കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കി ജില്ലയിലെ ബൈസൺ വാലിയിലെത്തി. പൊട്ടൻകാട് എസ്.ബി.ഐ യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ബൈസൺ വാലി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ബൈജു കൃഷ്ണൻകുട്ടിഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ പൊട്ടൻകാട് ബ്രാഞ്ച് മാനേജർ ബിനു ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ അടിമാലി ബ്ലോക്ക് ഫാർമേഴ്‌സ് പ്രൊഡ്യൂസ് സൊസൈറ്റി ഡയറക്ടർ വി.എൻ.സുരേഷ് മുഖ്യപ്രഭാഷണം നടത്തി. വിവിധ ഡിപ്പാർട്ടുമെന്റ്കളെ പ്രതിനിധീകരിച്ച് ബൈസൺവാലി കൃഷി ഓഫീസർ പ്രിയ പീറ്റർ ഇടുക്കി കെ.വി.കെ സയന്റിസ്റ്റ് ആഷിബ, തുടങ്ങിയവർ പദ്ധതികൾ വിശദീകരിച്ചു.

അടിമാലി ബ്ലോക്കിനു കീഴിലെ പാറത്തോട്, പള്ളിവാസൽ പഞ്ചായത്തുകളിൽ നാളെ യാത്ര എത്തിച്ചേരും. അർഹരായ ഗുണഭോക്താക്കൾക്ക് പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടാനുള്ള സൗകര്യവും യാത്രയിൽ ലഭ്യമാക്കിയിട്ടുണ്ട്.

നബാർഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കൃഷി വിഗ്യാൻ കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ എല്ലാ പഞ്ചായത്തുകളിലും എത്തുന്നുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര, സ്റ്റാൻഡ് അപ് ഇന്ത്യ മുതലായ സ്‌കീമുകളിൽ അർഹതയുള്ളവർക്ക് ക്യാമ്പിൽ വച്ചു തന്നെ അംഗീകാരം നൽകി. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ആധാർ സേവനങ്ങളും യാത്രയിൽ ലഭ്യമാക്കി. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വികസിത് ഭാരത് സങ്കൽപ് യാത്ര പ്രയാണം നടത്തുന്നത്. കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോൺ സാങ്കേതിക വിദ്യയും പഞ്ചായത്തിൽ പരിചയപ്പെടുത്തി. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ പരിപാടിയിൽ പങ്കുവച്ചു.