പാലാ: കവീക്കുന്ന്, മൂന്നാനി, കൊച്ചിടപ്പാടി മേഖലകളിലെ ആയിരക്കണക്കിനാളുകളെ ബുദ്ധിമുട്ടിലാക്കി വൈദ്യുതി തടസ്സ പരമ്പരക്ക് തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി മൂന്നാനിയിൽ ഏബിസി കേബിൾ കത്തിയതിനെത്തുടർന്ന് തടസ്സപ്പെട്ട തടസ്സപ്പെട്ട വൈദ്യുതി 15 മണിക്കൂറിനു ശേഷം മാത്രമാണ് പുനഃസ്ഥാപിക്കാൻ സാധിച്ചത്. കഴിഞ്ഞ ദിവസം മാത്രം പത്തിലേറെത്തവണയാണ് പല സമയങ്ങളിലായി ഈ മേഖലയിൽ വൈദ്യുതി തടസ്സമുണ്ടായത്. ഫലത്തിൽ എല്ലാ ദിവസവും കുറഞ്ഞത് രണ്ടു തവണയെങ്കിലും വൈദ്യുതി തകരാർ ഇവിടെ നിത്യസംഭവമായി മാറി. മഴ പെയ്യുകയോ ചെറിയ കാറ്റ് വീശുകയോ ചെയ്താൽ വൈദ്യുതി തടസ്സപ്പെടുന്ന സ്ഥിതി വിശേഷമാണിവിടെ.

മാസങ്ങളായി തുടരുന്ന നിരന്തര വൈദ്യുതി തടസ്സങ്ങളെ തുടർന്ന് ഇവിടുത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്.

വൈദ്യുതി തകരാറുകൾ പരിഹരിക്കാനെന്ന പേരിൽ ഏതാനും വർഷം മുമ്പ് എ ബി സി കേബിൾ സ്ഥാപിച്ചതോടെയാണ് ജനങ്ങളുടെ ദുരിതം പതിന്മടങ്ങായി വർദ്ധിച്ചത്. കേബിൾ സ്ഥാപിക്കുന്നതിന് മുമ്പുണ്ടായിരുന്ന വൈദ്യുതി തടസ്സങ്ങളേക്കാൾ വളരെ കൂടുതലാണ് ഇപ്പോഴത്തെ തടസ്സങ്ങൾ. വൈദ്യുതി തടസ്സം മുമ്പ് പരിഹരിക്കുന്നതിനേക്കാൾ സമയമെടുത്താണ് ഇപ്പോൾ പരിഹരിക്കുന്നത്.

വൈകുന്നേരങ്ങളിൽ വൈദ്യുതി തടസപ്പെട്ടാൽ പിന്നെ പിറ്റേന്ന് ഉച്ചകഴിഞ്ഞ് മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാനാവുന്നുള്ളൂ. നേരത്തെ വൈദ്യുതി തടസ്സം നേരിടുന്ന ഭാഗത്ത് മാത്രമായിരുന്നു എങ്കിൽ ഇപ്പോഴത് കേബിൾ കടന്നു സ്ഥലങ്ങളിലെല്ലാം തടസ്സം നേരിടുകയാണ്. കേബിളിലെ തകരാർ കണ്ടുപിടിക്കാൻ താമസം നേരിടുന്നതും നാട്ടുകാർക്കു ദുരിതമാകുകയാണ്.
ഇതുമൂലം വീടുകളിലെയും പല സ്ഥാപനങ്ങളിലെയും ഫിഡ്ജുകളിലും മറ്റും സൂക്ഷിച്ചു വച്ചിരുന്ന മരുന്നുകൾ, മത്സ്യ മാംസ ഉത്പന്നങ്ങൾ മുതലായവ നശിച്ചുപോകുന്ന സ്ഥിതി വിശേഷമാണ് ഇപ്പോൾ. അന്തരീക്ഷ ഊഷ്മാവ് കൂടുതലായതിനാൽ പ്രായമായവരും കുഞ്ഞുകുട്ടികളും ഏറെ ബുദ്ധിമുട്ടിലായി. പരീക്ഷ എഴുതുന്ന കുട്ടികളെയും വൈദ്യുതി തകരാർ ബുദ്ധിമുട്ടിലാക്കി.

പാലായിൽ സ്ഥാപിച്ചിരിക്കുന്ന ഏബിസി കേബിൾ ഗുണനിലവാരമില്ലാത്തതായതിനാലാണ് നിരന്തരം തകരാർ സംഭവിക്കുന്നതെന്ന് കവീക്കുന്ന് വികസന സമിതി യോഗം കുറ്റപ്പെടുത്തി. കേബിൾ സ്ഥാപിക്കുന്ന സമയത്ത് ഏറെ കഴിഞ്ഞാണ് ഗുണനിലവാരം ഇല്ലാത്ത കേബിളാണ് സ്ഥാപിച്ചു വരുന്നതെന്ന് കണ്ടെത്തിയിരുന്നതായും സമിതി ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് ബാക്കി ഉണ്ടായിരുന്ന പാരാമൗണ്ട് കമ്പനിയുടെ കേബിളുകൾ തിരിച്ചയച്ച സംഭവവും ഉണ്ടായിരുന്നു. പിന്നീട് വേറെ കേബിൾ എത്തിച്ചാണ് പണികൾ പൂർത്തീകരിച്ചത്. ഗുണനിലവാരമില്ലാത്ത കേബിളുകൾ സ്ഥാപിച്ച സ്ഥലങ്ങളിലാണ് ഇപ്പോൾ തകരാറുകളിൽ ഏറെയും സംഭവിക്കുന്നതെന്നും സമിതി കുറ്റപ്പെടുത്തി. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു വൈദ്യുതിമന്ത്രിക്കു പരാതി നൽകും. ഈ മേഖലയിലെ വൈദ്യുതി തകരാറുകൾക്കു ശ്വാശ്വതപരിഹാരം കാണണമെന്നും സമിതി ആവശ്യപ്പെട്ടു. കൺവീനർ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. ജോസ് മുകാല, ബൈജു ജോസഫ്, ബിനു മാത്യു എന്നിവർ പ്രസംഗിച്ചു.