തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ ഏകാകിയായിരുന്നു. സർഗ്ഗശക്തിയുടെ ഊററത്തിനൊപ്പം വിവാദങ്ങളും കോലാഹലങ്ങളും നിറഞ്ഞ ജീവിതം നയിച്ച പൊതുവാൾ ജീവിതപാതയിൽ ധീരതയോടെ നടന്നു. ശുഭവസ്ത്രധാരിയായിരുന്ന ഈ മനീഷിയുടെ മനോമണ്ഡലത്തിനും സ്വക്ഷേത്ര പ്രഭാവത്തിനും തുല്യമായി മറ്റൊരു വ്യക്തിത്വം കഥകളിയുടെ ഗീത-വാദ്യ പരമ്പരയിൽ ഉണ്ടായിട്ടില്യ. കാലം ചെല്ലുംതോറും അദ്ദേഹത്തിന്റെ അഭാവം കൂടുതൽ കൂടുതൽ തിരിച്ചറിയപ്പെടുക തന്നെ ചെയ്യും.

കഥകളിയുടെ ഇതിഹാസം കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ ജന്മശതാബ്ദി 2024 മെയ് 28നു ആണ്. അദ്ദേഹത്തിന്റെ സ്മരണ ശാശ്വതീകരിക്കുന്നതിനായി 2023 ജൂൺ മാസം മുതൽ കഥകളി ക്ലബ്ബുകളുടെയും സംഘാടകരുടെയും സഹകരണത്തോടെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്ദിയാഘോഷത്തിനു തുടക്കം കുറിച്ചിരിക്കുന്നു.

ചാലക്കുടി നമ്പീശൻ സ്മാരക കഥകളി ക്ലബ് ജനുവരി 20നു ശനിയാഴ്ച മുരിങ്ങൂർ കണക്കാംപറമ്പിൽ മുല്ലക്കൽ ഭഗവതി ക്ഷേത്രം ഹാളിൽ രാവിലെ പത്തു മണിക്ക് നടത്തുന്ന അനുസ്മരണ യോഗത്തിൽ കഥകളി നിരൂപകനും കലാമണ്ഡലം പ്രവർത്തക സമിതി അംഗവും ഡീനുമായ രാജാനന്ദ് അനുസ്മരണ പ്രഭാഷണം നടത്തും. ടി എ മേനോൻ അധ്യക്ഷനാകുന്ന അനുസ്മരണ യോഗത്തിനു കെ എൻ ചന്ദ്രൻ സ്വാഗതം നേരും. ശ്രീ എം മുരളീധൻ നന്ദി രേഖപ്പെടുത്തും.

തുടർന്ന് നളചരിതം മൂന്നാം ദിവസം കഥകളിയിൽ കലാമണ്ഡലം അരുൺ വാരിയർ (നളനും), കലാമണ്ഡലം ശ്രീറാം (കാർക്കോടകനും), കോട്ടക്കൽ ഹരികുമാർ (ബാഹുകനും) കലാമണ്ഡലം വിഘ്നേശ് (ഋതുപര്ണനും), കലാമണ്ഡലം സായ് കാർത്തിക് (ജീവലനും) കലാമണ്ഡലം കൃഷ്ണദാസ് (വാർഷ്‌ണേയനും) കലാമണ്ഡലം ശബരീനാഥ് *സുദേവനായും), വിഷ്ണുമോൻ (ദമയന്തിയായും), വേഷമിടുമ്പോൾ സർവ്വശ്രീ കലാമണ്ഡലം വിനോദ്, കലാമണ്ഡലം വിഷ്ണു, കലാമണ്ഡലം കൃഷ്ണകുമാർ (സംഗീതം), സർവ്വശ്രീ സദനം രാമകൃഷ്ണൻ, കലാമണ്ഡലം നിധിൻ കൃഷ്ണ (ചെണ്ട), സർവ്വശ്രീ കലാമണ്ഡലം അനീഷ്, കലാമണ്ഡലം രാംദാസ് (മദ്ദളം), ഏരൂർ മനോജ് (ചുട്ടി), തൃപ്പുണിത്തുറ ശശി മുതൽപേർ അണിയറയിലും പങ്കെടുക്കുന്ന കഥകളിക്കു ചമയ മൊരുക്കുന്നത് ശ്രീഭവാനീശ്വരി കഥകളി യോഗവും ഡീലൈറ് അന്നനാട് ശബ്ദവും വെളിച്ചവും സജ്ജമാക്കുന്നു

വൈക്കം കഥകളി ക്ലബ് 2023 ജൂൺ 25നും, നോർത്ത് പറവൂർ കളിയരങ് ജൂലൈ 09നും, ഓഗസ്റ്റ് 12നു പെരുമ്പാവൂർ കഥകളി ക്ലബും ഓഗസ്റ്റ് 26നു തോടയം കഥകളി യോഗവും സെപ്റ്റംബര് 03നു കോട്ടയം കളിയരങ്ങും, ഒക്ടോബര് 13നു തൃപ്പുണിത്തുറ കഥകളി കേന്ദ്രവും ഒക്ടോബര് 14നു ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സും നവംബർ 19നു തൃശൂർ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലും ഡിസംബർ 21നു എറണാകുളം കരയോഗം കഥകള് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടി ഡി എം കാവേരി ഹാളിൽ വെച്ചും പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് ജനുവരി 11നു നടത്തിയ അനുസ്മരണ യോഗത്തിൽ കലാമണ്ഡലം റിട്ടയേർഡ് പ്രിൻസിപ്പലും കഥകളി മേള വിദഗ്ദ്ധനുമായ കലാമണ്ഡലം ഉണ്ണികൃഷ്ണൻ തന്റെ മാനസഗുരുവിനെ അനുസ്മരിച്ചു.