കുണ്ടറ എസ് എൻ ഡി പി യോഗം യൂണിയന് കീഴിലുള്ള പട്ടംതുരുത്ത് 523 -)o നമ്പർ എസ് എൻ ഡി പി യോഗം വക പട്ടംതുരുത്ത് ശ്രീകൃഷ്ണ നരസിംഹ സ്വാമിക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തിവരുന്ന ധനു രോഹിണി ആറാട്ട് മഹോത്സവം ഈ വർഷം ഡിസംബർ 20-)o തീയതി മുതൽ ഡിസംബർ 25-)o തീയതി വരെ നടത്തുകയുണ്ടായി. വിദേശികളടക്കം ധാരാളം ഭക്തജനങ്ങൾ കൂടുന്നതുകൊണ്ടും ഗതാഗത സൗകര്യത്തിനുമായി മുൻകൂട്ടി കിഴക്കേ കല്ലട പൊലീസിൽ മതിയായ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ട അപേക്ഷ കൊടുത്തതിന്റെ അടിസ്ഥാനത്തിൽ പുത്തൂർ സ്റ്റേഷനിൽ നിന്നും കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിൽ നിന്നുമായി 10 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു.

ആറാട്ട് മഹോത്സവം പേഴുംതുരുത്ത് ഭദ്രാദേവീ ക്ഷേത്രത്തിലെ പ്രദക്ഷിണത്തിനു ശേഷം തിരികെ പട്ടംതുരുത്ത് ശ്രീകൃഷ്ണ നരസിംഹ സ്വാമി ക്ഷേത്രത്തിലേക്ക് പോകവേ ഇടച്ചാൽ പാലത്തിന് സമീപം വച്ച് സമാധാനപരമായി നീങ്ങിക്കൊണ്ടിരുന്ന ഘോഷയാത്ര 8 മണിക്ക് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പുത്തൂർ സ്റ്റേഷനിൽ നിന്നും എത്തിയ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നിശ്ചലദൃശ്യങ്ങൾ കൊണ്ട് വന്നവരെയും ഭരണസമിതി അംഗങ്ങളെയും യാതൊരു പ്രകോപനവും കൂടാതെ അസഭ്യം വിളിക്കുകയും ലാത്തി ഉപയോഗിച്ച് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.

പെട്ടെന്ന് തന്നെ മുഴുവൻ നിശ്ചല ദൃശ്യങ്ങളിലെയും ജനറേറ്ററുകൾ ഓഫ് ചെയ്യിപ്പിക്കുകയും കൂടാതെ രണ്ട് വാഹനങ്ങളിൽ സ്ഥാപിച്ചിരുന്ന മൈക്ക് ആംപ്ലിഫയറുകൾ ലാത്തി ഉപയോഗിച്ച് അടിച്ച് പൊട്ടിച്ച് പൊലീസ് അധികാരികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പ്രസ്തുത പൊലീസ് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവൃത്തി മൂലം സമാധാനപരമായി നടന്നു വന്ന ഉത്സവം അലങ്കോലമാക്കുകയും ആംപ്ലിഫയറുകൾ നശിപ്പിച്ചതു മൂലം 14000 രൂപയുടെ നഷ്ടം ഉണ്ടാകുകയും ചെയ്തു. പ്രസ്തുത സംഭവം അപ്പോൾ തന്നെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്തുണ്ടായിരുന്നവർ അറിയിച്ചെങ്കിലും യാതൊരുവിധ മേൽനടപടികളും ഉണ്ടായിട്ടില്ല.

പ്രസ്തുത സംഭവത്തിൽ ശ്രീകൃഷ്ണ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഭരണ സമിതി അംഗങ്ങളും നാട്ടുകാരും ഒന്നടങ്കം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും നിഷ്പക്ഷമായ അന്വേഷണം നടത്തി ക്ഷേത്ര വിശ്വാസികൾക്കുണ്ടായ സങ്കടങ്ങൾ പരിഹരിക്കുന്ന തരത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ആംപ്ലിഫയറുകൾ നശിപ്പിച്ചതു മൂലം ഉണ്ടായ 14000 രൂപയുടെ നഷ്ടം ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കി നൽകണമെന്നും ആവശ്യപ്പെട്ടു.