ൾ ഇന്ത്യ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷന്റെ (ഐ.ഐ.ഒ.ടി.എ) അറുപത്തിയൊന്നാമത് ദേശീയസമ്മേളനത്തിന് കൊച്ചി ആതിഥേയത്വം വഹിക്കും. ജനുവരി 19 മുതൽ 21 വരെ കലൂരിലെ ഗോകുലം പാർക്ക് ഹോട്ടലിൽ നടക്കുന്ന പരിപാടി കേരള ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷനാണ് സംഘടിപ്പിക്കുന്നത്.

''ഒക്യുപേഷണൽ തെറാപ്പിയിലൂടെ മായാജാലം സൃഷ്ടിക്കാം'' എന്നതാണ് ഇത്തവണത്തെ പ്രമേയം. ഈ മേഖലയിലെ നൂതനമായ സാങ്കേതികവിദ്യകളും രീതികളും പ്രശ്നപരിഹാരമാർഗങ്ങളും സമ്മേളനത്തിൽ ചർച്ചയാകും. ഗവേഷകർക്കും ഒക്യുപേഷണൽതെറാപ്പി ചെയ്യുന്നവർക്കും അവരുടെ അറിവും അനുഭവങ്ങളും നേരിട്ട് പങ്കുവെക്കാനുള്ള ഒരു വേദികൂടിയാണിത്.

ഇരിഞ്ഞാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷന്റെയുംനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്ക് സൗജന്യ ഭിന്നശേഷിനിർണയവും രക്ഷിതാക്കൾക്ക് പരിശീലനവും നൽകുന്ന ''ചിറക്'' പദ്ധതിയും ഇതിനോടനുബന്ധിച്ച് നടക്കും. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചാനിരക്ക് സൗജന്യമായി പരിശോധിക്കാൻ അവസരമുണ്ടാകും. മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും പ്രത്യേക ക്ലാസുകളും നടത്തും. കുട്ടികളുടെ വൈകാരിക, സ്വഭാവ സവിശേഷതകൾ തിരിച്ചറിയാനും മനസ്സിലാക്കാനും പ്രയാസപ്പെടുന്നവർക്ക് ഈ സെഷൻ പ്രയോജനപ്പെടും. സംശയങ്ങൾക്ക് വിദഗ്ധരിൽ നിന്ന് മറുപടിയും ലഭ്യമാകും.

15ൽ അധികം രാജ്യങ്ങളിൽ നിന്നായി ആയിരത്തിലധികം പേർ ഓറ്റിക്കോൺ- 2024ൽ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട പതിനഞ്ചോളം വിശിഷ്ടവ്യക്തികൾ സമ്മേളനത്തിൽ സംസാരിക്കും. മുപ്പതോളം വിദ്യാർത്ഥികൾ ഗവേഷണ പ്രബന്ധങ്ങളും പോസ്റ്ററുകളും അവതരിപ്പിക്കും. ഒക്യുപേഷണൽതെറാപ്പി രംഗത്ത് ആഗോളതലത്തിൽ നടക്കുന്ന ഏറ്റവും വിപുലമായ സമ്മേളനങ്ങളിൽ ഒന്നാണ് ഓറ്റിക്കോൺ 2024. വർഷത്തിലൊരിക്കലാണ് ഐ.ഐ.ഒ.ടി.എ സമ്മേളനം സംഘടിപ്പിക്കുന്നത്.

ഒക്യുപേഷണൽതെറാപ്പി രംഗത്താകെ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുള്ള പരിപാടിയാണ് ഓറ്റിക്കോൺ. പത്ത് വർഷങ്ങൾക്ക് ശേഷം സമ്മേളനം വീണ്ടും കേരളത്തിൽ നടത്താനുള്ള അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് കേരള ഒക്യുപേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോസഫ് സണ്ണി പറഞ്ഞു. 2013 ൽ കേരളത്തിൽ നടന്ന സമ്മേളനത്തിന് ശേഷം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലും ഉൾപ്പെടെ, സംസ്ഥാനത്തെ മുൻനിര കേന്ദ്രങ്ങളിൽ ഒക്യുപേഷണൽ തെറാപ്പി കോഴ്‌സുകൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ഗവണ്മെന്റ് പ്രോജക്ടുകളിലും സേവനങ്ങളിലും ഒക്യുപേഷണൽതെറാപ്പിസ്റ്റുകളെ നിയമിക്കുന്നതിനും ഇത് വഴിയൊരുക്കി.

ശാരീരികമോ മാനസികമോ വൈകാരികമോ ആയ പ്രശ്‌നങ്ങളുള്ള വ്യക്തികളെ അവരുടെ ദൈനംദിന ജീവിതത്തിലെ പ്രവർത്തികൾ ചെയ്യാൻ സഹായിക്കുന്ന വൈദ്യശാസ്ത്ര ശാഖയാണ് ഒക്കുപ്പേഷണൽ തെറാപ്പി. അസുഖങ്ങൾ കാരണമോ പരിക്ക് കാരണമോ വൈകല്യങ്ങൾ കാരണമോ ശാരീരിക പരിമിതികൾ നേരിടുന്നവർക്ക് ഏറെ പ്രയോജനപ്രദമാണ് ഒക്യുപേഷണൽ തെറാപ്പി. ഇതിന് പ്രായം ഒരു തടസമല്ല.

ഓറ്റിക്കോൺ സമ്മേളനത്തോട് അനുബന്ധിച്ച് തെരുവ് നാടകമുൾപ്പെടെ പതിനഞ്ചോളം കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും.

സമ്മേളനത്തിന്റെ സംഘാടക സെക്രട്ടറി ഡോ. ജോസഫ് സണ്ണി, കേരള ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. മേരി ഫിലിപ്പ്, സെക്രട്ടറി ഡോ. അനു ജോൺ,എന്നിവർ എറണാകുളം പ്രസ്‌ക്ലബിൽ മാധ്യമങ്ങളോട് സംസാരിച്ചു.