കേന്ദ്ര ഗവൺമെന്റിന്റെ വികസന ക്ഷേമ പദ്ധതികൾ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രയാണം തുടരുന്ന വികസിത് ഭാരത് സങ്കൽപ്പ് യാത്ര ദേവികുളത്ത് എത്തി. ദേവികുളം എസ്.ബി.ഐ യുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ശ്രീമൂലം ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്.ബി.ഐ ദേവികുളം ബ്രാഞ്ച് മാനേജർ സുധീഷ് കെ മേനോൻ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ ശുഭ ചടങ്ങ് ഉദ്ഘാടനം ചെയ്തു. റിസോഴ്‌സ് പേഴ്‌സൺ ജോസ് കോനാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫിനാൻഷ്യൽ മാനേജർ ഗ്രീഷ്മ റിച്ചാർഡ് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കട്ടബൊമ്മൻ, കൃഷി ഓഫീസർ മഞ്ജു, വാർഡ് മെമ്പർ ആർ മിൻസി റോബിൻസൺ, ഡോ. എസ് ജയബാബു, ശശികുമാർ, കിരൺ ദേവ് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. മേരി കഹാനി മേരി ജുബാനി ഗുണഭോക്താക്കൾ വിജയ കഥകൾ പങ്കുവച്ചു.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കൃഷി വിജ്ഞാന കേന്ദ്രം, ഇന്ത്യ പോസ്റ്റ് തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു. പ്രധാനമന്ത്രി ഉജ്ജ്വല യോജന മുഖേന അർഹരായവർക്ക് ഗ്യാസ് കണക്ഷൻ എടുക്കുന്നതിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യവും ആധാർ സേവനങ്ങളും യാത്രയിൽ ലഭ്യമാക്കി. ജില്ലാ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കാർഷിക മേഖലയില സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിന്റെ ഭാഗമായി വളപ്രയോഗം നടത്തുന്നതിനുള്ള ഡ്രോൺ സാങ്കേതിക വിദ്യയും കർഷകരെ പരിചയപ്പെടുത്തി. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ പരിപാടിയിൽ പങ്കുവച്ചു.