കാസർഗോഡ്: സംസ്ഥാന സർക്കാരും കായിക വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായുള്ള ടൂർ ഡി കേരള സൈക്ലത്തോൻ ഇന്ന് (12/ 01/ 2024, വെള്ളിയാഴ്ച) കാസർഗോഡ് നിന്നും ആരംഭിക്കും. രാവിലെ 11 മണിക്ക് കളക്ടറേറ്റ് അങ്കണത്തിൽ വെച്ച് ഫ്ലാഗ് ഓഫ് ചെയ്യും. ഈ മാസം 23 മുതൽ 26 വരെ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബിൽ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സൈക്ലത്തോൻ സംഘടിപ്പിക്കുന്നത്.

12 ദിവസത്തോളം നീളുന്ന ഈ സൈക്കിളോട്ടം 23ന് തിരുവനന്തപുരത്ത് സമാപിക്കും. ഉച്ചകോടിയുടെ വാഹന പ്രചാരണ ജാഥയും സൈക്ലത്തോണിനെ അനുഗമിക്കും.

'ഒരൊറ്റ ലക്ഷ്യത്തിലേക്ക് കേരളം ഒരുമിച്ച്' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കെ-വാക്ക് എന്ന മെഗാ വാക്കത്തോണും സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 22 നാണ് വൈകുന്നേരം നാലു മണി മുതൽ 9 മണി വരെയാണ് ഈ പരിപാടി. 'എല്ലാവർക്കും ആരോഗ്യം, എല്ലാവർക്കും കായികക്ഷമത' എന്ന മുദ്രാവാക്യവുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജനുവരി 23 മുഖ്യമന്ത്രി പിണറായി വിജയൻ കായിക ഉച്ചകോടി ഉദ്ഘാടനം ചെയ്യും. കായിക കലാ രൂപങ്ങൾ സമന്വയിക്കുന്ന സാംസ്കാരിക പ്രകടനവും ഉദ്ഘാടന ദിവസം അരങ്ങേറും. സ്പോർട്സ് പ്രധാന പ്രമേയമായ മ്യൂസിക് ബാൻഡിന്റെ പ്രകടനവും ഉണ്ടാകും.

ഇന്ത്യയിലാദ്യമായി കേരളം രൂപം നൽകിയ പുതിയ കായിക നയം വിഭാവനം ചെയ്യുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിന് സ്വകാര്യമേഖലയെ കൂടി പങ്കാളികളാക്കുന്നതിനും കായിക സമ്പദ്ഘടന വികസിപ്പിക്കുകയും മികച്ച കായിക പശ്ചാത്തലസൗകര്യ വികസനം ത്വരിതപ്പെടുത്തുകയുമാണ് ഉച്ചകോടിയുടെ ലക്ഷ്യം.

13 വിഷയങ്ങളിലായി 105 ദേശീയ, അന്തർദേശീയ വിദഗ്ദ്ധർ പങ്കെടുക്കുന്ന കോൺഫറൻസുകളും ഉച്ചകോടിയുടെ ഭാഗമായി നടക്കും. സ്പോർട്സ് ഇക്കോണമി, സ്പോർട്സ് ഇൻഡസ്ട്രി, വെൽനെസ്, ലീഗുകളും വലിയ ചാമ്പ്യൻഷിപ്പുകളും, ഗ്രാസ്റൂട്ട്സ് ഡെവലപ്മെന്റ്, അക്കാദമികളും ഹൈ പെർഫോർമൻസ് സെന്ററുകളും, ഇ സ്പോർട്സ്, സ്പോർട്സ് സയൻസ്, ടെക്നോളജി & എൻജിനീയറിങ്, തദ്ദേശീയ കായിക രൂപങ്ങൾ തുടങ്ങിയവയാണ് പ്രധാന കോൺഫറൻസ് തീമുകൾ.

റിസർച്ച് പേപ്പറുകളുടെ അവതരണം, സ്റ്റാർട്ടപ്പ് പിച്ച്, ഇൻവെസ്റ്റർ കോൺക്ലേവ്, എക്സിബിഷൻ, ബയർ - സെല്ലർ മീറ്റ്, ഇ സ്പോർട്സ് ഷോക്കേസ്, സ്പോർട്സ് കമ്മ്യൂണിറ്റി നെറ്റ്‌വർക്കിങ്, സ്പോർട്സ് പ്രമേയമായ സിനിമകളുടെ പ്രദർശനം, ഹെൽത്തി ഫുഡ് ഫെസ്റ്റിവൽ, മോട്ടോർ ഷോ തുടങ്ങിയവയാണ് പ്രധാന പരിപാടികൾ.