ടോക്കിയോ/ജപ്പാൻ: ജപ്പാനിലെ സോഫിയാ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ഓപ്പൺ റിസർച്ച് കോൺഫറൻസിൽ ഡിഫറന്റ് ആർട് സെന്ററിന്റെ യശസ്സുയർത്തി സെറിബ്രൽപാഴ്സി ബാധിതനായ വിഷ്ണു. ഉദയസൂര്യനെപ്പോലെ ഉദിച്ചുയർന്ന് ജപ്പാനിലെ വിദ്യാഭ്യാസ വിചക്ഷണരെയും ഭിന്നശേഷി മേഖലയിലെ പ്രഗത്ഭരെയും തന്റെ പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തിയാണ് വിഷ്ണു കോൺഫറൻസിന്റെ മുഖ്യആകർഷണമായത്. പ്രൊഫഷണൽ ജാലവിദ്യക്കാർക്ക് പോലും അവതരിപ്പിക്കാൻ ഏറെ പ്രയാസമുള്ള മാജിക്കുകൾ അതീവ കൈയടക്കത്തോടെയും കൃത്യതയോടെയുമാണ് ജന്മനാ സെറിബ്രൽപാഴ്സിയും മാനസികപരിമിതിയുമുള്ള വിഷ്ണു അവതരിപ്പിച്ചത്.

ഇതാദ്യമായാണ് ഒരു ഭിന്നശേഷിവിഭാഗത്തിൽപ്പെട്ട ഒരു കുട്ടി കോൺഫറൻസിൽ വിസ്മയം തീർക്കുന്നത്. കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജപ്പാനിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് അഭിസംബോധന ചെയ്തു. യൂണിവേഴ്‌സിറ്റി ചാൻസിലർ ഡോ.സാലി അഗസ്റ്റിനെ കൂടാതെ പ്രൊഫസർമാരും ഭിന്നശേഷി മേഖലയിലെ പ്രഗത്ഭരുമായ പ്രൊഫ.അക്കീര ഒട്ചുക, തോഷിയ കാക്കൊയ്ഷി, യോഷികസു ഹിരസോവ, തോഡാ മകീകോ, എന്നിവരും മറ്റ് പാനലിസ്റ്റുകളും വിഷ്ണുവിന്റെ ഇന്ദ്രജാല പ്രകടനം വിലയിരുത്തി. കോൺഫറൻസിന്റെ ഭാഗമായി നടന്ന സിംപോസിയത്തിൽ ഗോപിനാഥ് മുതുകാട് ഡിഫറന്റ് ആർട് സെന്ററിന്റെ ഇന്ദ്രജാലാധിഷ്ഠിതമായ പ്രത്യേക ബോധനപ്രക്രിയയിലൂടെ ഭിന്നശേഷിക്കുട്ടികൾക്കുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് വിഷ്ണുവിനെ മുൻനിർത്തി വിശദീകരിച്ചു. ഡിഫറന്റ് ആർട് സെന്റർ പ്രതിനിധി മിനു അരുൺ പഠനത്തിന്റെ ശാസ്ത്രീയത പാനലിസ്റ്റിന് മുന്നിൽ അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പാനലിസ്റ്റുകൾ നടത്തിയ ചർച്ചയിൽ വിഷ്ണുവിന്റെ മാറ്റം അംഗീകരിക്കപ്പെടുകയും യൂണിവേഴ്സിറ്റി വിഷ്ണുവിന് സാക്ഷ്യപത്രം നൽകുകയും ചെയ്തു.

ഇത്തരമൊരു മാറ്റം ഭിന്നശേഷി മേഖലയ്ക്ക് നൽകുന്നത് പുതിയൊരുണർവാണ്. ഭിന്നശേഷിക്കുട്ടികളുടെ സാമൂഹിക, ശാരീരിക മാറ്റങ്ങൾക്ക് ഇത്തരം പഠനരീതി അനുയോജ്യമാണെന്ന ഡിഫറന്റ് ആർട് സെന്ററിന്റെ കണ്ടെത്തൽ ലോകമെമ്പാടും ചർച്ച ചെയ്യേണ്ടതും നടപ്പിലാക്കേണ്ടതുമാണെന്ന് പാനലിസ്റ്റുകളുടെ വിദഗദ്ധസംഘം അഭിപ്രായപ്പെട്ടു.
കോൺഫറൻസിൽ പങ്കെടുക്കുവാനും ഇന്ദ്രജാല പ്രകടനം നടത്തുവാനും ആദ്യമായി ഇന്ത്യയിൽ നിന്നെത്തിയ ഭിന്നശേഷിക്കാരൻ വിഷ്ണുവിനും ഗോപിനാഥ് മുതുകാടിനും വൻ സ്വീകാര്യതയാണ് ജപ്പാൻ ജനത നൽകിയത്. യൂണിവേഴ്സിറ്റിക്ക് മുമ്പിൽ വിഷ്ണുവിന്റെ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞിരുന്നു. കോൺഫറൻസിൽ പങ്കെടുക്കുന്ന വിഷ്ണുവിന് ജപ്പാനിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഇന്ത്യൻ എംബസിയിൽ വച്ച് ഇക്കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു. കോൺഫറൻസിൽ പലപ്പോഴായി വിഷ്ണുവിന്റെയും കേരളത്തിലെ ഡിഫറന്റ് ആർട് സെന്ററിന്റെയും പേരുകൾ പലതവണ മുഴങ്ങിയത് അഭിമാനത്തോടെയാണ് കേട്ടിരുന്നത്. ഡിഫറന്റ് ആർട് സെന്ററിന്റെ വിജയക്കൊടി ജപ്പാനിൽ പാറിക്കുവാൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനിക്കുന്നുവെന്നും വിഷ്ണുവിന്റെ പരിശീലകൻ കൂടിയായ ഗോപിനാഥ് മുതുകാട് പറഞ്ഞു. ഇന്ദ്രജാലകലാധിഷ്ഠിതമായി മറ്റ് കലകൾ കൂടി പരിശീലിപ്പിച്ച് ഭിന്നശേഷിക്കുട്ടികളുടെ സർഗാത്മതകയെ ഉണർത്തി, അവരിൽ സമഗ്രമായ മാറ്റം കൊണ്ടുവരുവാൻ ശ്രമിച്ച ഈ ബോധനോപാധി വിജയകരമായി എന്നതിന്റെ ഉത്തമോദാഹരണമാണ് വിഷ്ണുവെന്നും ഈ പഠനപ്രക്രിയ വിദേശരാജ്യങ്ങളിലടക്കം പൊതുസ്വീകാര്യതയ്ക്ക് വയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.