കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഇടുക്കിയിലെ കാർഷികഗ്രാമമായ വട്ടവടയിൽ എത്തി.

വട്ടവട ഗ്രാമീൺ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കോവിലൂർ ബസ് സ്റ്റാൻഡിലാണ് പരിപാടി സംഘടിപ്പിച്ചത്. സമ്മേളനത്തിൽ ഗ്രാമീൺ ബാങ്ക് മാനേജർ എം. മുകേഷ് അദ്ധ്യക്ഷത വഹിച്ചു. വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗണപതിയമ്മാൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമീൺ ബാങ്ക് അസി. മാനേജർ ഹരികൃഷ്ണൻ, ശ്രീനാഥ്, നിഷ, മനോഹരൻ, പഞ്ചായത്ത് മെമ്പർമാരായ മനോഹരൻ, ശശി എന്നിവർ പ്രസംഗിച്ചു.

നബാർഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. കിസാൻ ക്രെഡിറ്റ് കാർഡ്, മുദ്ര, സ്റ്റാൻഡ് അപ് ഇന്ത്യ മുതലായ സ്‌കീമുകളിൽ അർഹതയുള്ളവർക്ക് ക്യാമ്പിൽ വച്ചു തന്നെ തത്വത്തിൽ അംഗീകാരം നൽകി. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും ആധാർ സേവനങ്ങളും യാത്രയിൽ ലഭ്യമാക്കി.

ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കാർഷിക മേഖലയിൽ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോൺ സാങ്കേതിക വിദ്യയും ജനങ്ങളെ പരിചയപ്പെടുത്തി. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ പരിപാടിയിൽ പങ്കുവച്ചു.