കൊച്ചി: ആഗോള തലത്തിൽ സുഗന്ധവ്യജ്ഞനങ്ങളുടെ ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് രൂപം നൽകുന്ന രാജ്യാന്തര സമിതിയായ കോഡെക്സ് കമ്മിറ്റി ഓൺ സ്പൈസസ് ആൻഡ് കുലിനറി ഹെർബ്സിന്റെ (സിസിഎസ്സിഎച്ച്) ഏഴാമത് വാർഷിക സമ്മേളനം കൊച്ചിയിൽ ആരംഭിച്ചു. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ കേന്ദ്ര വാണിജ്യ വകുപ്പ് അഡീഷനൽ സെക്രട്ടറി അമർദീപ് സിങ് ഭാട്ടിയ സമ്മേളനം ഉദ്ഘാടനം ചെയ്തു. 31 രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരടക്കം 109 പ്രതിനിധികളാണ് അഞ്ചു ദിവസം വിവിധ സെഷനുകളായി നടക്കുന്ന വിപുലമായ യോഗത്തിൽ പങ്കെടുക്കുന്നത്. ഏലം, മഞ്ഞൾ, തക്കോലം, വാനില തുടങ്ങി ആറ് സുഗന്ധവ്യജ്ഞനങ്ങളുടെ അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങൾക്ക് അന്തിമ രൂപം നൽകുകയാണ് ഈ സമ്മേളനത്തിന്റെ പ്രധാന അജണ്ട.

''ഗുണനിലവാര മാനദണ്ഡങ്ങൾ വ്യാപാരം സുഗമമാക്കണം, വ്യാപാര തടസ്സമാകരുത്. ഭാവിയെക്കുറിച്ചുള്ള ദീർഘവീക്ഷ്ണത്തോടുകൂടിയാവണം മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടത്. മാത്രമല്ല ആഗോളതലത്തിൽ മാനദണ്ഡങ്ങൾ സമന്വയിപ്പിക്കേണ്ടതുണ്ടെന്നും'' അന്താരാഷ്ട്ര വിപണിയിൽ സുഗന്ധവ്യഞ്ജനങ്ങളുടെ പ്രാധാന്യവും ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഏകീകൃത മാനദണ്ഡങ്ങളുടെ ആവശ്യകതയും പരാമർശിക്കവെ ശ്രീ അമർദീപ് സിങ് ഭാട്ടിയ അഭിപ്രായപ്പെട്ടു.

ഉദ്ഘാടന സെഷനിൽ സിസിഎസ്എച്ച് ചെയർപേഴ്സൻ ഡോ. എം ആർ സുദർശൻ ആമുഖ ഭാഷണം നടത്തി. സ്പൈസസ് ബോർഡ് സെക്രട്ടറി ഡി. സത്യൻ ഐഎഫ്എസ് സ്വാഗതം പറഞ്ഞു. കോഡെക്സ് സെക്രട്ടേറിയറ്റിനെ പ്രതിനിധീകരിച്ച് ഡോ ഹിൽഡെ ക്രുസെ, സ്പൈസസ് ബോർഡ് ഡയറക്ടർ ഡോ എ. ബി. രമ ശ്രീ എന്നിവർ സംസാരിച്ചു. കോഡെക്സ് അലിമെന്റേറിയസ് കമ്മീഷൻ അധ്യക്ഷൻ സ്റ്റീവ് വെർനെയുടെ റെക്കോർഡ് ചെയ്ത സന്ദേശവും ചടങ്ങിൽ അവതരിപ്പിച്ചു. ഫെബ്രുവരി രണ്ടിന് യോഗം സമാപിക്കും.

10 വർഷം പിന്നിട്ട കോഡെക്സ് കമ്മിറ്റി ഓൺ സ്പൈസസ് ആൻഡ് കുലിനറി ഹെർബ്സ് ആറു സെഷനുകളിലായി 11 ഇനം സുഗന്ധവ്യജ്ഞനങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾക്ക് രൂപം നൽകി. ഈ മാനദണ്ഡങ്ങൾക്ക് കോഡെക്സ് അലിമെന്റേറിയസ് കമ്മീഷൻ അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. സുഗന്ധവ്യജ്ഞനങ്ങളുടെ ഗുണമേന്മ, സുരക്ഷ, ഏകീകൃത മാനദണ്ഡങ്ങൾ എന്നിവ ഉറപ്പാക്കുകയാണ് സിസിഎസ്സിഎച്ചിന്റെ പ്രധാന ചുമതല.