ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മലയാളവിഭാഗം 'കടൽ: സാഹിത്യം ചരിത്രം സംസ്‌കാരം' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അന്തർദേശീയ സെമിനാറിന് തുടക്കമായി. ജോഹനാസ്ബർഗിലെ വിറ്റ്‌വാട്ടർസ്രാൻഡ് സർവകലാശാലയിലെ സെന്റർ ഫോർ ഇന്ത്യൻ സ്റ്റഡീസ് ഇൻ ആഫ്രിക്കയുടെ ഡയറക്ടറും ചരിത്രകാരനുമായ ദിലീപ് എം മേനോൻ സെമിനാറിന്റെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവഹിച്ചു.

ആഗോളതാപനത്തിന്റെ ഘട്ടത്തിൽ കടലും കാലാവസ്ഥാവ്യതിയാനവും തമ്മിലുള്ള ബന്ധം പോലെ തന്നെ ചരിത്രവും സംസ്‌കാരവും സാഹിത്യവും കടലുമായി എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു എന്നതും പ്രധാനമാണ് എന്ന് അദ്ദേഹം പറഞ്ഞു. മലയാള വിഭാഗം മേധാവി ഡോ. എസ്. പ്രീയ അധ്യക്ഷയായിരുന്നു. വൈസ് ചാൻസലർ പ്രൊഫ. എം വി നാരായണൻ, ഡോ. സുനിൽ പി. ഇളയിടം, ഡോ. സജിത കെ. ആർ., ഡോ. സംഗീത തിരുവൾ, എന്നിവർ പ്രസംഗിച്ചു. ഡോ. മഹ്മൂദ് കൂരിയ, ഫ്രാൻസിസ് നൊറോണ, ഡോ. എം കെ സജീവൻ, ശരണ്യ ചന്ദ്രൻ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. സെമിനാർ വെള്ളിയാഴ്‌ച്ച സമാപിക്കും.