തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (ഐഐഎസ്ടി) ജപ്പാനിലെ നിഗാട്ട സർവകലാശാലയിൽ നിന്നുള്ള പ്രതിനിധി സംഘത്തിന് ആതിഥേയത്വം വഹിച്ചു. വൈസ് പ്രസിഡന്റ് (ഗവേഷണം), ഒരു അസോസിയേറ്റ് പ്രൊഫസർ, അഞ്ച് വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടുന്നതാണ് പ്രതിനിധി സംഘം.

ഐഐഎസ്ടിയുടെ അക്കാദമിക, ഗവേഷണ ശ്രമങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നേടാൻ ജാപ്പനീസ് സംഘത്തിന് ഈ സന്ദർശനം അതുല്യമായ ഒരു അവസരമാണ് ഒരുക്കിയത്. തിരുവനന്തപുരത്തിന്റെയും തമിഴ്‌നാടിന്റെയും പരിസരത്തെ ഭൂമിശാസ്ത്രപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളിൽ സംഘാംഗങ്ങൾ സന്ദർശനം നടത്തി.

ഐഐഎസ്ടിയിലെ ഫാക്കൽറ്റി അംഗങ്ങളുടെ പ്രഭാഷണങ്ങൾ പ്രതിനിധി സംഘത്തിന് ഏറെ പ്രയോജനപ്രദമായി. 2019 ഡിസംബറിൽ ഐഐഎസ്ടിയും നിഗറ്റ സർവകലാശാലയും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ (എംഒയു) ഭാഗമായാണ് ഈ സന്ദർശനം. ഐ ഐ എസ് ടിയുടെ മറ്റ് ശ്രദ്ധേയമായ പങ്കാളിത്തങ്ങളിൽ ചിലത് ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയുമായും കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(കാൽടെക്ക്) യുമായുമാണ്. ഉയർന്ന നിലവാരം പുലർത്തുന്ന ബി ടെക് വിദ്യാർത്ഥികൾക്ക് ISRO-യിൽ ചേരുന്നതിന് മുമ്പ് അമേരിക്കയിലെ കാൽടെക്കിൽ മാസ്റ്റേഴ്‌സ് പ്രോഗ്രാം പൂർത്തീകരിക്കാൻ ഇതുവഴി അവസരം ലഭിക്കും. 9 മാസത്തെ ഈ പ്രോഗ്രാമിന് ഡി ഒ എസ് - കാൽടെക്ക് 'പ്രൊഫസർ സതീഷ് ധവാൻ എൻഡോവ്മെന്റ് ഫെലോഷിപ്പിന്' കീഴിൽ സാമ്പത്തിക സഹായവും ലഭിക്കും.

ഐഐഎസ്ടിയിലെ എർത്ത് ആൻഡ് സ്പേസ് സയൻസസ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നിഗാട്ട സർവകലാശാലയിൽ നടക്കുന്ന ഓൺസൈറ്റ് പ്രോഗ്രാമുകളിൽ പങ്കെടുക്കാനുള്ള അവസരവുമുണ്ട്.