കൊച്ചി: കുട്ടനാട്ടിലെ തകഴി കുന്നമ്മ സ്വദേശി കെ.ജി.പ്രസാദ് കടക്കെണിയിൽ ആത്മഹത്യ ചെയ്തതിന്റെ പിന്നിൽ സംസ്ഥാന സർക്കാരിന്റെ വൻവീഴ്ചയാണുള്ളതെന്നും പ്രസാദിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നൽകുകയും കൃഷിവകുപ്പിനെയും സപ്ലൈകോയെയും പ്രതിയാക്കി നരഹത്യയ്ക്ക് മനുഷ്യാവകാശ കമ്മീഷൻ കേസെടുക്കണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതും സപ്ലൈകോയുടെ തുടർച്ചയായ നീതി നിഷേധവും മൂലം ബാങ്കിൽ നിന്ന് ലോൺ കിട്ടാതെ വന്നതുമാണ് ആത്മഹത്യയുടെ കാരണമെന്ന് തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. ഇനിയും സർക്കാർ കർഷകവിരുദ്ധ സമീപനം തുടർന്നാൽ സംസ്ഥാനത്ത് കർഷക ആത്മഹത്യകൾ ആവർത്തിക്കും. പ്രസാദിന്റെ അനന്തരാവകാശിക്ക് സർക്കാർ ജോലിയും ഉറപ്പാക്കണം.

കർഷക ആത്മഹത്യകൾ പെരുകുമ്പോൾ കടംവാങ്ങി ആഘോഷങ്ങളിലും ധൂർത്തിലും ആറാടുന്ന സംസ്ഥാന സർക്കാരിനെ കുറ്റവിചാരണ നടത്താൻ മനുഷ്യാവകാശ കമ്മീഷനും കർഷകസമൂഹവും തയ്യാറാകണമെന്നും ഈ നില തുടർന്നാൽ കർഷകർ നിയമം കൈയിലെടുക്കുന്ന സാഹചര്യമുണ്ടാകുമെന്നും സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്തുകൊണ്ട് രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യാ കൺവീനർ അഡ്വ.വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. കർഷകർക്കായി കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്യുന്നവർക്ക് സ്വന്തം സംസ്ഥാനത്ത് അധികാരത്തിലിരുന്നിട്ടും കർഷകരെ സംരക്ഷിക്കാനാവാത്ത ഇരട്ടത്താപ്പ് കർഷകർ തിരിച്ചറിയുന്നുവെന്നും കർഷക സംഘടനകൾ സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകൾക്കെതിരെ സംയുക്തമായി ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അഡ്വ.ബിനോയ് തോമസ് പറഞ്ഞു.

ദേശീയ കോർഡിനേറ്റർ അഡ്വ.കെ.വി.ബിജു മുഖ്യപ്രഭാഷണം നടത്തി. ദേശീയ സംസ്ഥാന നേതാക്കളായ മുതലാംതോട് മണി, പ്രെഫ.ജോസുകുട്ടി ഒഴുകയിൽ, ഡിജോ കാപ്പൻ, ജോയി കണ്ണഞ്ചിറ, ജിന്നറ്റ് മാത്യു, ആയാംപറമ്പ് രാമചന്ദ്രൻ, ജോർജ് സിറിയക്, സി.റ്റി.തോമസ്, ഉണ്ണികൃഷ്ണൻ ചേർത്തല, ഹരിദാസ് കല്ലടിക്കോട്, ചാക്കപ്പൻ ആന്റണി, പി.രവീന്ദ്രൻ, സിറാജ് കൊടുവായൂർ, മനു ജോസഫ്, വിദ്യാധരൻ സി.വി., ജോബിൾ വടാശേരി, റോസ് ചന്ദ്രൻ, അപ്പച്ചൻ ഇരുവേയിൽ, സുരേഷ് ഓടാപന്തിയിൽ, റോജർ സെബാസ്റ്റ്യൻ, ഷാജി തുണ്ടത്തിൽ, ബാബു പുതുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.