ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണി വികസന ഏജൻസിയായ അസാപ് കേരളയുടെ 15-ാമത് കമ്യൂണിറ്റി സ്‌കിൽ പാർക്കും ഇ-ലേണിങ് ലാബും മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മൂന്ന് നിലകളിലായി 28,952 ചതുരശ്രഅടി വിസ്തീർണ്ണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെ സജ്ജമാക്കിയ സ്‌കിൽ പാർക്കിൽ നൂതനവും വിപണിയിൽ ഡിമാൻഡുള്ള നൈപുണ്യ പരിശീലന കോഴ്‌സുകളാണ് നൽകുന്നത്. ഉദ്ഘാടന ചടങ്ങിൽ ആലപ്പുഴ എംഎ‍ൽഎ പി പി ചിത്തരഞ്ജൻ അധ്യക്ഷനായി.

''ആയിരക്കണക്കിന് യുവജനങ്ങൾക്ക് പുതിയ വൈജ്ഞാനിക തൊഴിൽ മേഖലകളിൽ മികച്ച അവസരം കണ്ടെത്താനും അതിനാവശ്യമായ നൈപുണി പരിശീലനം അവർക്ക് നൽകാനും അസാപ് കേരളയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ദേശീയ തലത്തിൽ തന്നെ മികച്ച ഏജൻസിയായി അസാപ് മാറിക്കഴിഞ്ഞിരിക്കുന്നു. ആലപ്പുഴയിലെ തീരദേശ മേഖലയിലെ സാധാരണക്കാർക്ക് നൈപുണി പരിശീലനത്തിന് മികച്ച സംവിധാനങ്ങളും കോഴ്‌സുകളുമാണ് ചെറിയ കലവൂർ കമ്യൂണിറ്റ് സ്‌കിൽ പാർക്കിൽ ഒരുക്കിയിട്ടുള്ളത്,'' മന്ത്രി പറഞ്ഞു.

ചടങ്ങിന്റെ ഭാഗമായി കാരികേച്ചർ നൽകി വിശിഷ്ട അതിഥികളെ സ്വീകരിച്ചത് ഏറെ ശ്രദ്ധേയമായി. ആലപ്പുഴയിലെ കലാകാരന്മാരെ അനുമോദിക്കുകയും, യോഗ ഇൻസ്ട്രക്ടർ കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിർവ്വഹിച്ചു. കൂടാതെ, കലവൂർ സ്‌കിൽ പാർക്കിൽ ആസാപ് വിദ്യാർത്ഥികൾ ഒരുക്കിയ ആർട്ട്, മൊബൈൽ റിപ്പയർ, ബ്യൂട്ടി, സ്‌ക്യൂബ ഡൈവിങ് എന്നീ എക്‌സിബിഷൻ സന്ദർശിച്ച മന്ത്രി വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. എംഎ‍ൽഎ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് സ്‌കിൽ പാർക്കിലെ ഇ-ലേർണിങ് ലാബ് നിർമ്മിച്ചത്. ഇവിടെ നൂതന ഐടി കോഴ്‌സുകളാണ് ഒരുക്കുന്നത്.

 


കോഴ്‌സുകളും പരിശീലന പങ്കാളികളും

 

തീരദേശ മേഖലയിൽ തൊഴിലവസരങ്ങളുള്ള ഓപ്പൺ വാട്ടർ ഡൈവർ കോഴ്‌സ്, അഡ്വാൻസ് ഓപ്പൺ വാട്ടർ ഡൈവർ കോഴ്‌സ്, റെസ്‌ക്യൂ ഡൈവർ, ഡൈവ്മാസ്റ്റർ കോഴ്‌സ്, എമർജൻസി ഫസ്റ്റ് റെസ്‌പോൺസ്, PADI ഇൻസ്ട്രക്ടർ വികസന കോഴ്‌സ്, ഡിപ്ലോമ ഇൻ ഹെയർ ഡ്രസിങ്, ഡിപ്ലോമ ഇൻ പ്രൊഫഷണൽ മേക്കപ്പ്, ഡിപ്ലോമ ഇൻ കോസ്‌മെറ്റോളജി, ഡിപ്ലോമ ഇൻ ബ്യൂട്ടി തെറാപ്പി എന്നീ കോഴ്‌സുകളാണ് ഈ സ്‌കിൽ പാർക്കിൽ ഒരുക്കുന്നത്. ഇതിനായി ഓപൺ വാട്ടർ ഡൈവിങ് പരിശീലനം നൽകുന്ന ബോണ്ട് സഫാരിയുമായും, ബ്യൂട്ടി & മേക്കപ്പ് മേഖലയിലെ പ്രമുഖരായ നാച്ചുറൽസുമായും അസാപ് കേരള ധാരണയിലെത്തിയിട്ടുണ്ട്.

ചടങ്ങിൽ ഡോ. ഉഷ ടൈറ്റസ് (അസാപ് കേരള ചെയർപേഴ്സൺ & മാനേജിങ്ങ് ഡയറക്ടർ), കെ ജി രാജേശ്വരി, (ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), ജോയ് സെബാസ്റ്റ്യൻ (സി. ഇ. ഒ & കോ-ഫൗണ്ടർ ഡയറക്ടർ, ടെക്ജൻഷ്യ), കെ. ഡി. മഹീന്ദ്രൻ (പ്രസിഡന്റ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത്), കെ. കെ. ജയമ്മ (ചെയർപേഴ്‌സൺ, ആലപ്പുഴ മുനിസിപ്പാലിറ്റി) ടി. വി. അജിത്ത്കുമാർ (പ്രസിഡന്റ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്), പി.പി. സംഗീത (പ്രസിഡന്റ്, മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്) സുദർശനാഭായി (പ്രസിഡന്റ്, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത്), ജി. ബിജുമോൻ (പ്രസിഡന്റ്, ആര്യാട് ഗ്രാമപഞ്ചായത്ത് ), ലെഫ്: കമാൻഡർ സജിത്കുമാർ ഇ വി (റിട്ട.) (ഹെഡ് - അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്‌സ് ), രാകേഷ് കെ.വി (അസ്സോസിയേറ്റ് ഡയറക്ടർ, സി.എസ്‌പി സെൻട്രൽ സോൺ) തുടങ്ങിയവർ പങ്കെടുത്തു.