരംഭിക്കുമ്പോൾ 5000 പേർക്ക് നേരിട്ടും 7500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.

തിരുവനന്തപുരം, മെയ് 17, 2023: സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കിൻഫ്രയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കഴക്കുട്ടത്തെ കിൻഫ്ര ഫിലീം ആൻഡ് വീഡിയോ പാർക്കിൽ പുതുതായി നിർമ്മിക്കുന്ന സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയുടെ ശിലാസ്ഥാപനവും നിർമ്മാണ ഉദ്ഘാടനവും സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവ്വഹിച്ചു.

ആറു നിലകളിലായി 2 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ആധുനിക സൗകര്യങ്ങളോടെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഐ ടി / ഐ ടി അധിഷ്ഠിത വ്യവസായങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 80 കോടി രൂപ നിർമ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി 2025 നവംബറിൽ പൂർത്തിയാകും. ചുരുങ്ങിയത് 5000 ആളുകൾക്ക് നേരിട്ടും, 7500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാകും.

തിരുവനന്തപുരം കഴക്കൂട്ടത്തെ കിൻഫ്ര ഫിലീം ആൻഡ് വീഡിയോ പാർക്കിൽ നടന്ന ചടങ്ങിൽ കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് സ്വാഗതം പറഞ്ഞു. ചീഫ് സെക്രട്ടറിയും കിൻഫ്ര ചെയർമാനുമായ ഡോ. വിപി ജോയ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി.

കിൻഫ്ര ഫിലീം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ജോർജ്ജ് കുട്ടി അഗസ്റ്റി, വ്യവസായ വാണിജ്യവകുപ്പ് അഡീഷണൽ ഡയറക്ടർ കെ സുധീർ, നഗരസഭ കൗൺസിലർ എം ബിനു, ഇ വൈ ജി ഡി എസ് ഡയറക്ടർ (ഇന്ത്യ ഒപ്പറേഷൻസ്) റിച്ചാർഡ് ആന്റണി, ടാറ്റാ എൽക്സി സെന്റർ ഹെഡ് വി ശ്രീകുമാർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. കിൻഫ്ര (പ്രോജക്ട്‌സ്) ജനറൽ മാനേജർ ഡോ. ടി ഉണ്ണികൃഷണൻ നന്ദി പ്രകാശിപ്പിച്ചു.