ന്യൂയോർക് /മാരാമൺ ഫെബ്രുവരി 11 മുതൽ ആരംഭിക്കുന്ന 129_മത് മാരാമൺ കൺവൻഷന്റെ പന്തൽ ഓലമേയുന്ന ജോലികൾ വ്യാഴാഴ്ച (01/02/2024) രാവിലെ 7.30 ന് അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം എപ്പിസ്‌കോപ്പായുടെ പ്രാർത്ഥനയോടെ ആരംഭിച്ചു.

സുവിശേഷ പ്രസംഗ സംഘം ജനറൽ സെക്രട്ടറി എബി കെ ജോഷ്വാ അച്ചൻ, സഞ്ചാര സെക്രട്ടറി ജിജി വർഗ്ഗീസ് അച്ചൻ, ട്രഷറർ ഡോ. എബി തോമസ് വാരിക്കാട്, കറസ്‌പോണ്ടന്റ് സെക്രട്ടറി പ്രൊഫ. ഏബ്രഹാം പി മാത്യു, ഓലമേയൽ കൺവീനർമാരായ ശ്രീ പി കെ കുരുവിള, ശ്രീ ജിബു തോമസ് ജോൺ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ശ്രീ തോമസ് കോശി, ശ്രീ റ്റിജു എം. ജോർജ്ജ്, ശ്രീ പി പി അച്ചൻകുഞ്ഞ്, ശ്രീ സുബി തമ്പി, കോയിപ്പുറം ബ്‌ളോക്ക് പഞ്ചായത്ത് അംഗം ശ്രീ അനീഷ് കുന്നപ്പുഴ, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ റോയി ഫിലിപ്പ് ൺ, കോഴഞ്ചേരി, മാരാമൺ, ചിറയിറമ്പ് ഇടവകകളിലെ വികാരിമാർ, സുവിശേഷകർ, സമീപ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ എന്നിവർ പങ്കെടുത്തു.

മാരാമണ്ണിന് ചുറ്റുപാടുമുള്ള 30 പള്ളികളുടെ ചുമതലയിലാണ് ഓലമേയൽ നിർവഹിക്കുന്നത്. ഫെബ്രുവരി ആറാം തീയതിയോടുകൂടി ഓലമേയൽ പൂർത്തിയാകും. ഒരു ലക്ഷത്തിലധികം പേർക്ക് ഇരിക്കാവുന്ന വിശാലമായ പന്തലാണ് ക്രമീകരിച്ചിരിക്കുന്നത്. അത്യാധുനികമായ എല്ലാ സംവിധാനങ്ങളേയും മാറ്റിവെച്ച് പമ്പാനദിയിൽ രൂപപ്പെട്ട മണൽ തിട്ടയിൽ ഓലപ്പന്തൽ കെട്ടി തിരുവചനം കേൾക്കാൻ കാത്തിരിക്കുന്ന ജനം ലോകത്തിൽ തന്നെ അപൂർവമായ ഒരു കാഴ്ചയാണ്.