തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റിന്റെ വികസന ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര തിരുവനന്തപുരം നഗരത്തിൽ പാളയത്തും പേരൂർക്കടയിലും ഇന്ന് (12.01.2024) പര്യടനം നടത്തി.

രാവിലെ ഫെഡറൽ ബാങ്ക് പാളയം ശാഖയുടെ ആഭിമുഖ്യത്തിൽ ചന്ദ്ര ശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന പരിപാടി ബ്രാഞ്ച് മാനേജർ വി. എസ്. നിഷ ഉദ്ഘാടനം ചെയ്തു. തപാൽ വകുപ്പ് നോർത്ത് ഡിവിഷൻ അസിസ്റ്റന്റ് സൂപ്രണ്ടന്റ് ടി. ജയ റാണി, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഫീൽഡ് എക്‌സിബിഷൻ ഓഫിസർ ജൂണി ജേക്കബ്, തപാൽ വകുപ്പ് പബ്ലിക് റിലേഷൻ ഇൻസ്‌പെക്ടർ എൻ. അമ്പിളി കുമാർ, ഫെഡറൽ ബാങ്ക് പാളയം ശാഖ മാനേജർ ആർ. ലക്ഷ്മി, അസിസ്റ്റന്റ് മാനേജർ എം. ജി മനു, ധനകാര്യ സാക്ഷരതാ കൗൺസിലർ ശിവരാജൻ പിള്ള , പി. ശിവകുമാർ എന്നിവർ സംസാരിച്ചു.

ഉച്ചയ്ക്ക് ശേഷം പേരൂർക്കട ഇന്ത്യൻ ഓവർസീസ് ബാങ്ക് ശാഖയിൽ നടന്ന പരിപാടി ബാങ്ക് സീനിയർ മാനേജർ കെ. എസ്. മനോജ് ഉദ്ഘാടനം ചെയ്തു. തപാൽ വകുപ്പ് സൗത്ത് ഡിവിഷൻ സൂപ്രണ്ടന്റ് അജിത് കുര്യൻ, തപാൽ വകുപ്പ് ഡെവലപ്പ്‌മെന്റ് ഓഫിസർ സജിത്ത് ശാന്തകുമാർ, ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ആർ. ഗിരീഷ് കുമാർ, സനൽ കുമാർ, ജി.ഉണ്ണി കൃഷ്ണൻ എന്നിവർ കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

ആറ് ഉപഭോക്താക്കൾക്ക് ഉജ്ജ്വല യോജനയുടെ കീഴിൽ സൗജന്യ ഗ്യാസ് കണക്ഷനുകൾ വിതരണം ചെയ്തു. തപാൽ വകുപ്പിന്റെ മഹിളാ സമ്മാൻ സേവിങ് സർട്ടിഫിക്കറ്റ് സ്‌കീമിൽ ചേർന്നവർക്ക് പാസ് ബുക്ക് വിതരണം ചെയ്തു. കോർപറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലും ആറ്റിങ്ങൽ, വർക്കല, നെയ്യാറ്റിൻകര, നെടുമങ്ങാട് മുനിസിപ്പാലിറ്റികളിലും വികസിത് ഭാരത് സങ്കൽപ്പ് യാത്ര ഈ മാസം 25 വരെ പര്യടനം നടത്തും. ലീഡ് ബാങ്ക് നേതൃത്വം നൽകുന്ന പരിപാടിയിൽ ആധാർ അപ്‌ഡേഷൻ സൗകര്യങ്ങൾ, HLL ലൈഫ് കെയർ ലിമിറ്റഡ് ഹിന്ദ് ലാബിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ്, കേന്ദ്ര സർക്കാരിന്റെ വിവിധ സാമൂഹിക സുരക്ഷ സ്‌കീമുകളിൽ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള ലഘു വിഡിയോ ചിത്രവുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വികസിത് ഭാരത് സങ്കൽപ്പ് യാത്ര വാനും ഉണ്ടാകും.

നഗരത്തിലെ അടുത്ത വികസിത് ഭാരത് സങ്കൽപ്പ് യാത്ര പരിപാടി തിങ്കളാഴ്ച ( (15.01.2024 ) ആറ്റുകാൽ (ധനലക്ഷ്മി ബാങ്ക്), കിള്ളിപ്പാലം (ഇന്ത്യൻ ഓവർസീസ് ബാങ്ക് ) എന്നിവിടങ്ങളിൽ നടക്കും.