തിരുവനന്തപുരം, ജനുവരി 16, 2024: ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളിൽ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റുകൾ ഉദ്ഘാടനം ചെയ്തു.

പത്ത് വർഷത്തിലേറെയായി കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കമ്പനി ഇത്തരത്തിലൊരു പ്രവർത്തനത്തിനു തുടക്കമിട്ടത്. ശുദ്ധജലം ലഭ്യമല്ലാത്ത അവസ്ഥ മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ ജനങ്ങൾക്കിടയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ട്. ഈ രണ്ടു ഗ്രാമങ്ങളിലും സ്ഥാപിച്ച ജല ശുദ്ധീകരണ പ്ലാന്റുകളുടെ ഉദ്ഘാടനം രണ്ട് ചടങ്ങുകളിലായി നടന്നു. അഡോപ്റ്റ് എ വില്ലേജ് പദ്ധതിയുടെ ഭാഗമായി, യുഎസ് ടി കൊച്ചി കേന്ദ്രത്തിലെ സിഎസ്ആർ ടീമിന്റെ നേതൃത്വത്തിലാണ് ജലശുദ്ധീകരണ പ്ലാന്റുകൾ ആരംഭിച്ച് തദ്ദേശവാസികളായ ജനങ്ങൾക്ക് സമർപ്പിച്ചത്.

വലിയ തോതിൽ കുടിവെള്ള ക്ഷാമം നേരിടുന്ന രണ്ട് ഗ്രാമങ്ങളിലെയും ധാരാളം ഗുണഭോക്താക്കൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പ്ലാന്റുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രാദേശിക കമ്മിറ്റികൾക്ക് യു എസ് ടി കൊച്ചി സി എസ് ആർ ടീം പ്രവർത്തന ചുമതല കൈമാറി. മിത്രക്കരിയിലെ 5000 ത്തോളം താമസക്കാരടങ്ങുന്ന 1000 കുടുംബങ്ങൾക്കും, ഊരുക്കരിയിലെ 2500 ഓളം പ്രദേശവാസികൾ ഉൾപ്പെടുന്ന 500 കുടുംബങ്ങൾക്കും കുടിവെള്ളത്തിനും പാചകത്തിനും മറ്റ് വീട്ടാവശ്യങ്ങൾക്കും ഈ പ്ലാന്റുകൾ ജലസ്രോതസ്സാകും.

യു എസ് ടി കൊച്ചി സി എസ് ആർ അംബാസഡർ പ്രശാന്ത് സുബ്രഹ്മണ്യൻ, മറ്റ് ഭാരവാഹികളായ ദീപാ ചന്ദ്രൻ, ഷൈൻ വർഗീസ്, ദീപേഷ് ചന്ദ്രൻ, മനോജ് മുരളീധരൻ എന്നിവർ സ്വിച്ച് ഓൺ ചടങ്ങിൽ സന്നിഹിതരായിരുന്നു. രണ്ട് ഗ്രാമങ്ങളിലെയും ചടങ്ങുകളിൽ മിത്രക്കരി, ഊരുക്കരി പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. കുട്ടനാട്ടിലെ സാമൂഹ്യ പ്രവർത്തകരും പദ്ധതിക്ക് പിന്തുണ നൽകുകയും പരിപാടിയുടെ ഭാഗമാകുകയും ചെയ്തു.

''ഒരു ദശാബ്ദത്തിലേറെയായി മിത്രക്കരിയിലെയും ഊരുക്കരിയിലെയും ജനങ്ങൾ നേരിടുന്ന രൂക്ഷമായ ജലക്ഷാമ പ്രതിസന്ധിയിൽ നിന്ന് കരകയറാനുതകുന്ന ഈ സംരംഭം വിഭാവനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യാൻ കഴിഞ്ഞിരിക്കുകയാണ്. കുടിവെള്ളം ലഭ്യമല്ലാത്തത് മിത്രക്കരി, ഊരുക്കരി എന്നീ കുട്ടനാടൻ ഗ്രാമങ്ങളിലെ ജനങ്ങൾ നേരിടുന്ന പ്രശ്നമായിരുന്നു, മാത്രമല്ല, അതുമൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉടലെടുത്തിട്ടുമുണ്ട്. യു എസ് ടി യുടെ ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണന്റെയും ആഗോള സി എസ് ആർ മേധാവി സ്മിത ശർമയുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സി എസ് ആർ ടീമിന്റെ ശ്രമങ്ങൾ രണ്ടു ഗ്രാമങ്ങളിലെയും കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പ്രായോഗികമായ പരിഹാരം കണ്ടെത്താൻ സഹായിക്കുമെന്നതിൽ യു എസ് ടിക്ക് ചാരിതാർഥ്യമുണ്ട്,' യു എസ് ടി കൊച്ചി സിഎസ്ആർ അംബാസഡർ പ്രശാന്ത് സുബ്രഹ്മണ്യൻ പറഞ്ഞു. യു എസ് ടി കൊച്ചിയിലെ സി എസ് ആർ ലീഡർ ദീപാ ചന്ദ്രനും രണ്ട് ഗ്രാമങ്ങളിലെ സമ്മേളനങ്ങളെ അഭിസംബോധന ചെയ്തു.

കിണർ, പ്രീ-ഫിൽട്ടറേഷൻ, ക്ലോറിനേഷൻ ടാങ്ക്, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ ഫിൽട്ടർ ചെയ്യുന്ന സംവിധാനം, കാർബൺ ഫിൽട്ടർ, യുവി ഫിൽട്ടർ, വിതരണ ടാങ്ക് എന്നിവ മിത്രക്കരി ഗ്രാമത്തിലെ ജലശുദ്ധീകരണ പ്ലാന്റിൽ ഉൾപ്പെടുന്നു. കിണർ, പ്രീ-ഫിൽട്ടറേഷൻ ടാങ്ക്, ഇരുമ്പ് ഫിൽട്ടർ, കാർബൺ ഫിൽട്ടർ, ആർ ഒ പ്രോസസ്, യുവി ഫിൽട്ടർ, സപ്ലൈ ടാങ്ക്, വാട്ടർ പമ്പ് റൂം എന്നിവ ഉൾപ്പെടുന്നതാണ് ഊരുക്കരി വില്ലേജിലെ പ്ലാന്റ്.പുതിയ രണ്ട് ജലശുദ്ധീകരണ പ്ലാന്റുകൾ ലഭിച്ചതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് പ്രദേശവാസികൾ അറിയിച്ചു. 'ദീർഘകാലമായി ഞങ്ങളനുഭവിക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തിയെന്നും അവർ ചൂണ്ടിക്കാട്ടി. മിത്രക്കരി, ഊരുക്കരി ഗ്രാമങ്ങളിലെ നിരവധി കുടുംബങ്ങളെ അലട്ടുന്ന പ്രശ്നം പരിഹരിക്കാൻ യുഎസ്‌ടിയും സിഎസ്ആർ ടീമും സ്വീകരിച്ച നടപടികളോട് ഞങ്ങൾക്ക് ഏറെ നന്ദിയുണ്ടെന്നും പറഞ്ഞു.

ആരോഗ്യ ക്യാമ്പുകളും വിദ്യാഭ്യാസ സഹായങ്ങളും മറ്റും നൽകിക്കൊണ്ട് രണ്ട് ഗ്രാമങ്ങളിലെ ജനങ്ങൾക്ക് തുടർന്നും പിന്തുണ നൽകുന്നതിനുള്ള നടപടികളും യു എസ് ടി മുന്നോട്ട് വച്ചിട്ടുണ്ട്. മിത്രക്കരി, ഊരുക്കരി ഗ്രാമങ്ങൾക്ക് പുറമെ കുട്ടനാട്ടിലെ കൂടുതൽ പഞ്ചായത്തുകളും യു എസ് ടിയുടെ സിഎസ്ആർ പദ്ധതിയിലൂടെ സഹായ പ്രവർത്തനങ്ങൾ നടപ്പിലാക്കും.