തിരുവനന്തപുരം : കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കിയിലെ കൊന്നത്തടി ഗ്രാമപഞ്ചായത്തിലെത്തി. പാറത്തോട് എസ്.ബി.ഐ യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കമ്പിളികണ്ടം കുടുംബശ്രീ ഓഡിറ്റോറിയത്തിൽ എസ്.ബി.ഐ പാറത്തോട് ബ്രാഞ്ച് മാനേജർ ബിമൽ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം, കൊന്നത്തടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. മൽക്കഉദ്ഘാടനം ചെയ്തു. നാഷണൽ ടീ ബോർഡ് മെമ്പർ അഡ്വ. തുളസീധരൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തു മെമ്പർമാരായസാലി കുര്യാച്ചൻ, സുമംഗല വിജയൻ, ഗ്രീഷ്മ റിച്ചാർഡ്, ആതിര സനൂപ്, അനുമോൾ പോൾ എന്നിവർ പ്രസംഗിച്ചു. വിവിധ ഡിപ്പാർട്ടുമെന്റ്കളെ പ്രതിനിധീകരിച്ച് കൊന്നത്തടി കൃഷി ഓഫീസർ ബിജു കെ.ഡി, കെ.വി.കെ സയന്റിസ്റ്റ് ആഷിബ, തുടങ്ങിയവർ പദ്ധതികൾ വിശദീകരിച്ചു. അടിമാലി ബ്ലോക്കിനു കീഴിലെ വെള്ളത്തൂവൽപഞ്ചായത്തിൽ നാളെ യാത്ര എത്തിച്ചേരും. അർഹരായ ഗുണഭോക്താക്കൾക്ക് പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടാനുള്ള സൗകര്യവും യാത്രയിൽ ലഭ്യമാക്കിയിട്ടുണ്ട്.

നബാർഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എല്ലാ പഞ്ചായത്തുകളിലും എത്തുന്നുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര, സ്റ്റാൻഡ് അപ് ഇന്ത്യ മുതലായ സ്‌കീമുകളിൽ അർഹതയുള്ളവർക്ക് ക്യാമ്പിൽ വച്ചു തന്നെ അംഗീകാരം നൽകി. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ആധാർ സേവനങ്ങളും യാത്രയിൽ ലഭ്യമാക്കി. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വികസിത് ഭാരത് സങ്കല്പ യാത്ര പ്രയാണം നടത്തുന്നത്. കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോൺ സാങ്കേതിക വിദ്യയും കൊന്നത്തടി പഞ്ചായത്തിൽ പരിചയപ്പെടുത്തി. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കള തങ്ങളുടെ അനുഭവങ്ങൾ പരിപാടിയിൽ പങ്കുവച്ചു. സാജു പറവൂർ കലാപരിപാടി അവതരിപ്പിച്ചു