ന്യൂ ഡൽഹി, ജനുവരി 11, 2024: നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് (എം എസ് ഡി ഇ ) കീഴിലുള്ള നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എൻ എസ് ഡി സി) അഖിലേന്ത്യാ തലത്തിൽ ഇന്ത്യാ സ്‌കിൽസ് 2023-24 മത്സരം സംഘടിപ്പിക്കുന്നു. രാജ്യത്തെ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ പങ്കാളിത്തമാണ് മത്സരത്തിൽ പ്രതീക്ഷിക്കുന്നത്. നിരവധി അവസരങ്ങൾ ലഭിക്കുന്ന ഒരു ഭാവി വാഗ്ദാനം ചെയ്തുകൊണ്ടാണ് വ്യക്തികളുടെ കഴിവുകൾ ആഘോഷിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി താത്പര്യം അറിയിച്ചുകൊണ്ട് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും നിരവധിപേർ മുന്നോട്ട് വരുന്നത് പരിഗണിച്ച് മത്സരത്തിൽ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷന്റെ 2024 ജനുവരി 15 വരെ നീട്ടി. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയാക്കി ഇന്ത്യയെ ഉയർത്തുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്‌ച്ചപ്പാടുമായി ചേർന്നുനിന്നുകൊണ്ട് ആഗോളതലത്തിൽ തൊഴിലവസരങ്ങൾ നൽകുകയും, പരമ്പരാഗത - നവ തൊഴിൽ മേഖലകളിൽ പ്രാവീണ്യം ഉറപ്പാക്കുകയും ഇതിലൂടെ ചെയ്യുന്നു.

സ്‌കിൽ ഇന്ത്യ ഡിജിറ്റൽ വെബ്സൈറ്റിലൂടെ ഉദ്യോഗാർഥികൾക്ക് രജിസ്ട്രേഷൻ നടത്താം. ജില്ല, സംസ്ഥാന, സോണൽ തല മത്സരങ്ങൾക്ക് ശേഷമായിരിക്കും അഖിലേന്ത്യാ തലത്തിലലേക്ക് മത്സരാർഥികളെ കണ്ടെത്തുന്നത്. ഈ വർഷം ഫ്രാൻസിൽ വെച്ചു നടക്കുന്ന വേൾഡ് സ്‌കിൽ കോംപറ്റീഷൻ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുവാനുള്ള അവസരമാണ് അന്തിമ വിജയികളെ കാത്തിരിക്കുന്നത്. കൺസ്ട്രക്ഷൻ, ബിൽഡിങ് ടെക്നോളജി, ഓട്ടോമോട്ടീവ് ടെക്നോളജി, ഫാഷൻ ഡിസൈനിങ്, ഹെയർ ഡ്രസ്സിങ്, ബേക്കിങ്, ഇൻഡസ്ട്രി 4.0, സൈബർ സെക്യൂരിറ്റി തുടങ്ങി 60ൽ അധികം വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുക.