തിരുവനന്തപുരം: എസിസിഎ അംഗീകൃത ബി.കോം ബിരുദം നൽകുന്നതിന് കേരള സർവ്വകലാശാലയും ഇന്റർനാഷണൽ സ്‌കിൽ ഡെവലപ്മെന്റ് കോർപ്പറേഷനും (ഐഎസ് ഡിസി) ധാരണാപത്രം ഒപ്പുവച്ചു. കേരള സർവ്വകലാശാല രജിസ്ട്രാർ ഡോ. കെ.എസ് അനിൽ കുമാറും ഐഎസ് ഡിസിയുടെ കേരള റീജിയണൽ ഹെഡ് ഓഫ് പാർട്ണർഷിപ്പ് ശരത് വേണുഗോപാലും ധാരണാപത്രം കൈമാറി. കേരള യൂണിവേഴ്സിറ്റി ഐ.ക്യു.എ.സി ഡയറക്ടർ ഡോ. ഗബ്രിയേൽ സൈമൺ തട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഎസ് ഡിസി റീജിയണൽ മാനേജർ- പാർട്ണർഷിപ്പസ് അർജുൻ രാജും സംബന്ധിച്ചു. എല്ലാ മേഖലകളിലുമുള്ള നൈപുണ്യ വിടവ് നികത്താൻ ഇന്ത്യൻ സർവ്വകലാശാലകളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്ന യുകെ ആസ്ഥാനമായ പ്രമുഖ സ്ഥാപനമാണ് ഐഎസ് ഡിസി

പുതിയ പങ്കാളിത്തത്തിലൂടെ കേരള സർവകലാശാലയ്ക്ക് കൊമേഴ്‌സ് ബിരുദ പഠനത്തോടൊപ്പം എസിസിഎ (ACCA) യോഗ്യതയും വിദ്യാർത്ഥികൾക്ക് നൽകാൻ സാധിക്കും. കൂടാതെ, എസിസിഎ യോഗ്യതയ്ക്കായി ബികോം കോഴ്‌സിന്റെ ഭാഗമായുള്ള പേപ്പറുകളിൽ ഇളവ് ലഭിക്കാനും വിദ്യാർത്ഥികൾക്ക് അവസരമൊരുക്കും. ബി.കോമിനുള്ള എസിസിഎ അക്രെഡിറ്റേഷനോടൊപ്പം; അനലിറ്റിക്‌സ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ വിവിധ മേഖലകളിലെ നിരവധി ആഗോള യോഗ്യതകൾ, അക്രെഡിറ്റേഷനുകൾ, അംഗത്വങ്ങൾ എന്നിവയ്ക്കുള്ള അവസരങ്ങളും ഈ പങ്കാളിത്തത്തിലൂടെ തുറക്കുന്നു. ഇത്തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യം കരസ്ഥമാക്കുന്നതിനായി കേരളത്തിലെ വിദ്യാർത്ഥികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ കുറേ വർഷങ്ങളായി കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുമായും പ്രമുഖ സ്വയംഭരണ കോളേജുകളുമായും സഹകരിച്ച് പ്രവർത്തിച്ച് വരികയാണ് ഐഎസ് ഡിസി.

ആഗോള വ്യവസായ കേന്ദ്രീകൃത പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനും പരിഹരിക്കുന്നതിനും ഈ ത്രിവത്സര എസിസിഎ അക്രെഡിറ്റഡ് കൊമേഴ്‌സ് ബിരുദ കോഴ്‌സ് വിദ്യാർത്ഥികളെ പ്രാപ്തരാക്കും.

തീവ്ര പരിശീലനം, വെബിനാറുകൾ എന്നിവയിലൂടെ ആഗോളതലത്തിലുള്ള വ്യവസായ-അധിഷ്ഠിത ഫിനാൻസ്, അനലിറ്റിക്‌സ് ടൂൾ, സ്ട്രാറ്റജി, മാനേജ്മെന്റ് തുടങ്ങിയവയെക്കുറിച്ചുള്ള വ്യക്തമായ ധാരണയും വിദ്യാർത്ഥികൾക്ക് ലഭിക്കും. പ്രൊഫഷണൽ അക്കൗണ്ടന്റുമാരുടെ ആഗോള സംഘടനയായ എസിസിഎ, ലോകമെമ്പാടും, പ്രത്യേകിച്ച് തൊഴിൽ ദാതാക്കൾക്കിടയിൽ അംഗീകരിക്കപ്പെട്ട സംഘടനയാണ്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യം ലഭ്യമാക്കുന്നതിനായി നിലവിൽ യുകെയിലെ 60-ഓളം സർവകലാശാലകൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ സർവകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ഐഎസ് ഡിസി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിൽ തന്നെ 300-ഓളം സർവകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിക്കുന്ന സ്ഥാപനമാണ് ഐഎസ് ഡിസി.

കൂടുതൽ വിവരങ്ങൾക്ക് : www.isdcglobal.org സന്ദർശിക്കുക.