തിരുവനന്തപുരം, 31 ജനുവരി 2024: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിയിലെ ജീവനക്കാർ നിർമ്മിച്ച 'സ്നേഹ വന്നു' എന്ന ഹ്രസ്വ ചിത്രത്തിന് രണ്ട് പുരസ്‌ക്കാരങ്ങൾ. 2023ലെ പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്‌ക്കാരവും പ്രേക്ഷക പുരസ്‌ക്കാരവുമാണ് ലഭിച്ചത്.

ടെക്കികളുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങളുടെ ആവിഷ്‌ക്കാരമാണ് 'സ്നേഹ വന്നു' എന്ന ഹ്രസ്വ ചിത്രം. സന്ദീപ് ചന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഹ്രസ്വ ചിത്രത്തിൽ ഋഷികേശ് രാധാകൃഷ്ണൻ, നിജിൻ രവീന്ദ്രൻ എന്നിവർ അവതരിപ്പിക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് ഉള്ളത്. ശ്രീപാദ് ചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. സന്ദീപ് ചന്ദ്രൻ, ഋഷികേശ് രാധാകൃഷ്ണൻ, നിജിൻ രവീന്ദ്രൻ, ശ്രീപാദ് ചന്ദ്രൻ എന്നിവർ യു എസ് ടി യുടെ തിരുവനന്തപുരം ക്യാമ്പസിലെ ജീവനക്കാരാണ്.

സംസ്ഥാനത്തെ ഐ.ടി ജീവനക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ പ്രതിധ്വനി എല്ലാ കൊല്ലവും നടത്തുന്ന ചലച്ചിത്രോത്സവമാണ് പ്രതിധ്വനി ക്വിസ. ഐ.ടി ജീവനക്കാർക്ക് സിനിമയിലുള്ള പ്രാഗൽഭ്യം അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് ഈ ഫിലിം ഫെസ്റ്റിവൽ. ഇക്കൊല്ലം 12ാമത്തെ പതിപ്പാണ് അരങ്ങേറിയത്. തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോ പാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിലെ 350ലധികമുള്ള ഐ.ടി കമ്പനികളിലെ ജീവനക്കാരെ എല്ലാ വർഷവും ആകർഷിച്ചുകൊണ്ടിരിക്കുകയാണ് ഈ ചലച്ചിത്ര മേള. കഴിഞ്ഞ കൊല്ലങ്ങളിലായി നാനൂറിലധികം ഹ്രസ്വചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. അവയെല്ലാം ഐ.ടി ജീവനക്കാർ നിർമ്മിച്ചവയായിരുന്നു.